
സൂഷ്മമായി നിരീക്ഷിച്ചാൽ അമേരിക്ക സ്വീകരിച്ച നിലപാട് ഒരർത്ഥത്തിൽ യുക്രെയിനെ ആക്രമിക്കാൻ റഷ്യയ്ക്ക് പ്രചോദനമായി എന്നു പറയാം. അമേരിക്ക സൈനിക ഇടപെടൽ നടത്തില്ലെന്നും റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളൂവെന്നും വ്യക്തമാക്കിയതോടെ പുട്ടിൻ ശരിക്കും ആക്രമണത്തിന് ഇറങ്ങിത്തിരിക്കുകയായിരുന്നു. അമേരിക്ക സ്വീകരിച്ചത് ഒരു തന്ത്രമാണോ അതിലുപരി വിഡ്ഢിത്തമായിരുന്നോ എന്ന് പ്രസിഡന്റ് ബൈഡൻ തന്നെയാണ് വ്യാഖ്യാനിക്കേണ്ടത്. ഉപരോധംകൊണ്ട് റഷ്യയെ പരാജയപ്പെടുത്താമെന്നാണ് ബൈഡൻ കരുതിയിരുന്നത്. അമേരിക്കയെപ്പോലൊരു ലോകശക്തി ഇങ്ങനെ ആലോചിക്കുമെന്ന് പൊതുവേ കരുതുക പ്രയാസമാണ്.
ഉപരോധം റഷ്യ വകവയ്ക്കില്ല
ചില നിലപാടുകളിൽ യൂറോപ്യൻ യൂണിയനുമായി അമേരിക്കയ്ക്ക് ഭിന്നതയുണ്ട്. ട്രംപ് യൂറോപ്യൻ യൂണിയനുമായി പല പ്രശ്നങ്ങളുമുണ്ടാക്കിയിരുന്നു.ആ ബന്ധം തിരിച്ചുപിടിക്കാൻ ബൈഡൻ ശ്രമിച്ചെങ്കിലും അവർ അമേരിക്കയെ അങ്ങനെ കണ്ണുമടച്ച് വിശ്വസിക്കുന്നില്ല. അവർക്ക് അവരുടെ തന്നെ കാര്യം നോക്കണമെന്ന വിചാരമുണ്ട്. ഉപരോധത്തിലും യൂറോപ്യൻ യൂണിയന് വലിയ താത്പര്യമില്ല. അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ജർമ്മനിയെയും ഫ്രാൻസിനെയും ചെറിയ യൂറോപ്യൻ രാജ്യങ്ങളെയുമാണ്. ഇവർക്ക് 40 ശതമാനം എണ്ണയും ഗ്യാസും വരുന്നത് റഷ്യയിൽ നിന്നാണ്. ഫ്രാൻസും ജർമ്മനിയും യുദ്ധത്തിന് പോകാതിരുന്നത് അവർക്ക് കൂടുതൽ നഷ്ടം വരുമെന്ന ഭയത്താലാണ്. അവർക്ക് റഷ്യയെ എതിർത്തിട്ട് ഒന്നും നേടാനില്ല.അവർക്ക് യുക്രെയിനോടും വലിയ താത്പര്യമില്ല. ഉപരോധത്തിൽ റഷ്യയ്ക്ക് ചെറിയ നഷ്ടം മാത്രമേ വരൂ. അവരുടെ സാമ്പത്തികാവസ്ഥ ശക്തമാണ്. ഉപരോധത്തെ റഷ്യ വകവയ്ക്കുന്നില്ല.
പുട്ടിന്റെ തന്ത്രപൂർവ്വമായ
കാത്തിരിപ്പ്
ഉപരോധം വേണ്ട, യുദ്ധം അത്യാവശ്യമാണെങ്കിൽ നോക്കാം എന്ന അലസ നിലപാടിലായിരുന്നു യൂറോപ്യൻ യൂണിയൻ. ബൈഡൻ ശക്തമായി നിന്നതുകൊണ്ടാണ് നാറ്റോ യുദ്ധത്തിനു തയ്യാറാകാതിരുന്നത്. അമേരിക്കയില്ലാതെ യുദ്ധത്തിനുപോയിട്ട് കാര്യമില്ലല്ലോ.ഉപരോധത്തിന്റെയും യുദ്ധത്തിന്റെയും കാര്യത്തിൽ അവർ രണ്ടുതട്ടിലായി. യുദ്ധം പ്രഖ്യാപിച്ചശേഷം രണ്ട് പ്രവിശ്യയിൽ കയറി പുട്ടിൻ രണ്ട് ദിവസം കാത്തിരുന്നു. അമേരിക്കയും അനുകൂലികളും എന്ത് ചെയ്യുമെന്ന് നോക്കാൻ വേണ്ടിയായിരുന്നു തന്ത്രപൂർവ്വമായ ആ കാത്തിരിപ്പ്. അമേരിക്ക പറഞ്ഞതേ ചെയ്തുള്ളൂ. ഉപരോധം മാത്രം.. റഷ്യ ആഞ്ഞടിക്കുകയും ചെയ്തു. അമേരിക്കയുടെയും ബൈഡന്റെയും പ്രതിച്ഛായ മൊത്തത്തിൽ പോയി എന്ന് പറയാതെ വയ്യ. ബൈഡന് അങ്ങനെ ഒന്നുണ്ടായിരുന്നോ എന്നത് ചിന്തനീയം. ട്രംപ് ബഹളമുണ്ടാക്കുന്നുണ്ട്. അദ്ദേഹം അടുത്ത തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകും എന്ന് ഏറക്കുറെ ഉറപ്പായിരിക്കുകയാണ്.
