rajavinte-makan

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമാണ് രാജാവിന്റെ മകൻ. ചിത്രം കണ്ടവരുടെ മനസിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന ഒരു മുഖമുണ്ട്,​ അങ്കിളിന്റെ ഫാദർ ആരാണെന്ന് ചോദിച്ച രാജുമോനെ അത്ര പെട്ടെന്ന് ആരും മറക്കില്ല. പ്രശോഭ് എന്ന ആ ബാലൻ ഇന്ന് വളർന്ന് വലുതായി,​ സിനിമ വിട്ട് ബിസിനസ് തിരക്കുകളിലാണ്. കൗമുദി മൂവീസിന് പ്രശോഭ് നൽകിയ അഭിമുഖത്തിൽ നിന്ന്.

' രാജാവിന്റെ മകന് ശേഷം ഉണ്ണികളേ ഒരു കഥ പറയാം കൂടി ചെയ്തിരുന്നു. അതിന് ശേഷമാണ് വലിയ ഇടവേളയുണ്ടായത്. ലാൽ സാറിന്റെയും മമ്മൂട്ടി സാറിന്റെയും ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞു. അന്നത്തെ എല്ലാ കാര്യങ്ങളും ഓർമയില്ലെങ്കിലും ചിലതൊക്കെ മനസിലങ്ങനെ കിടപ്പുണ്ട്. ആൾക്കൂട്ടത്തിൽ തനിയെ എന്ന ചിത്രത്തിൽ മുത്തച്ഛനെപ്പോഴാ മരിക്കുന്നതെന്ന് ചോദിക്കുന്നുണ്ട്.

ആ ഡയലോഗ് ഇപ്പോഴും ഹിറ്റാണ്. അന്ന് അതിനെ കുറിച്ച് വലിയ അറിയില്ലായിരുന്നു. പിന്നീട് അതോർക്കുമ്പോൾ വലിയ വിഷമം തോന്നിയിട്ടുണ്ട്. അതിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് കിട്ടിയിരുന്നു. പക്ഷേ,​ രാജാവിന്റെ മകനാണ് ഇപ്പോഴും പ്രേക്ഷകരുടെ മനസിൽ ഉള്ളത്. ചിത്രത്തിൽ ലാൽസാർ എന്നെ രക്ഷിക്കാൻ വരുന്ന സീൻ ഇപ്പോഴും ഓ‍ർമയുണ്ട്. സാർ ജനൽ പൊട്ടിച്ചാണ് ചാടി അകത്തേക്ക് കടക്കുന്നത്.

എന്നെ അവിടെ മയക്കി കിടത്തിയിരിക്കുകയാണ്. ബോധം കെട്ട് ‍ഞാൻ കിടക്കേണ്ട സീനാണ്. പക്ഷേ സാർ ചാടി അകത്തു വരുമ്പോൾ സ്റ്റണ്ട് സീനായതു കൊണ്ട് ചുറ്റിലും നിൽക്കുന്നവർ ആ സീനിന് വേണ്ട രീതിയിൽ ഒച്ചയുണ്ടാക്കും. അത് കേൾക്കുമ്പോൾ ഞാൻ ഞെട്ടും. യഥാർത്ഥത്തിൽ ഞാൻ എഴുന്നേൽക്കാൻ പാടില്ലാത്തതാണ്. അപ്പോ വീണ്ടും സീൻ ഷൂട്ട് ചെയ്യും.

അങ്ങനെ കുറച്ച് ടേക്കുകൾ വേണ്ടി വന്നു. വിണ്ണിലെ ഗന്ധർവ വീണകൾ എന്ന് തുടങ്ങുന്ന പാട്ട് സീനിൽ ലാൽ സാർ കാർ ഓടിക്കുന്ന രംഗത്ത് തല പുറത്തിട്ടിരിക്കുന്നത് ഓർമയുണ്ട്. കാർ ആ സമയത്ത് എനിക്ക് ഭയങ്കര വീക്ക്നെസായിരുന്നു. പക്ഷേ അഭിനയം നിറുത്തിയിട്ട് ഇതുവരെ അദ്ദേഹത്തെ നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല." പ്രശോഭ് പറയുന്നു.