ukarine

റഷ്യയുടെ ആക്രമണം തുടരുന്ന യുക്രെയിനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഹംഗറി, റൊമേനിയ, സ്ലോവാക്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലൂടെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിച്ചുവരുന്നു. വിദ്യാർത്ഥികളുടെ എണ്ണത്തെക്കുറിച്ചുള്ള അവ്യക്തതയുണ്ട്. 20000 ത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ യുക്രെയിനിലെ 41 ഓളം മെഡിക്കൽ സ്‌കൂളുകളിലുണ്ട്. മെഡിസിൻ, ഡെന്റൽ, വെറ്ററിനറി സയൻസ്, അഗ്രികൾച്ചർ, മാനേജ്മെന്റ് കോഴ്‌സുകൾക്കാണ് വിദ്യാർത്ഥികളേറെയുള്ളത്. കേരളത്തിൽ നിന്നുള്ള 2300 വിദ്യാർത്ഥികളുണ്ടെന്നാണ് നോർക്കയുടെ കണക്കെങ്കിലും 4500 ലധികം മലയാളി വിദ്യാർത്ഥികൾ യുക്രെയിനിലുണ്ട്. യുദ്ധഭീതിക്കുമുമ്പ് ഞാൻ മൂന്നാഴ്ചക്കാലം യുക്രെയിൻ കാമ്പസുകൾ സന്ദർശിച്ചു വിദ്യാർത്ഥികളുമായി സംസാരിച്ചിരുന്നു! ഉന്നത വിദ്യാഭ്യാസ രംഗത്ത് യൂറോപ്യൻ കൗൺസിലിലെ മികച്ച രാജ്യമായാണ് യുക്രെയിനിനെക്കുറിച്ച് അവരുടെ അഭിപ്രായം. യൂറോപ്യൻ ക്രെഡിറ്റ് ട്രാൻസ്‌ഫർ സൗകര്യം, കുറഞ്ഞ ഫീസ്, ജീവിതച്ചെലവ്, അക്കാഡമിക് റിസർച്ച് സൗകര്യം, മികച്ച ടെക്‌നോളജി എന്നിവ യുക്രെയിൻ കാമ്പസുകളുടെ പ്രത്യേകത. യുക്രെയിൻ യൂണിവേഴ്‌സിറ്റികളെയും മെഡിക്കൽ സ്‌കൂളുകളെയും റഷ്യ ആക്രമിക്കാനുള്ള സാദ്ധ്യതയില്ല. 45 ശതമാനത്തോളം റഷ്യൻ വിദ്യാർത്ഥികൾ യുക്രെയിൻ കാമ്പസുകളിലുണ്ട്. കാമ്പസിനുള്ളിൽ ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് ഭയപ്പെടേണ്ടതില്ല. മിക്ക കാമ്പസുകളിലും ബങ്കറുകളുണ്ട്. കാമ്പസ് ഹോസ്റ്റലിൽ താമസിക്കാതെ പുറത്തു അപ്പാർട്‌മെന്റിൽ താമസിക്കുന്നവരാണ് കൂടുതലായി ബങ്കറുകളിൽ പോകുന്നത്. കീവ്, ഒഡീസി, സുമി, കാർകീവ്, വിനീത്‌സ, ലെയ്‌വ് തുടങ്ങിയ കാമ്പസുകളിലാണ് കൂടുതൽ വിദ്യാർത്ഥികളുള്ളത്. കീവിൽ കടുത്ത ആക്രമണം തുടരുന്നു. കടുത്ത തണുപ്പ് നിലനിൽക്കുന്നു. റോഡ് വഴി വിദ്യാർത്ഥികളെ പോളണ്ട്, ഹംഗറി, റുമോനിയ, സ്ലോവാക്യ മേഖലയിലേക്ക് കിഴക്കൻ മേഖലയിൽ നിന്ന് വിദ്യാർത്ഥികളെ എത്തിക്കുക ഏറെ ശ്രമകരമാണ്. 24 മണിക്കൂറിനകം ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുക്രെയിൻ നിന്നുള്ള വിദ്യാർത്ഥികളെക്കുറിച്ച് രക്ഷിതാക്കൾ ആശങ്കയിലാണ്. ഉപരിപഠനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട! ഇന്ത്യയിൽ തിരിച്ചെത്തി യുക്രെയിൻ സമാധാനം പുനഃസ്ഥാപിച്ചു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് പഠനം പുനരാരംഭിക്കും. അതിനാൽ ഇന്ത്യൻ എംബസി ഒരുക്കുന്ന വഴിയിലൂടെ നാട്ടിലെത്താനാണ് ഇന്ത്യക്കാർ ഉടൻ ശ്രമിക്കേണ്ടത്. സാമൂഹിക മാദ്ധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കരുത്. യുദ്ധത്തിനുശേഷം യുക്രെയിൻ ഏറ്റവും പെട്ടെന്ന് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള തടസ്സപ്പെട്ട വിദ്യാഭ്യാസം പുനരാരംഭിക്കും. ഉക്രെയ്നിലെ മലയാളി വിദ്യാർത്ഥികൾ ശുഭാപ്തി വിശ്വാസത്തോടെ ഇനിയുള്ള മണിക്കൂറുകൾ ചെലവിടണം. രക്ഷിതാക്കൾ അകാരണമായി വിദ്യാർത്ഥികളെ ഭീതിപ്പെടുത്തരുത്.