ബൈഡന് അറിയാമായിരുന്നു
ഇതൊക്കെയാണെങ്കിലും ലോകത്ത് ബൈഡൻ മാത്രമാണ് റഷ്യ ആക്രമണത്തിനിറങ്ങുമെന്ന് ഉറപ്പായും പറഞ്ഞിരുന്നത്. ബൈഡന് മുമ്പേതന്നെ യുദ്ധം നടക്കുമെന്ന ഉള്ളറിവുണ്ടായിരുന്നു. അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിടാൻ ബൈഡൻ മടിച്ചതിന് പല കാരണങ്ങളുണ്ട്. തന്റെ പോപ്പുലാരിറ്റിയെ ബാധിക്കുമോയെന്ന ഭയം,യുദ്ധത്തോട് ജനങ്ങൾക്കുള്ള എതിർപ്പ്, പൊതുവെ യുദ്ധം മതിയായ അവസ്ഥ. അപകടവും വലുതാണ്. യൂറോപ്പിൽ പോയി യുദ്ധംചെയ്യുക എളുപ്പമുള്ള കാര്യമല്ല. പക്ഷേ, അമേരിക്കയെടുത്ത ഉപരോധമെന്ന നിലപാട് നേരത്തെ സൂചിപ്പിച്ചതുപോലെ പുട്ടിനെ പ്രോത്സാഹിപ്പിച്ചുവെന്നു നിസംശയം പറയാം. യുക്രെയിനിലെ ആവേശത്തിൽ പുട്ടിൻ ഇനി കൂടുതൽ സങ്കീർണതയിലേക്ക് കാര്യങ്ങൾ കൊണ്ടുപോയാൽ കാര്യങ്ങളുടെ ഗതി മാറും. ഹംഗറിയെയും പോളണ്ടിനെയും ലക്ഷ്യംവച്ചാൽ കളിമാറും. കടുത്ത എതിർപ്പ് നേരിടേണ്ടിവരും.
രണ്ട് ദിവസത്തിനകം
തീരാനിട
ഈ ആക്രമണം രണ്ട് ദിവസത്തിനകം തീരാനാണ് സാദ്ധ്യത.ഒന്നുകിൽ സെലൻസ്ക്കി കീഴടങ്ങുക അല്ലെങ്കിൽ രാജ്യം വിട്ട് പോകുക അല്ലാതെ വേറെ മാർഗം യുക്രെയിന് മുന്നിൽ ഇല്ല. റഷ്യൻ സൈന്യം കീവിലെത്തിക്കഴിഞ്ഞാൽ ഇത് അവസാനിക്കും. എന്നിരുന്നാലും യുക്രെയിൻ ജനത ഗറില്ലാ യുദ്ധത്തിനിറങ്ങാൻ സാദ്ധ്യതയുണ്ട്. ദേശീയതാവാദം ശക്തമാകാം.
ഈ വിഷയത്തിൽ ഇന്ത്യയെടുത്ത നിലപാടാണ് ശരി.രാജ്യത്തിന്റെ താത്പര്യം തന്നെയാണ് പ്രധാനം. റഷ്യയിൽ ഇന്ത്യയ്ക്ക് താത്പര്യങ്ങളുണ്ട്. അത് ഇന്ത്യയ്ക്ക് സംരക്ഷിക്കണം.ഇന്ത്യയുടെ നിലപാട് ധാർമികതയുടെ വിഷയമായി മാറുന്നുമില്ല. ശശി തരൂർ പറഞ്ഞതുപോലെ ഇതൊരു മോദി നിലപാടല്ല, അഫ്ഗാനിസ്ഥാനിലും ബംഗ്ളാദേശിലും ഇന്ദിരാഗാന്ധി സ്വീകരിച്ച അതേ നിലപാടാണിത്. കോൺഗ്രസുകാർ മിസിസ് ഗാന്ധിയുടെ നിലപാടിനെ തള്ളിപ്പറയരുത്.
(മുൻ അംബാസഡറാണ് ലേഖകൻ)