
ലണ്ടൻ : റഷ്യ യുക്രെയിൻ യുദ്ധം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഭീകരത വർദ്ധിക്കുകയാണ്. റഷ്യയുടെ ഏകാധിപതി എന്ന വിശേഷണമുള്ള വ്ളാഡിമിർ പുടിനെ അനുനയിപ്പിക്കുവാനോ അനുസരിപ്പിക്കുവാനോ ലോകത്ത് ആർക്കും കഴിയുന്നില്ലെന്നതാണ് വസ്തുത. റഷ്യയുടെ ശക്തിരൂപമായ യു എസ് എസ് ആറിന്റെ ചാര ഏജൻസിയായ കെജിബിയിൽ അംഗമായിരുന്ന പുടിന് എതിരാളിയുടെ മർമ്മത്ത് അടിക്കുക എന്നത് ചിട്ടയായ പഠനത്തിലൂടെ സിദ്ധിച്ചതാണ്. ശത്രുവിനെ അപ്രതീക്ഷിതമായി വളഞ്ഞാക്രമിക്കുന്ന രീതിയാണ് യുക്രെയിനിൽ പുടിൻ പുറത്തെടുത്തത്. സൈനിക പരിശീലനത്തിനെന്ന പേരിൽ അതിർത്തിയിൽ സൈന്യത്തെ എത്തിച്ച ശേഷം, പിൻവലിയുന്നു എന്ന തോന്നൽ സൃഷ്ടിച്ച ശേഷമാണ് പുടിൻ യുദ്ധം ആരംഭിച്ചത്. എതിരാളിക്ക് ആയുധം എടുക്കാനുള്ള സമയം നൽകുന്നതിന് മുൻപ് സൂര്യോദയത്തിന് മുൻപായി ആക്രമണം അഴിച്ചു വിടുകയായിരുന്നു. യുദ്ധം ഒഴിവാക്കാനായില്ലെങ്കിൽ ആദ്യം അടിക്കണം എന്ന തത്വത്തിലാണ് പുടിൻ വിശ്വസിക്കുന്നത്. റഷ്യയുടെ പ്രസിഡന്റായി അധികാരമേറ്റ സമയം ഇക്കാര്യം അദ്ദേഹം പരസ്യമാക്കിയിരുന്നു.
വാഷിംഗ് മെഷീനുമായി നാടുവിട്ട പഴയ ചാരൻ
1975 ൽ ലെനിൻഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം കരസ്ഥമാക്കിയ ശേഷമാണ് പുടിൻ സോവിയറ്റ് ചാര സംഘടനയായ കെ ജി ബിയിൽ അംഗമായത്. ചോര തിളയ്ക്കുന്ന 23ാമത്തെ വയസിൽ ചാരസംഘടനയിൽ ചേർന്ന പുടിന് എന്നാൽ വർഷങ്ങൾ കഴിയുന്തോറും തന്റെ രാജ്യം ക്ഷീണിക്കുന്ന കാഴ്ചയാണ് കാണാനായത്. അമേരിക്കയോടും സഖ്യകക്ഷികളോടും എതിരിടാൻ കഴിയാത്ത പഴയ പടക്കുതിരയായി ക്ഷീണിച്ച സോവിയറ്റ് യൂണിയൻ വൈകാതെ തകർന്നു. ഇക്കാലത്ത് കിഴക്കൻ ജർമനിയിലായിരുന്നു പുടിൻ ജോലി ചെയ്തിരുന്നത്. രാജ്യം തകർന്നപ്പോൾ തലസ്ഥാനമായ മോസ്‌കോയുമായുള്ള ബന്ധം നിലച്ചതോടെ പുടിൻ ആദ്യം ചെയ്തത് തന്റെ ഓഫീസിലെ രഹസ്യ രേഖകളെല്ലാം കത്തിച്ച് ചാമ്പലാക്കുകയായിരുന്നു. പിന്നാലെ അവിടെ ഉണ്ടായിരുന്ന കുറച്ച് സാധനങ്ങളുമായി നാട്ടിലേക്ക് മടങ്ങി. ഇതിൽ ഒരു വാഷിംഗ് മെഷീനുമുണ്ടായിരുന്നു. പരാജിതനായി വാഷിംഗ് മെഷീനുമായി സ്വന്തം ഓഫീസ് കത്തിച്ച് ഇറങ്ങിയ പഴയ ചാരത്തലവൻ പിന്നീട് ശക്തനായി മാറിയത് സ്വന്തം ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ്.
റഷ്യയിൽ തിരികെ എത്തിയ പുടിൻ ടാക്സി ഓടിച്ചാണ് ജീവിത മാർഗം കണ്ടെത്തിയത്. എന്നാൽ അപ്പോഴും സോവിയറ്റ് യൂണിയൻ മുൻപുണ്ടായിരുന്ന പ്രതാപകാലത്തേക്ക് തിരികെ എത്തിക്കണമെന്ന ആഗ്രഹമായിരുന്നു പുടിന്റെ മനസിൽ. ഈ സ്വപ്നത്തിന്റെ ഭാഗമാണ് യുക്രെയിനിലേക്കുള്ള ആക്രമണവും. 2014 യുക്രെയിന്റെ ഭാഗമായ ക്രിമിയ റഷ്യ പിടിച്ചെടുത്തിരുന്നു. 2008ൽ ജോർജിയയുടെ ഭാഗങ്ങൾ കൈക്കലാക്കാനും പുടിൻ സൈന്യത്തിനെ അയച്ചു. പഴയ സോവിയറ്റ് യുഗത്തിലേക്ക് ഒരു തിരിച്ച് പോക്ക് സ്വപ്നം കാണുന്ന പുടിൻ യുക്രെയിനിലെ കടന്ന് കയറ്റത്തോടെ അടങ്ങുമെന്ന് കരുതാനാവില്ല, പ്രത്യേകിച്ച് അമേരിക്കയിൽ ചരിത്രത്തിലെ ഏറ്റവും ദുർബലനായ ഭരണാധികാരി പ്രസിഡന്റായി തുടരുമ്പോൾ.