
റഷ്യ- യുക്രെയിൻ സംഘർഷ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിഷ്പക്ഷ നിലപാട് നൂറു ശതമാനം ശരിയാണ്. യു.എസിനോട് അനുഭാവമുള്ള ഒരു വലിയ തന്ത്രപ്രധാന സമൂഹം ഇന്ത്യയിലുണ്ട്. എന്നാൽ, അമേരിക്കയെ അനുകൂലിക്കുന്ന നിലപാടല്ല ഇന്ത്യയുടേത്. ഒരു തരത്തിലും റഷ്യയെ വിമർശിക്കാൻ ഇന്ത്യ തയ്യാറായിട്ടില്ല. ഇന്ത്യയുടെ നിഷ്പക്ഷത പോലും റഷ്യയോടുള്ള അനുഭാവമാണ്.
റഷ്യയുമായുള്ള നയത്തിൽ ഉറച്ചു വിശ്വസിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് പ്രധാനമാണ്. പുട്ടിനുമായി അടുത്ത ബന്ധം മോദിക്കുണ്ട്. ഇന്ത്യയുടെ കാര്യത്തിൽ യു.എസ് സ്വീകരിക്കുന്ന ചില നയങ്ങളിൽ ഇപ്പോഴും ഇന്ത്യയ്ക്ക് സംശയമുണ്ട്. റഷ്യയ്ക്ക് എതിരായ നയത്തിൽ ഇന്ത്യ പങ്കു ചേരണമെന്ന് യു.എസിന് താത്പര്യമുണ്ടായിരുന്നു. എന്നാൽ, റഷ്യയിൽ നിന്ന് എസ് 400 മിസൈൽ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചപ്പോൾ യു.എസ് ഉപരോധ ഭീഷണി ഉയർത്തിയെങ്കിലും മോദി വകവച്ചില്ല.
ഇന്ത്യ വാങ്ങുന്ന 70 ശതമാനം ആയുധങ്ങളും റഷ്യയുടേതാണ്. നൂതന സാങ്കേതികവിദ്യ കൈമാറുന്നതിൽ പാശ്ചാത്യ ലോകത്തിന് ഒരു താത്പര്യവുമില്ല. റഷ്യ മാത്രമാണ് ഇന്ത്യയ്ക്ക് ഇതു കൈമാറാൻ തയ്യാറായത്. ബ്രഹ്മോസ് ഉദാഹരണം. ആണവ അന്തർവാഹിനികൾ ഇന്ത്യയ്ക്ക് റഷ്യ പാട്ടത്തിന് നൽകിയിരിക്കുകയാണെന്നതും മറക്കരുത്. മറ്റൊന്ന്, നമ്മുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയാണ്. ഇതിനോട് റഷ്യ മാത്രമാണ് താത്പര്യം കാണിച്ചത്. അതിനാൽത്തന്നെ മോദിയെ സംബന്ധിച്ചടത്തോളം റഷ്യ വലിയൊരു തൂണാണ്. ചൈനയുടെ പ്രശ്നം വരുമ്പോൾ ഇന്ത്യയ്ക്കൊപ്പം നിൽക്കുക റഷ്യ മാത്രമാണെന്ന ബോദ്ധ്യവും മോദിക്കുണ്ട്.
നിലവിലെ സാഹചര്യത്തിൽ ഒരു മൂന്നാം ലോക മഹായുദ്ധത്തിനുള്ള സാദ്ധ്യതകൾ വിരളം. കാരണങ്ങൾ പലതാണ്. യു.എസിൽ നിന്ന് 10,000 കിലോമീറ്റർ അകലെയുള്ള രാജ്യമായ യുക്രെയിനിൽ ണഎന്തിനാണ് യു.എസ് ഇടപെടുന്നതെന്ന സ്വാഭാവികമായ ചോദ്യം അമേരിക്കക്കാർക്കിടയിലുണ്ട്. യു.എസിൽ നടന്ന അഭിപ്രായ സർവേകളിലും ഇതാണ് പ്രതിഫലിച്ചത്.
അഫ്ഗാനിസ്ഥാനിലെ തോൽവിക്കു ശേഷം മറ്റു രാജ്യങ്ങളുടെ കാര്യങ്ങളിലുള്ള ഇടപെടൽ വേണ്ടെന്ന് അമേരിക്കയിലെ ഭൂരിപക്ഷം ആഗ്രഹിക്കുന്നു. കൊവിഡിനെ തുടർന്നുള്ള അമേരിക്കയുടെ സാമ്പത്തിക സ്ഥിതിയും മോശമാണ്. പട്ടിണിയിലായവരുടെ ശതമാനം കൂടി. അതിനാൽ, ഇക്കാര്യങ്ങളിലാണ് യു.എസ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ജനങ്ങൾ പറയുന്നു.
മറ്റൊന്ന്, യു.എസ് ഭരണഘടന അനുസരിച്ച് യുദ്ധത്തിന് കോൺഗ്രസിന്റെ അനുമതി വേണം. അത് കിട്ടില്ല. നവംബറിൽ യു.എസിൽ മദ്ധ്യകാല തിരഞ്ഞെടുപ്പ് (ഇന്ത്യയിലെ പാർലമെന്റ് തിരഞ്ഞെടുപ്പ് പോലെ) നടക്കും. അതിനു മുമ്പ് യുദ്ധത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. യുദ്ധമുണ്ടായാൽ 2024ലെ തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും നന്നായറിയാം. യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയുടെ കൂടെ നിൽക്കില്ല, ഇവിടങ്ങളിലേക്ക് അഭയാർത്ഥി പ്രവാഹവുമുണ്ടാകും.നിലവിലെ സാഹചര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ സംഘർഷത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് യുക്രെയിനിലെ ഭരണകൂടത്തെ മാറ്റുകയെന്ന തന്ത്രം മാത്രമാണ് പുട്ടിനുള്ളത്.
(എം.കെ ഭദ്രകുമാർ, മുൻ അംബാസിഡർ)