
ജക്കാർത്ത: സ്കൂളിലെ അല്ലെങ്കിൽ കോളേജിലെ നിയമങ്ങൾ ലംഘിക്കുന്ന വിദ്യാർത്ഥികളെ പലപ്പോഴും അദ്ധ്യാപകർ ശിക്ഷിക്കാറുണ്ട്. ഭാവിയിൽ തെറ്റായ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുക എന്നതാണ് ഇതിലൂടെ മിക്ക അദ്ധ്യാപകരും അർത്ഥമാക്കുന്നത്. ഇപ്പോഴത്തെ കാലത്ത് കുട്ടികളെ അദ്ധ്യാപകർ ശിക്ഷിക്കുന്നത് പലപ്പോഴും ക്ലാസിൽ സ്മാർട്‌ഫോണുകൾ ഉപയോഗിക്കുന്നതിന്റെ പേരിലാണ്. കുറച്ച് മണിക്കൂർ അല്ലെങ്കിൽ കുറച്ച് ദിവസങ്ങൾ കുട്ടികളിൽ നിന്നും ഫോണുകൾ വാങ്ങി മാറ്റി വയ്ക്കുക അല്ലെങ്കിൽ രക്ഷാകർത്താക്കളെ അറിയിക്കുക എന്നീ രീതിയിലാവും പല അദ്ധ്യാപകരും ഇതിന് ശിക്ഷയായി നൽകുന്നത്.
എന്നാൽ കുട്ടികൾ ഫോൺ ഉപയോഗിക്കുന്നതിന് ഒരു കൂട്ടം അദ്ധ്യാപകർ നൽകിയ ശിക്ഷയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇന്തോനേഷ്യയിലെ അദ്ധ്യാപകർ വിദ്യാർത്ഥികളിൽ നിന്നും പിടിച്ചെടുത്ത ഒരു കൂട്ടം സ്മാർട്‌ഫോണുകൾ അഗ്നിയിലേയ്ക്ക് വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. വിദ്യാർത്ഥികൾ ഫോൺ നശിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നതും, അതൊന്നും വകവയ്ക്കാതെ ഫോണുകൾ വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലും മറ്റ് സമൂഹമാദ്ധ്യമങ്ങളിലും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് അദ്ധ്യാപകരുടെ ഈ പ്രവർത്തിക്കെതിരെ കമന്റ് ചെയ്തിരിക്കുന്നത്.