പെരിയ: കേരള കേന്ദ്ര സർവ്വകലാശാലയുടെ പതിമൂന്നാമത് സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് 2021ലെ ക്വാണ്ടം കമ്പ്യൂട്ടിംഗ് വിഭാഗത്തിലെ പഠനത്തിന് നോബൽ സമ്മാനജേതാവ് പ്രൊഫ.ഡേവിഡ് ജെ.വൈൻലൻഡിന്റെ പ്രഭാഷണം .മാർച്ച് രണ്ടിന് രാവിലെ എട്ടരയ്ക്ക് ഓൺലൈനായാണ് അമേരിക്കയിലെ പ്രശസ്തമായ ഒറിഗോൺ സർവകലാശാല അദ്ധ്യാപകനായ വൈൻലൻഡ് പ്രഭാഷണം നടത്തുന്നത്.
ഗവേഷണത്തിന് പ്രാധാന്യം നൽകുന്നതിനും വിദ്യാർത്ഥികൾക്ക് പ്രേരണയാകുന്നതിനും വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വർലുവിന്റെ നിർദ്ദേശപ്രകാരമാണ് നൊബേൽ ജേതാക്കളുടെ പ്രഭാഷണ പരമ്പര സർവ്വകലാശാലയിൽ ആരംഭിച്ചത്.
2021 ഫെബ്രുവരിയിൽ നൊബേൽ ജേതാവ് പ്രൊഫ.എഡ്വാർഡ് മോസറാണ് ആദ്യ പ്രഭാഷണം നിർവ്വഹിച്ചത്. 2014ൽ നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്ന കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ പൂർണേന്ദു ചാറ്റർജി ചെയർ പ്രൊഫസർ രാമമൂർത്തി രമേശ് മേയ് മാസത്തിലും 2008ൽ രസതന്ത്രത്തിൽ നൊബേൽ പുരസ്‌കാര ജേതാവായ കൊളംബിയ സർവ്വകലാശാല ബയോളജിക്കൽ സയൻസ് വിഭാഗം പ്രൊഫസർ മാർട്ടിൻ ചാൾഫീ ജൂലായിലും പ്രഭാഷണം നടത്തി. പരമ്പരയിലെ നാലാമത്തെ പ്രഭാഷണമാണ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടക്കുന്നത്. രാവിലെ 10ന് ദേശീയ വിദ്യാഭ്യാസനയ സമിതി അംഗം പ്രൊഫ.എം.കെ. ശ്രീധർ സ്ഥാപകദിന പ്രഭാഷണം നടത്തും. വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വർലു അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് കലാപരിപാടികളും അരങ്ങേറും.