india-ukraine-relation-

ന്യൂഡൽഹി : യുക്രെയിൻ അതിർത്തി മറികടന്ന് റഷ്യൻ വിമാനങ്ങൾ തീമഴ പെയ്യിക്കുമ്പോൾ അമേരിക്കയുടേയും നാറ്റോ രാജ്യങ്ങളുടേയും ഇടപെടലാണ് യുക്രെയിൻ ആദ്യം കൊതിച്ചത്. എന്നാൽ വാക്കിനപ്പുറം പ്രവർത്തിയിൽ ബൈഡന്റെ ഭാഗത്ത് നിന്നും ഇടപെടൽ കാണാതിരുന്നതോടെ യുക്രയിൻ ലോക രാജ്യങ്ങളുടെ പിന്തുണ തേടി. ഇതിൽ എടുത്ത് പറഞ്ഞ രാജ്യത്തിന്റെ പേര് ഇന്ത്യയുടേതായിരുന്നു. മോദി സർക്കാർ പുടിനുമായി സംസാരിക്കണമെന്നാണ് യുക്രെയിൻ ആവശ്യപ്പെട്ടത്. അമേരിക്കയെ വിട്ട് യൂറോപ്യൻ യൂണിയനും, ഇന്ത്യ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് മോദി പുടിനുമായി ആശയവിനിമയം നടത്തി. ഇന്ത്യയുടെ ഭാഗത്ത് നിന്നും രാജ്യതാത്പര്യം സംരക്ഷിക്കുന്ന നിലപാടാണ് ഇതുവരെയും ഉണ്ടായിട്ടുള്ളത്. റഷ്യ എന്ന ചിരകാല സുഹൃത്തിനെ യുക്രെയിൻ വിഷയത്തിൽ നഷ്ടപ്പെടുത്താൻ ഇന്ത്യ ഒരുക്കമല്ല. കാരണം റഷ്യ ഇന്ത്യ എത്ര സഹായിച്ചിട്ടുണ്ടോ അതുപോലെ യുക്രയിൻ ഇന്ത്യയെ ഉപദ്രവിച്ചിട്ടുമുണ്ട്. അതിനെ കുറിച്ച് പരിശോധിക്കാം.

india-

1998ൽ അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ആണവ പരീക്ഷണങ്ങൾ നടത്തിയിരുന്നു. 'ഓപ്പറേഷൻ ശക്തി' എന്ന പേരിൽ ആണവ പരീക്ഷണങ്ങൾ നടത്തിയപ്പോൾ ഇന്ത്യയ്‌ക്കെതിരെ സാമ്പത്തിക ഉപരോധമടക്കമുള്ള നിലപാടുകൾ സ്വീകരിക്കാൻ ഓടി നടന്നത് യുക്രെയിനായിരുന്നു. ആണവ പരീക്ഷണം നടത്തി ലോകത്തെ ഇന്ത്യ അമ്പരപ്പിച്ചതിന് പിന്നാലെ യുക്രെയിനും മറ്റ് 25 രാജ്യങ്ങളും ആണവ പരീക്ഷണങ്ങളെ അപലപിച്ച് യുഎന്നിൽ പ്രമേയം കൊണ്ടു വന്നു. ഈ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത രാജ്യം കൂടിയാണ് യുക്രെയിൻ. യുഎൻ സുരക്ഷാ കൗൺസിൽ 1172ാം പ്രമേയം ഇന്ത്യയ്‌ക്കെതിരെ പാസാക്കി. ഇന്ത്യ കൂടുതൽ ആണവപരീക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെടുകയും ആണവപരീക്ഷണ നിരോധന കരാറിൽ ഒപ്പു വയ്ക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിന് പുറമേ ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളുടെ ഗവേഷണ പ്രവർത്തനങ്ങൾ നിർത്താനും ഇന്ത്യയോട് ആവശ്യപ്പെട്ടു.

എന്നാൽ ഉപരോധത്തെ അവസരമാക്കി മാറ്റുകയായിരുന്നു ഇന്ത്യ. പ്രതിരോധ മേഖലയിലടക്കം ഇറക്കുമതി ചെയ്തിരുന്ന പല വസ്തുക്കളും സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. എന്നാൽ രാജ്യത്തിന്റെ വികസന കുതിപ്പിന് കാലതാമസമുണ്ടാക്കാൻ പോന്നതായിരുന്നു യുക്രെയിനടക്കമുള്ള രാജ്യങ്ങൾ മുൻകൈ എടുത്ത് കൊണ്ടുവന്ന പ്രമേയം. ഇന്ത്യയ്‌ക്കെതിരെ പ്രമേയവുമായി വന്ന യുക്രെയിൻ പാകിസ്ഥാനുമായി മികച്ച ബന്ധവും നിലനിർത്തിയിരുന്നു. പാകിസ്ഥാനുമായുള്ള ഉക്രെയ്നിന്റെ ബന്ധം ഏതാണ്ട് പൂർണ്ണമായും ആയുധങ്ങളുമായി ബന്ധപ്പെട്ടതാണ്.

tank

ഇന്ത്യ റഷ്യയിൽ നിന്നും ആയുധങ്ങൾ വാങ്ങുമ്പോൾ പാകിസ്ഥാൻ യുക്രെയിനെയായിരുന്നു പതിറ്റാണ്ടുകൾ ആശ്രയിച്ചത്. യുദ്ധ ടാങ്കുകളടക്കമുള്ള ആയുധങ്ങളാണ് പാകിസ്ഥാൻ വാങ്ങിയിരുന്നത്. എന്നാൽ ചൈനയുമായി പാകിസ്ഥാനുള്ള ബന്ധം ഊഷ്മളമായതോടെ ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ആയുധ വ്യാപാരം കുറഞ്ഞിട്ടുണ്ട്. സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ റിപ്പോർട്ട് അനുസരിച്ച് ഇതുവരെ യുക്രെയിൻ പാകിസ്ഥാന് ഏകദേശം 1.6 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ നൽകിയിട്ടുണ്ട്. ഉക്രെയ്നിന്റെ എക്കാലത്തെയും വലിയ ഉപഭോക്താക്കളിൽ ഒരാളായി പാകിസ്ഥാനെ കണക്കാക്കാം.

അന്താരാഷ്ട്ര ബന്ധങ്ങളിൽ സ്ഥിരമായ സുഹൃത്തുക്കളോ സ്ഥിരമായ ശത്രുക്കളോ ഇല്ല പകരം അവിടെ സ്ഥിരമായ താൽപര്യങ്ങൾ മാത്രമാണുള്ളത്. എന്നാൽ റഷ്യയെ പിണക്കി യുക്രെയിൻ വിഷയത്തിൽ ഇടപെട്ട് കൈയടി നേടേണ്ട ആവശ്യം ഇപ്പോൾ മോദി സർക്കാരിനില്ലെന്നതാണ് വസ്തുത. യു എന്നിലടക്കം ഈ വിഷയത്തിൽ ഇന്ത്യ വ്യക്തമാക്കിയത് ആദ്യ പരിഗണന യുക്രെയിനിലെ ഇന്ത്യക്കാരെ രക്ഷിക്കുക എന്നതാണെന്ന്. യുദ്ധക്കളത്തിൽ നിന്നും രക്ഷാപ്രവർത്തനം നടത്താനുള്ള വിദ്യ ഇന്ത്യയ്ക്ക് അറിയാമെന്നത് ലോകരാജ്യങ്ങൾ വരെ അംഗീകരിച്ച കാര്യമാണ്.