jency-aan-jose

ചെങ്ങന്നൂർ: ബൈക്കിന്റെ പിൻടയർ പൊട്ടി നിയന്ത്രണംവിട്ട് എതിരെവന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിൽ ഇടിച്ച് ബൈക്കിൽ യാത്ര ചെയ്തിരുന്ന ബന്ധുക്കളായ യുവാവും യുവതിയും മരിച്ചു. ചാരുംമൂട് ചുനക്കര തെക്ക് കൊപ്പാറയിൽ എ.ജെ വില്ലയിൽ ഷിബുവിന്റെ മകൻ അലൻ ജെ.തോമസ് (27), ചുനക്കര തെക്ക് നമ്പോഴിൽ ജയിൻ വില്ലയിൽ ജോസിന്റെ മകൾ ജെൻസി ആൻ ജോസ് (25) എന്നിവരാണ് മരിച്ചത്. ഷിബുവിന്റെ പിതൃസഹോദര പുത്രനാണ് ജോസ്.

ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ കല്ലിശേരി ഇറപ്പുഴ പാലത്തിനു സമീപമായിരുന്നു അപകടം. തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ടെക്‌നീഷ്യനാണ് ജെൻസി. ഡൂട്ടിക്കായി അലനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. കോട്ടയത്തുനിന്ന് വരികയായിരുന്നു ബസ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുവൈറ്റിൽ ജോലി നോക്കുന്ന തിരുവനന്തപുരം പൂവാർ സ്വദേശിയായ യുവാവുമായി മേയ് 4ന് ജെൻസിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ജെൻസിയുടെ മാതാവ് ജൂലി. സഹോദരൻ ജയൻ ടി.ജോസ് (ഒൻപതാം ക്ളാസ് വിദ്യാർത്ഥി). ചാരുംമൂട്ടിലെ വസ്ത്രശാലയിലെ ജീവനക്കാരനാണ് അലൻ. മാതാവ് ഗ്രേസി. പോളിടെക്നിക് വിദ്യാർത്ഥി അനുവാണ് സഹോദരൻ.