ajim

കിളിമാനൂർ: കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒഴിവിലായിരുന്ന യുവാവ് അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്ത കാട്ടുംപുറത്ത് തോട്ടിൻക്കര പുത്തൻ വീട്ടിൽ അജിംഷായാണ് (23) അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ജനുവരി 5നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന പ്രതി ഒളിവിൽ പോയി.

ഇതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ഈ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം നെടുമ്പാശേരി എയർപോർട്ടിൽ വച്ച് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ദിവ്യാ വി.ഗോപിനാഥിന്റെ നിർദേശാനുസരണം ആറ്റിങ്ങൽ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ എസ്.എച്ച്.ഒ സനൂജ്, എസ്.ഐമാരായ വിജിത്ത് വി.നായർ, സവാദ് ഖാൻ, ഷാജി, സി.പി.ഒമാരായ ഷംനാദ്, രജിത് രാജ്, മഹേഷ്, ഷിജു, സുനിൽ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.