
ന്യൂഡൽഹി: റഷ്യ ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തിൽ യുക്രെയിനിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികൾക്ക് വേഗം കൂട്ടി കേന്ദ്രം. ഇന്ത്യക്കാരെ യുക്രെയിനിന്റെ അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ളൊവാക്യ,റൊമേനിയ എന്നിവിടങ്ങളിൽ റോഡ് മാർഗം എത്തിച്ചശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. ഇതിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഒഴിപ്പിക്കുന്നതിനായി എയർ ഇന്ത്യ വിമാനങ്ങൾ നാളെ അയക്കാനാണ് ശ്രമം. വിമാനങ്ങൾ റൊമേനിയയിലേക്ക് അയക്കും.
മലയാളികൾ ഉൾപ്പടെ നിരവധി ഇന്ത്യക്കാരാണ് റഷ്യൻ അധിനിവേശത്തിന് പിന്നാലെ യുക്രെയിനിൽ കുടുങ്ങിയിരിക്കുന്നത്. നടപടിക്രമങ്ങൾ ചർച്ചചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ സുരക്ഷാകാര്യ മന്ത്രിതല യോഗം ചേർന്നിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിർമല സീതാരാമൻ, എസ് ജയശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. യുക്രെയിൻ വിദേശകാര്യ മന്ത്രി ദിമിത്രൊ കുലേബയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചർച്ച നടത്തി. പോളണ്ട്, ഹംഗറി, സ്ളൊവാക്യ,റൊമേനിയ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും ജയശങ്കർ ഫോണിൽ ബന്ധപ്പെട്ടു. രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ യുക്രെയിനിന്റെ അയൽരാജ്യങ്ങളിലെത്തി.
അയൽരാജ്യങ്ങളിലേക്ക് കടക്കാനുള്ള സുരക്ഷിതമായ വഴികൾ കണ്ടെത്തിയതായി കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഹർഷ്‌വർദ്ധൻ ശൃഗ്ള അറിയിച്ചു. യുക്രെയിനിലെ വ്യോമപാത തുറന്നാലുടൻ സൈനിക വിമാനങ്ങളെ അയക്കാനാണ് തീരുമാനം. ആക്രമണ സൂചനകൾ ലഭിച്ചപ്പോൾ തന്നെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിമാന സർവീസ് ഏർപ്പെടുത്തുന്നതിൽ എംബസിയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന ആരോപണങ്ങൾ ശക്തമായിരുന്നു.