
ചിറയിൻകീഴ്: റവന്യൂ വകുപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി രണ്ട് വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിലായി. മയ്യനാട് പുല്ലിച്ചിറ പള്ളിക്ക് സമീപം ജിജി ഭവനിൽ ജിജോ എന്ന് വിളിക്കുന്ന ടാനി മാത്യുവിനെയാണ് (23) പൊലീസ് അറസ്റ്റ് ചെയ്തത്. മുട്ടപ്പലം നവഭാവന ജംഗ്ഷന് സമീപം ഷീജാ നിവാസിൽ റവന്യൂ വകുപ്പ് ജീവനക്കാരനായ വിനോദ് കുമാറിനെ രണ്ട് വർഷങ്ങൾക്ക് മുൻപ് വീട്ടിൽ അതിക്രമിച്ച് കയറി ഇരുമ്പ് പൈപ്പ് കൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ഇടതുകാൽ അടിച്ചൊടിക്കുകയും ചെയ്ത ശേഷം ഒളിവിൽ കഴിയുകയായിരുന്നു. ഇയാളെ കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ദിവ്യാ ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്റെ നിർദ്ദേശാനുസരണം, ചിറയിൻകീഴ് ഇൻസ്പെക്ടർ ജി.ബി. മുകേഷിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് സബ് ഇൻസ്‌പെക്ടർ വിനീഷ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഷജീർ, സി.പി.ഒമാരായ വിഷ്ണു, നൂറുൽ അമീൻ, ഷാഡോ ടീമംഗങ്ങളായ സബ് ഇൻസ്പെക്ടർ ഫിറോസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ദിലീപ്, സി.പി.ഒ സുനിൽരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കാതെ രണ്ട് വർഷമായി പല സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.