
നിധീഷിന് 5 വിക്കറ്റ്
രാജ്കോട്ട്: രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെ കേരളം മികച്ച നിലയിൽ. ഒന്നാം ഇന്നിംഗ്സിൽ ഗുജറാത്തിനെ 388 റൺസിന് ഓൾഔട്ടാക്കിയ കേരളം രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ രോഹൻ എസ്. കുന്നുമ്മലിന്റെ മികവിൽ 4 വിക്കറ്റ് നഷ്ടത്തിൽ 277 റൺസ് എടുത്തിട്ടുണ്ട്. ആറ് വിക്കറ്റ് കൈയിലിരിക്കെ ഗുജറാത്തിന്റെ സ്കോറിനൊപ്പമെത്താൻ കേരളത്തിന് 111 റൺസ് കൂടിമതി. വത്സൽ ഗോവിന്ദും (14), വിഷ്ണു വിനോദും (29) ആണ് ക്രീസിൽ.
രോഹൻ എസ്.കുന്നുമ്മലിന്റെ സെഞ്ച്വറിയാണ് കേരളത്തിന്റെ ഇന്നിംഗ്സിലെ ഹൈലൈറ്റ്. 171 പന്ത് നേരിട്ട് 16 ഫോറും 4 സിക്സും ഉൾപ്പെടെ 129 റൺസാണ് രോഹൻ നേടിയത്. ക്യാപ്ടൻ സച്ചിൻ ബേബി അർദ്ധ സെഞ്ച്വറിയുമായി തിളങ്ങി. 100 പന്ത് നേരിട്ട് 6 ഫോറും 1 സിക്സും ഉൾപ്പെടെ സച്ചിൻ 53 റൺസ് നേടി. മൂന്നാം വിക്കറ്റിൽ രോഹനും സച്ചിനും കൂടി കൂട്ടിച്ചേർത്ത 119 റൺസാണ് കേരള ഇന്നിംഗ്സിന്റെ നട്ടെല്ലായത്. ഓപ്പണിംഗ് വിക്കറ്റിൽ പി.രാഹുലിനൊപ്പം (44) 85 റൺസിന്റെ കൂട്ടും കെട്ടും രോഹനുണ്ടാക്കി. മൂന്നാമനായിറങ്ങിയ ജലജ് സക്സേനയ്ക്ക് (4) തിളങ്ങാനായില്ല. ഗുജറാത്തിനായി സിദ്ധാർത്ഥ് ദേശായി രണ്ട് വിക്കറ്റ് വീഴ്ത്തി.
രാവിലെ 334/6 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഗുജറാത്തിന് 54 റൺസ് കൂടിയേ നേടാനായുള്ളൂ. അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ എം.ഡി നിതീഷാണ് ഗുജറാത്ത് ബാറ്റിംഗ് നിരയിൽ ഏറെ നാശം വിതച്ചത്. ബേസിൽ തമ്പി 4 വിക്കറ്റ് വീഴ്ത്തി.