
കടയ്ക്കാവൂർ: പാലാംകോണം സ്വദേശിയായ വയോധികയെ വീട്ടിൽക്കയറി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി പാലാംകോണം വൈഷ്ണവവിലാസത്തിൽ കാക്ക സുനു (46) എന്നറിയപ്പെടുന്ന അനിൽകുമാറിനെ കടയ്ക്കാവൂർ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചയോടെ പ്രതി പണം ആവശ്യപ്പെട്ട് വയോധികയുടെ വീട്ടിൽ എത്തുകയും, പണം നൽകാത്തതിനെ തുടർന്ന് വീടിനുള്ളിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ സംഭവത്തിനു ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് സ്ഥലത്തു നിന്ന് രക്ഷപ്പെട്ടത്. പരിക്കേറ്റ വയോധിക ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ ചികിത്സ തേടി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രദേശമാകെ വളയുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. കടയ്ക്കാവൂർ എസ്.എച്ച്.ഒ രാജേഷ്, എസ്.ഐ. ദീപു, നസീറുദീൻ, മാഹീൻ, എ.എസ്.ഐ ശ്രീകുമാർ, രാജീവ്, സി.പി.ഒ ജ്യോതിഷ്, സിയാദ്, ഡാനി, സുജിൽ എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.