food-

ഗ്രാമങ്ങളിലൂടെ ബസിൽ സഞ്ചരിക്കുമ്പോൾ ഉച്ച ഭക്ഷണവുമായി ഭാര്യയോ മക്കളോ റോഡ് വശത്ത് കാത്ത് നിൽക്കുന്നത് കണ്ടിട്ടില്ലേ. ബസ് ജീവനക്കാർക്ക് ഭക്ഷണവും കൈമാറി ടാറ്റ പറഞ്ഞ് അവരെ യാത്രയാക്കുമ്പോൾ ബസിലുള്ളവർക്കും അതൊരു കൗതുക കാഴ്ചയാണ്. എന്നാൽ ബസിന് പകരം ഒരു വലിയ ട്രെയിനാണ് സ്ഥിരമായി ഇങ്ങനെ നിർത്തുന്നതെങ്കിലോ ? അതത്ര കൗതുകമുള്ള കാര്യമായിരിക്കില്ല, അതിലെ യാത്രക്കാർക്കും, പ്രത്യേകിച്ച് ട്രാക്ക് മുറിച്ച് കടക്കാൻ ഗേറ്റിൽ കാത്തുനിൽക്കുന്ന വാഹനങ്ങളിലുള്ളവർക്കും.

രാജസ്ഥാനിലെ അൽവാറിലാണ് ട്രെയിൻ നിർത്തി പതിവായി ലോക്കോ പൈലറ്റ് കച്ചോരി വാങ്ങിയിരുന്നത്. ട്രെയിൻ വരുന്നതിന് മുൻപ് തന്നെ ഒരാൾ കവറിൽ പാക്ക് ചെയ്ത ഭക്ഷണവുമായി ട്രാക്കിനരികിൽ നിൽക്കും, ട്രെയിൻ ഇയാളുടെ അടുത്തെത്തി നിർത്തിയ ശേഷം പണം നൽകി ലോക്കോ പൈലറ്റ് ഭക്ഷണം വാങ്ങുകയും ചെയ്യും. ആദ്യമൊക്കെ ഇത് കൗതുക കാഴ്ചയായിരുന്നെങ്കിലും പതിവായപ്പോൾ ഗേറ്റിലൂടെയുള്ള വാഹന യാത്രക്കാർ പ്രതിഷേധിച്ചു തുടങ്ങി. രാവിലെ എട്ട് മണിയോടെ ഇവിടെ ഗതാഗത കുരുക്ക് രൂക്ഷമായതോടെ പരാതിപ്പെടാൻ നാട്ടുകാർ തീരുമാനിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വന്നതോടെ ജയ്പൂർ ഡിവിഷണൽ റെയിൽവേ മാനേജർ സംഭവത്തിൽ ഇടപെട്ടു. അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് ബോദ്ധ്യമായതോടെ ലോക്കോ പൈലറ്റിന് സസ്‌പെൻഷൻ ലഭിച്ചു എന്നാണ് റിപ്പോർട്ട്. ഇനി കുറച്ച് നാൾ സമാധാനമായി അദ്ദേഹത്തിന് കച്ചോരി കഴിക്കാമല്ലോ!