ukraine

കീവ്: യുക്രെയിൻ ആയുധം താഴെ വച്ചാൽ ചർച്ച നടത്താമെന്ന് റഷ്യ. ആക്രമണ ലക്ഷ്യം യുക്രെയിന്റെ മോചനമാണെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്രോവ് പറഞ്ഞു. അതേസമയം, യുക്രെയിൻ പ്രസിഡന്റ് സെലൻസ്‌കിയെ ബങ്കറിലേക്ക് മാറ്റി. റഷ്യ കീവ് പിടിക്കുമെന്ന് ഉറപ്പായതോടെയാണ് അദ്ദേഹത്തെ ബങ്കറിലേക്ക് മാറ്റിയത്.

യുക്രെയിൻ തലസ്ഥാനമായ കീവ് പിടിക്കാനുള്ള കനത്ത പോരാട്ടത്തിലാണ് റഷ്യ. ആക്രമണത്തോട് ചെറുത്ത് നിൽക്കാനായി സാധാരണക്കാർ സൈന്യത്തിൽ ചേരണമെന്നും യുക്രൈൻ ജനതയോട് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ ഭാഗമായി പൗരന്മാർക്കും പാർലമെന്റ് അംഗങ്ങൾക്കും ആയുധങ്ങൾ വിതരണം ചെയ്തു.

സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ യുക്രെയിനിൽ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ ഇന്ത്യ ഇന്ന് വിമാനങ്ങൾ അയക്കുന്നുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ റുമാനിയയിലേക്ക് രണ്ട് എയർഇന്ത്യ വിമാനങ്ങളാണ് അയക്കുന്നത്. 1000 വിദ്യാർത്ഥികളെ ഇന്ന് ഒഴിപ്പിക്കാനാണ് പദ്ധതി.

ഹംഗറി, പോളണ്ട്, സ്ലൊവാക്യ, റുമാനിയ അതിർത്തികളിലൂടെ ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. മടങ്ങി വരുന്നവരുടെ മുഴുവൻ ചെലവും കേന്ദ്രസർക്കാർ വഹിക്കും. വിദ്യാർത്ഥികളോട് ഹംഗറി, റൊമാനിയ അതിർത്തിയിൽ എത്താനാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പുതിയ നിർദേശത്തിൽ പറഞ്ഞിരിക്കുന്നത്.

പാസ്‌പോർട്ട് കൈയിൽ കരുതണം. പണം യുഎസ് ഡോളറായി കരുതുന്നതാണ് നല്ലത്. കൊവിഡ് ഡബിൾ വാക്സിനേഷൻ സർട്ടിഫിക്കറ്റുണ്ടെങ്കിൽ അതും കൈയിൽ കരുതണം. യാത്ര ചെയ്യുന്ന വാഹനത്തിൽ വളരെ വ്യക്തമായി ഇന്ത്യൻ പതാക പതിക്കണം. സുരക്ഷ ഉറപ്പ് വരുത്താനാണിതെന്നും എംബസി നിർദേശത്തിൽ പറയുന്നു.