ukarine

മോസ്കോ: റഷ്യയുടെ ആക്രമണം ചെറുക്കൻ നാറ്റോയും യു.എസും സഹായിക്കുമെന്നുറച്ചുവിശ്വസിച്ച്, ഒടുവിൽ കൈയൊഴിഞ്ഞതോടെ ഒറ്റപ്പെട്ട യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുടെ രാഷ്ട്രീയ ജീവിതം സിനിമാക്കഥപോലെയാണ്. ഹാസ്യതാരത്തിൽ നിന്ന് രാഷ്ട്രത്തലവനിലേക്കുള്ള അപ്രതീക്ഷിത യാത്ര.

2019 മേയിൽ രാജ്യത്തെ ആറാമത്തെ പ്രസിഡന്റായി അധികാരത്തിലെത്തിയ സെലെൻസ്കിക്ക്(44) രാഷ്ട്രീയ മുൻപരിചയമൊന്നുമില്ല. 2015ൽ ' സെർവെന്റ് ഒഫ് ദ പീപ്പിൾ " എന്ന ടെലിവിഷൻ പരമ്പരയിൽ രാജ്യത്തെ പ്രസിഡന്റിന്റെ വേഷം അവതരിപ്പിച്ചു. അതേ വേഷം യാഥാർത്ഥ്യമായതാണ് സെലെൻസ്കിയുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ ട്വിസ്റ്റ്.

ഹൈസ്കൂൾ ചരിത്ര അദ്ധ്യാപകൻ വീഡിയോയിലൂടെ സർക്കാരിന്റെ അഴിമതിയെ വിമർശിക്കുന്നതും വീഡിയോ വൈറലായതിന് പിന്നാലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് യുക്രെയിൻ പ്രസിഡന്റാകുന്നതുമാണ് പരമ്പരയുടെ ഇതിവൃത്തം. ഇത് പിന്നീട് സത്യമാവുകയായിരുന്നു. സെലെൻസ്കി തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് തന്നെ പുതുവർഷ ദിനം രാവിലെ നടന്ന ഒരു ഹാസ്യ പരിപാടിക്കിടെയായിരുന്നു. തനിക്കുള്ള ജനപ്രീതിയും പിന്തുണയും ഉപയോഗിച്ച് നവമാദ്ധ്യമങ്ങളിലൂടെയടക്കം നടത്തിയ വ്യത്യസ്തമായ കാമ്പെയിനിലൂടെയാണ് സെലെൻസ്കി അധികാരത്തിലെത്തിയത്.

യുക്രെയിനിന്റെ പ്രതാപം തിരിച്ചുപിടിക്കുമെന്നും വിമതവിഷയത്തിൽ പരിഹാരമുണ്ടാക്കുമെന്നും വാഗ്ദാനം നൽകി അധികാരത്തിലെത്തിയ സെലെൻസ്കി ചുരുങ്ങിയ കാലയളവിൽ തന്നെ റഷ്യയുടെ ശത്രുവായി. നാറ്റോയിൽ അംഗത്വം നേടാനുള്ള ശ്രമങ്ങൾ പുട്ടിന്റെ അതൃപ്തി ക്ഷണിച്ചുവരുത്തി. നാറ്റോയിൽ അംഗമാകില്ലെന്ന ഒറ്റ ഉറപ്പാണ് പുട്ടിൻ ആവശ്യപ്പെട്ടത്. എന്നാൽ അവസാന നിമിഷം വരെ നാറ്റോ അംഗത്വത്തിന് ശ്രമിക്കുമെന്ന സെലെൻസ്കിയുടെ നിലപാട് എല്ലാം തകിടം മറിച്ചു. യു.എസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളോട് ചേർന്ന് നടത്തിയ പ്രസ്താവനകളും കൂടിയായപ്പോൾ പുട്ടിന്റെ സൈന്യം യുക്രെയിനിലേക്ക് ഇരച്ചു കയറി. സെലെൻസ്കിയെ സ്ഥാനഭ്രഷ്ടനാക്കാതെ പുട്ടിൻ അടങ്ങില്ലെന്ന സ്ഥിതിയിലേക്കും കാര്യങ്ങളെത്തി.