
അഭിനയജീവിതം നാലു പതിറ്റാണ്ട് പിന്നിടുന്നു
മലയാള സിനിമ സംവിധാനം ചെയ്യാൻ രോഹിണി ഒരുങ്ങുന്നു. അടുത്ത സംവിധാന സംരംഭം മലയാളത്തിലായിരിക്കും. സലിംകുമാർ, ചേരൻ, നിത്യ മേനോൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ അപ്പാവിൻ മീസൈ എന്ന തമിഴ് ചിത്രമാണ് രോഹിണി ആദ്യമായി സംവിധാനം ചെയ്തത്.
''മലയാള സിനിമ വൈകാതെ സംവിധാനം ചെയ്യും. അപ്പാവിൻ മീസൈ കണ്ടാൽ അതൊരു മലയാള സിനിമ ആണെന്ന് തോന്നും. സിനിമ എടുത്ത വിധമെല്ലാം മലയാളത്തിന്റേത് പോലെയാണ്. കാരണം മലയാള സിനിമയാണ് എന്റെ അടിത്തറ. ഞാൻ എഴുതുന്നത് തമിഴിലാണ്. എന്റെ മാതൃഭാഷയായ തെലുങ്കിൽ പോലുമല്ല . പല കാരണം കൊണ്ടാണ് സംവിധാനം വൈകുന്നത്. ഇനി വൈകില്ല.'' രോഹിണി പറഞ്ഞു.ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി യിലെ ഒാൾഡ് ഏജ് ഹോമിൽ ശക്തമായ പകർന്നാട്ടം നടത്തി രോഹിണി കൈയടി നേടുകയാണ് ഇപ്പോൾ. നാലു പതിറ്റാണ്ട് പിന്നിടുകയാണ് അഭിനേത്രി എന്ന നിലയിൽ രോഹിണി. കക്ക എന്ന ചിത്രത്തിലൂടെയാണ് രോഹിണി മലയാള സിനിമയിലേക്ക് എത്തുന്നത്.ഒരുകാലത്ത് മലയാളത്തിലെ സൂപ്പർ താരജോഡികളായിരുന്നു റഹ്മാനും രോഹിണിയും. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത സിറ്റി ഒാഫ് ഗോഡ് രോഹിണിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമായിന്നു. ആക്ഷൻ ഹീറോ ബിജുവിൽ ചെറിയ വേഷത്തിൽ എത്തി മിന്നുന്ന പ്രകടനം കാഴ്ചവച്ചു.ഒ.ടി.ടി റിലീസായി എത്തിയ കോളമ്പി എന്ന ചിത്രത്തിലും കൈയടി നേടി.