
മോസ്‌കോ: യുക്രെയിൻ തലസ്ഥാനമായ കീവ് വളഞ്ഞ് തന്ത്രപ്രധാനമായ ആന്റനോവ് അന്താരാഷ്ട്ര വിമാനത്താവളവും പിടിച്ച് റഷ്യൻ സേന മുന്നേറുന്നതിനിടെ പ്രസിഡന്റ് സെലൻസ്കിയെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിക്കാൻ യുക്രെയിൻ സേനയോട് റഷ്യൻ പ്രസിഡന്റ് പുട്ടിൻ ആഹ്വാനം ചെയ്തു. സെലെൻസ്‌കിയെ പുറത്താക്കി തങ്ങൾക്ക് താത്പര്യമുള്ള സർക്കാരിനെ അധികാരത്തിലേറ്റുകയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് റഷ്യ. ബലറൂസിൽ വച്ച് ചർച്ചയ്ക്ക് തയ്യാറാണെന്ന പുട്ടിന്റെ പ്രഖ്യാപനവും ഉണ്ടായി.
എന്നാൽ, കീവ് വിട്ടുകൊടുക്കാതെ സൈന്യം പോരാടുമെന്ന് ആക്രമണത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ബങ്കറിൽ അഭയം തേടിയ സെലെൻസ്‌കി അവകാശപ്പെട്ടു. സൈനിക സഹായം നൽകാതെ യുറോപ്പും യു.എസും കൈയൊഴിഞ്ഞെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. നാറ്റോ നേതാക്കൾ വെർച്വൽ ഉച്ചകോടിയിൽ ഉക്രെയിൻ സ്ഥിതി വിലയിരുത്തി.
മുപ്പതു ലക്ഷം ജനസംഖ്യയുള്ള കീവിലേക്ക് വ്യോമ, മിസൈൽ, പീരങ്കി ആക്രമണങ്ങളുമായാണ് റഷ്യൻ മുന്നേറ്റം. സിവിലിയന്മാരുൾപ്പെടെ മരിച്ചെന്നാണ് റിപ്പോർട്ട്. ഒബളോൻസ്‌കിയിൽ നിരവധി സ്ഫോടനങ്ങളുണ്ടായി. ഹൈവേകളിലും അപ്പാർട്ടുമെന്റുകളുടെ ഇടവഴികളിലും പോരാട്ടം നടക്കുകയാണ്. നഗരം സ്ഥിതി ചെയ്യുന്ന നീപ്പ നദിയുടെ പടിഞ്ഞാറേ തീരം റഷ്യ കൈയടക്കി.
ഇന്നലെ നാൽപ്പതിലേറെ ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളാണ് നഗരത്തിലേക്ക് പ്രയോഗിച്ചത്. റഷ്യയുടെ യന്ത്രത്തോക്കുകൾ ഘടിപ്പിച്ച കവചിത വാഹനങ്ങളും പീരങ്കികളും നഗരവീഥികളിലൂടെ നീങ്ങുന്നുണ്ട്. യുക്രെയിന്റെ ഒരു സുഖോയ് -27 യുദ്ധവിമാനത്തെ റഷ്യൻ മിസൈൽ തകർത്തു.
റഷ്യൻ പാരാട്രൂപ്പർമാരുടെ നിയന്ത്രണത്തിലായിരുന്ന ഗോസ്‌തോമെൽ വ്യോമത്താവളം യുക്രെയിൻ തിരിച്ചു പിടിച്ചെന്ന് റിപ്പോർട്ടുണ്ട്. എങ്കിലും നഗരം ഏതു നിമിഷവും റഷ്യൻ സേന പിടിച്ചെടുക്കുന്നതിലേക്ക് നീങ്ങുകയാണ്.
കീവിലെ ജനങ്ങൾ കൂട്ടപലായനത്തിലാണ്.
137 മരണമെന്ന് സെലെൻസ്‌കി
 സൈനികരും സിവിലിയന്മാരും ഉൾപ്പെടെ 137 പേർ മരിച്ചതായി സെലെൻസ്‌കി
 യുക്രെയിനിന്റെ 118 സൈനിക കേന്ദ്രങ്ങൾ തകർത്തതായി റഷ്യ
 കരിങ്കടലിലെ സ്‌മീനി ദ്വീപ് റഷ്യൻ സേന പിടിച്ചു
 ദ്വീപിലെ 13 യുക്രെയിൻ ഭടന്മാർ കൊല്ലപ്പെട്ടു
 ശേഷിച്ച 86 ഭടന്മാർ റഷ്യൻ സൈന്യത്തിന് കീഴടങ്ങി.
അഞ്ച് ലക്ഷം ജനസംഖ്യയുള്ള മരിയുപോൾ നഗരത്തിൽ ഉഗ്രസ്‌ഫോടനങ്ങൾ
കീവിലും മറ്റു പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ കൂട്ടപ്പലായനം തുടരുന്നു
 ഒരു ലക്ഷത്തോളം പേർ നാടുവിട്ടെന്നാണ് യു. എൻ കണക്ക്
ചെർണോബിലിൽ ആണവ വികിരണം ?
റഷ്യ പിടിച്ചെടുത്ത ചെർണോബിലിൽ അന്തരീക്ഷത്തിൽ ആണവ വികിരണത്തിന്റെ തോത് വർദ്ധിച്ചതായി റിപ്പോർട്ട്. ആണവ ചോർച്ചയെ തുടർന്ന് പതിറ്റാണ്ടുകളായി നിശ്ചലമായ ആണവ നിലയത്തിന് സമീപം അടിഞ്ഞു കിടന്ന പൊടി റഷ്യയുടെ സൈനിക വാഹനങ്ങളുടെ നീക്കത്തിൽ ഇളകി അന്തരീക്ഷത്തിൽ കലർന്നതാണ് വികിരണത്തിന് കാരണം. ആണവ കേന്ദ്രത്തിന് കാവലിന് റഷ്യ പാരാട്രൂപ്പർമാരെ ഇറക്കും.