stock-market

കൊച്ചി: റഷ്യ-യുക്രെയിൻ സംഘർഷ പശ്ചാത്തലത്തിൽ തുടർച്ചയായി ഏഴ് സെഷനുകളിൽ കനത്ത നഷ്‌ടം കുറിച്ച ഓഹരിവിപണി ഇന്നലെ നേട്ടത്തിലേറി. വ്യാഴാഴ്‌ച 2,700 പോയിന്റിടിഞ്ഞ സെൻസെക്‌സ് ഇന്നലെ 1,328 പോയിന്റ് തിരിച്ചുപിടിച്ചു. വ്യാപാരാന്ത്യം സെൻസെക്‌സ് 55,858ലും നിഫ്‌റ്റി 410 പോയിന്റുയർന്ന് 16,658ലുമാണുള്ളത്. വ്യാഴാഴ്‌ച നിഫ്‌റ്റി 815 പോയിന്റ് ഇടിഞ്ഞിരുന്നു.

ടാറ്റാ മോട്ടോഴ്‌സ്,​ ഇൻഡസ്ഇൻഡ് ബാങ്ക്,​ ബജാജ് ഫിനാൻസ്,​ എൻ.ടി.പി.സി.,​ ടെക് മഹീന്ദ്ര,​ ആക്‌സിസ് ബാങ്ക്,​ കോട്ടക് മഹീന്ദ്ര ബാങ്ക്,​ ടി.സി.എസ് എന്നിവയാണ് ഇന്നലെ നേട്ടമുണ്ടാക്കിയ പ്രമുഖർ.

റിയാൽറ്റി, ബാങ്ക്,​ ഫാർമ,​ ഓട്ടോ,​ ധനകാര്യ ഓഹരികളാണ് നിഫ്‌റ്റിക്ക് കുതിപ്പേകിയത്. യൂറോപ്യൻ,​ ചൈനീസ് ഓഹരികളുടെ കരകയറ്റവും ഇന്നലെ ഇന്ത്യൻ ഓഹരികൾക്ക് നേട്ടത്തിലേക്ക് വഴിതുറന്നു.

$100ന് താഴെ

ക്രൂഡോയിൽ

വ്യാഴാഴ്‌ച 105 ഡോളറിലെത്തിയ ബ്രെന്റ് ക്രൂഡ് വില ഇന്നലെ 97.44 ഡോളറിലേക്കും ഡബ്ള്യു.ടി.ഐ ക്രൂഡ് 99.95 ഡോളറിൽ നിന്ന് 91.91 ഡോളറിലേക്കും തിരിച്ചിറങ്ങി. ഉപഭോഗത്തിന്റെ മുന്തിയപങ്കിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് വൻ ആശ്വാസമാണിത്.

സ്വർണം പവന്

₹320 കുറഞ്ഞു

സ്വർണവില ഗ്രാമിന് ഇന്നലെ 40 രൂപയും പവന് 320 രൂപയും കുറഞ്ഞു. 4,685 രൂപയാണ് ഗ്രാമിന്; പവന് 37,480 രൂപ. വ്യാഴാഴ്‌ച പവന് 1,000 രൂപയും ഗ്രാമിന് 125 രൂപയും കൂടിയിരുന്നു. വ്യാഴാഴ്‌ച ഔൺസിന് 1,972 ഡോളർവരെയെത്തിയ രാജ്യാന്തരവില ഇന്നലെ 1,890 ഡോളറിലേക്ക് താഴ്‌ന്നത് നേട്ടമായി. ഇന്നും കേരളത്തിൽ സ്വർണവില കുറഞ്ഞേക്കും.

രൂപയ്ക്കും ഉണർവ്

ഡോളറിനെതിരെ 34 പൈസ ഉയർന്ന് 75.26ലാണ് രൂപ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. വ്യാഴാഴ്‌ച 102 പോയിന്റിടിഞ്ഞിരുന്നു.

₹7.72 ലക്ഷം കോടി

സെൻസെക്‌സിന്റെ നിക്ഷേപകമൂല്യം ഇന്നലെ 7.72 ലക്ഷം കോടി രൂപ ഉയർന്ന് 249.97 ലക്ഷം കോടി രൂപയിലെത്തി. വ്യാഴാഴ്‌ച 13.44 ലക്ഷം കോടി രൂപ ഇടിഞ്ഞിരുന്നു.

നേട്ടമായത് ദുർബല

ഉപരോധങ്ങൾ

റഷ്യയ്ക്കെതിരെ അമേരിക്കയും യൂറോപ്പും പ്രഖ്യാപിച്ച ഉപരോധങ്ങൾ ദുർബലമായതാണ് ഓഹരിക്ക് ഇന്നലെ കുതിപ്പേകിയത്. നിക്ഷേപകരെ സ്വാധീനിച്ച പ്രധാന കാരണങ്ങൾ:

1. റഷ്യയുടെ എണ്ണ, ഗ്യാസ് വില്പനയ്ക്ക് ഉപരോധം ബാധകമല്ല.

2. രാജ്യാന്തര ബാങ്കിംഗ് ഇടപാട് സംവിധാനമായ 'സ്വിഫ്‌റ്റിൽ" നിന്ന് റഷ്യയെ പുറത്താക്കിയില്ല.

3. കരുതൽശേഖരത്തിൽ നിന്ന് കൂടുതൽ ക്രൂഡോയിൽ വിപണിയിലിറക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനം.