തിരുവനന്തപുരം: തെരുവ് നായ കുഞ്ഞുങ്ങളെ പൊതുജനങ്ങൾക്ക് ദത്തെടുക്കുന്നതിനുള്ള നഗരസഭയുടെ പപ്പി അഡോപ്ഷൻ ക്യാമ്പ് ഇന്ന് രാവിലെ 10 മുതൽ പൂജപ്പുര സ്റ്റേഡിയത്തിൽ നടക്കും. വിവിധ മൃഗക്ഷേമ സംഘടനകൾ, സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. ഇവിടെനിന്ന് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകിയ നാടൻ നായ്ക്കുഞ്ഞുങ്ങളെ ജനങ്ങൾക്ക് സൗജന്യമായി ദത്തെടുക്കാം.
മികിച്ചയിനം തെരുവുനായ കുഞ്ഞുങ്ങളെ ജനങ്ങൾക്ക് സൗജന്യമായി നൽകിക്കൊണ്ട് ഒരു വശത്ത് അതിനെ സംരക്ഷിക്കാനും മറുവശത്ത് നഗരത്തിൽ നായ്ക്കളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യവുമാണ് നഗരസഭ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. നഗരത്തിലെ മുഴുവൻ തെരുവുനായ്ക്കളുടെയും എണ്ണം അറിയാനുള്ള സർവേകൾ പുരോഗമിക്കുകയാണ്. ദത്തെടുക്കാൻ താല്പര്യമുള്ളവർക്ക് നേരിട്ട് ക്യാമ്പിൽ പങ്കെടുക്കാം. tmc.lsgkerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാം.