
മുംബയ്: നാനാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്ഇ) മുൻ മേധാവി ചിത്ര രാമകൃഷ്ണന്റെ തീരുമാനങ്ങളെ സ്വാധീനിച്ചതായി ആരോപിക്കപ്പെടുന്ന നിഗൂഢ 'ഹിമാലയൻ യോഗി'യെ കണ്ടെത്തി. സ്‌റ്റോക്ക് മാർക്കറ്റ് കൃത്രിമം കേസിൽ അറസ്റ്റിലായ മുൻ എൻഎസ്ഇ ഉദ്യോഗസ്ഥൻ ആനന്ദ് സുബ്രഹ്മണ്യൻ ആണ് ഈ വിവാദനായകനായ യോഗി.
ആനന്ദ് സുബ്രഹ്മണ്യനാണ് ചിത്ര രാമകൃഷ്ണയുമായി ഇമെയിൽ വഴി ആശയവിനിമയം നടത്തിയ യോഗിയെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. യോഗിയുടെ സ്വാധീനത്തിൽ ചിത്ര രാമകൃഷ്ണൻ എടുത്ത തീരുമാനങ്ങളിലൊന്നാണ് അദ്ദേഹത്തിന്റെ വിവാദ നിയമനമെന്ന് മാർക്കറ്റ് റെഗുലേറ്റർ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ) തങ്ങളുടെ റിപ്പോർട്ടിൽ വ്യക്തമാക്കി.
ഒരു ഇമെയിൽ ഐഡി വഴിയാണ് ആനന്ദ് സുബ്രഹ്മണ്യൻ യോഗിയാണെന്ന് വെളിപ്പെടുത്തിയതെന്ന് സിബിഐ പറയുന്നു. 2013 നും 2016 നും ഇടയിൽ ചിത്ര രാമകൃഷ്ണ എൻഎസ്ഇയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ഇയാളുമായിപങ്കുവെച്ചതായി സിബിഐയ്‌ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്.
ഈ മെയിലുകളിൽ ചിലത് ആനന്ദ് സുബ്രഹ്മണ്യന്റെ മറ്റൊരു മെയിൽ ഐഡിയിൽ അടയാളപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. സുബ്രഹ്മണ്യന്റെ മെയിൽ ഐഡികളിൽ നിന്ന് ഈ മെയിലുകളുടെ സ്‌ക്രീൻഷോട്ടുകൾ കണ്ടെടുത്തിട്ടുണ്ട്. സുബ്രഹ്മണ്യനെ കഴിഞ്ഞയാഴ്ച നാല് ദിവസത്തേക്ക് സിബിഐ ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ ചെന്നൈയിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനോട് സുബ്രഹ്മണ്യൻ സഹകരിച്ചില്ല, ഒഴിഞ്ഞുമാറുന്ന മറുപടിയാണ് അദ്ദേഹം നൽകിയതെന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞു.
2013ൽ എൻഎസ്ഇയിൽ ചീഫ് സ്ട്രാറ്റജിക് അഡ്‌വൈസറായി സുബ്രഹ്മണ്യനെ നിയമിക്കുകയും തുടർന്ന് 2015ൽ ചിത്ര രാമകൃഷ്ണ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസറായി സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. ക്രമക്കേട് ആരോപിച്ച് 2016ൽ എൻഎസ്ഇ വിട്ടു.