us-russia-

ലണ്ടൻ : യുക്രെയിന് മേൽ റഷ്യൻ സേന ഏത് നിമിഷവും ആക്രമണം തൊടുക്കാമെന്ന ഭീതി ലോകമാകെ ആളിപ്പടരുന്നതിനിടെ യുക്രെയിന് നേരെ ഏതെങ്കിലും തരത്തിലെ ആപത്ത് സൂചനകൾ വരുന്നുണ്ടോയെന്നറിയാൻ രാജ്യത്തിന് മീതെ ചാരകണ്ണുകളുമായി വട്ടമിട്ട് പറന്ന യു എസിന്റെ ആർ ക്യൂ 4 ഗ്ലോബൽ ഹോക്ക് വിമാനങ്ങളായിരുന്നു. യുഎസിനും നാറ്റോയ്ക്കും പരസ്പരം രഹസ്യ വിവരങ്ങൾ കൈമാറുന്നതിനായി നിരവധി ചാരവിമാനങ്ങളാണ് റഷ്യൻ യുക്രെയിൻ അതിർത്തിയിലൂടെ റോന്തടിച്ചത്. റഷ്യയ്‌ക്കെതിരെ യുക്രെയിനെ ഗോദയിൽ ഇറങ്ങാൻ പ്രേരിപ്പിച്ചത് അമേരിക്കയുടെ ഈ കരുതലും പിന്തുണയുമായിരുന്നു. വിമാനങ്ങളിൽ ആയുധങ്ങൾ യുക്രെയിനിൽ എത്തിച്ചതും ആ രാജ്യത്തിന്റെ ആത്മവിശ്വാസം കൂട്ടി. എന്നാൽ നാറ്റോ രാജ്യങ്ങൾ എത്തിച്ച ആയുധങ്ങൾ സൂക്ഷിച്ച ഇടങ്ങളെ കത്തിച്ച് ചാമ്പലാക്കിയാണ് പുടിന്റെ സൈന്യം ഒന്നാം ദിനം മുന്നേറിയത്. പാവം യുക്രെയിൻ അമേരിക്കയുടെയും നാറ്റോ സഖ്യ കക്ഷികളുടെയും പ്രകടനം കണ്ടു മതിഭ്രമിച്ച് നടുക്കടലിൽ ആയിപ്പോയി.


യുക്രെയിനിൽ ആക്രമണം ആരംഭിച്ച ഒരൊറ്റ ദിവസം കൊണ്ട് റഷ്യ ലോകത്തെ നമ്പർ വൺ സൈനിക ശക്തി തങ്ങളാണെന്ന് തെളിയിച്ചിരിക്കുന്നു. അതേസമയം ഈ ഒരൊറ്റ ദിവസം കൊണ്ട് ലോകത്തെ ഏറ്റവും നമ്പർ വൺ ചതിയൻ തങ്ങളെന്ന് അമേരിക്കയും തെളിയിച്ചു. ബൈഡനൊപ്പം നാറ്റോയുടെ ബലഹീനത കൂടിയാണ് പുടിൻ പുറത്ത് കൊണ്ടുവന്നത്. മുൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാറ്റോ യെ മൈൻഡ് പോലും ചെയ്യാൻ മടികാണിച്ചത് എന്ത് കൊണ്ടാണെന്ന് ഇപ്പോൾ മനസിലായി. എന്നാൽ ബൈഡൻ അധികാരത്തിൽ എത്തിയതോടെ വീണ്ടും നാറ്റോയുമായുള്ള സൗഹൃദം ശക്തമാക്കുകയായിരുന്നു.

റഷ്യ ആക്രമിച്ചാൽ തൽക്ഷണം യുക്രെയിനെ സഹായിക്കാൻ അമേരിക്ക എത്തും , ബ്രിട്ടൻ എത്തും, നാറ്റോ സഖ്യകക്ഷികൾ എത്തും സൈനിക ശക്തികൾ അടപടലം റഷ്യയെ തിരിച്ചാക്രമിച്ചു തകർത്തെറിയും എന്നൊക്കെ വീമ്പടിച്ചവർ റഷ്യയുടെ സൈനിക തന്ത്രങ്ങളും യുദ്ധപാടവവും കണ്ടു ഇപ്പോൾ തലയിൽ കൈ വച്ചിരിപ്പാണ്. യുക്രെയിൻ ആകട്ടെ തീർത്തും പരാജയപ്പെട്ട അവസ്ഥയിലും. ഇനി അവർക്കാശ്രയിക്കാനുള്ള അയൽ രാജ്യങ്ങൾ പോളണ്ടും റുമേനിയയും മാത്രം. അവരും മിണ്ടാതായതോടെ കരിംകടലിനും റഷ്യക്കുമിടയിൽ ഞെരിഞ്ഞമരാനാണ് ഉക്രെയിന്റെ വിധി. ഈ യുദ്ധം ലോക രാഷ്ട്രങ്ങളെ പ്രത്യേകിച്ചു ഇന്ത്യയെ ഒന്നുകൂടി പഠിപ്പിക്കുന്നു അമേരിക്കയെ വിശ്വസിക്കരുതെന്ന്.