
കീവ്: യുക്രെയിൻ അധിനിവേശം ശക്തമാക്കി തലസ്ഥാനമായ കീവ് വളയാൻ ഒരുങ്ങുകയാണ് റഷ്യ. എന്നാൽ പ്രത്യാക്രമണത്തിൽ നിന്നും പിന്തിരിയില്ലെന്നും റഷ്യ ആക്രമണം അവസാനിപ്പിക്കുന്നതുവരെ പ്രതിരോധം തുടരുമെന്നുമാണ് യുക്രെയിനിന്റെ നിലപാട്. റഷ്യ ബോംബാക്രമണങ്ങളും റോക്കറ്റ് വിക്ഷേപണങ്ങളും കടുപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇതിന് പുറമേ ലോകം കണ്ടതിൽവച്ചേറ്റവും മാരകമായ റഷ്യൻ നിർമിതിയായ ഫാദർ ഒഫ് ഓൾ ബോംബ്‌സ് ( എഫ് ഒ എ ബി ,എല്ലാ ബോംബുകളുടെയും പിതാവ്) എന്നറിയപ്പെടുന്ന ആണവേതര ബോംബ് റഷ്യ യുക്രെയിനിന് നേരെ പ്രയോഗിക്കുമോ എന്ന ആശങ്കയിലാണ് ലോക രാജ്യങ്ങൾ.
മാരകമായ പ്രഹരശേഷിയുള്ള എഫ് ഒ എ ബി യുക്രെയിനിനെതിരെ പ്രയോഗിക്കാൻ റഷ്യൻ പ്രസിഡന്റ് പുടിൻ പദ്ധതിയിടുന്നുവെന്ന് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എഫ് ഒ എ ബി ഉപയോഗിക്കാൻ പുടിൻ സൈനികർക്ക് ഉത്തരവ് നൽകിയതായാണ് റിപ്പോർട്ടുകൾ. മോൺസ്റ്റർ ബോംബ് എന്നാണ് എഫ് ഒ എ ബിയുടെ മറ്റൊരു വിശേഷണം. യുദ്ധവിമാനങ്ങളിൽ നിന്നാണ് ഇത് സാധാരണയായി പ്രയോഗിക്കുന്നത്.44 ടണ്ണിലധികം ടി എൻ ടിയ്ക്ക് തുല്യമായ സ്ഫോടന ശേഷിയുള്ളതാണ് എഫ് ഒ എ ബി. വിമാനങ്ങളിൽ നിന്ന് താഴേക്കിടുമ്പോൾ അന്തരീക്ഷത്തിൽ തന്നെ പൊട്ടിത്തെറിക്കുകയും ആണവായുധത്തിന് സമാനമായ പ്രഹരമുണ്ടാക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം 2007ലാണ് റഷ്യ എഫ് ഒ എ ബി ആദ്യമായി പരീക്ഷിക്കുന്നത്. മുൻപ് സിറിയയിൽ ഇത് പ്രയോഗിച്ചുവെന്ന് റഷ്യ അവകാശപ്പെടുന്നു.
അമേരിക്ക നിർമിച്ച മദർ ഒഫ് ഓൾ ബോംബ്‌സ് (എം ഒ എ ബി, എല്ലാ ബോബുകളുടെയും മാതാവ്) എന്ന ബോംബിനേക്കാൾ ഏറെ മാരകമാണ് എഫ് ഒ എ ബി. എം ഒ എ ബിയേക്കാൾ നാലിരട്ടി പ്രഹരശേഷി ഇതിനുണ്ട്. 2017ൽ ഐ എസിനെതിരെയാണ് അമേരിക്ക ആദ്യമായി എം ഒ എ ബി പ്രയോഗിച്ചത്.