
പത്തനംതിട്ട: ജില്ലയിൽനിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികൾ കുടുങ്ങിയ ഖാർകീവിൽ മെട്രോ ഉൾപ്പെടുന്ന സ്ഥലം റഷ്യൻ സേന വളഞ്ഞു. മെട്രോയിലെ ടണലിൽ തങ്ങൾ സുരക്ഷിതരാണെന്ന് അടൂർ സ്വദേശി അശ്വിൻ പ്രസാദ് കാർകീവിൽ നിന്ന് ഫോണിൽ കേരളകൗമുദിയോടു പറഞ്ഞു. രണ്ടു ദിവസത്തേക്കു കൂടിയുളള ഭക്ഷണം കൈയിലുണ്ട്. പിന്നെയെന്താവുമെന്ന് അറിയില്ല. വൈദ്യുതി ഇടയ്ക്കിടെയാണ് ലഭിക്കുന്നത്. ഇന്റർനെറ്റിന് ഇതുവരെ തടസം നേരിട്ടിട്ടില്ല. പുറത്തേക്കിറങ്ങിയാൽ റഷ്യയുടെ ഷെല്ലാക്രമണത്തിന്റെ ശബ്ദമാണ്. യുദ്ധം തുടങ്ങിയ ദിവസം കടകൾ തുറന്നില്ല. ഇന്നലെ രണ്ട് കടകൾ തുറന്നത് ആശ്വാസമായി. എ.ടി.എം സെന്ററുകൾ അടച്ചിട്ടിരിക്കുകയാണ്. ഒരു ഇന്ത്യാക്കാരനു പോലും ജീവഹാനിയുണ്ടാകില്ലെന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിന്റെ വാക്കിൽ വിശ്വസിച്ചിരിക്കുകയാണ് തങ്ങൾ. ഇന്ത്യൻ എംബസി അധികൃതർ ഇടയ്ക്കിടെ ബന്ധപ്പെടുന്നുണ്ട്.
തനിക്കൊപ്പം പന്തളം സ്വദേശി രാഹുൽ കൃഷ്ണ, കൊല്ലം ആയൂർ സ്വദേശി സ്വദേശി ജിഷ ഷാജി, കണ്ണൂരുകാരായ അപർണ്ണ വിനാദ്, അജിൽ എബ്രഹാം, കാസർകോട് സ്വദേശി അനുശ്രീ ലക്ഷ്മൺ, പാലക്കാട് നിന്നുള്ള ലക്ഷ്മിപ്രിയ തുടങ്ങിയവരുണ്ടെന്ന് അശ്വിൻ പ്രസാദ് പറഞ്ഞു.