
കൊല്ലം: സമയക്രമത്തിലെ തർക്കത്തെ തുടർന്ന് നടുറോഡിൽ ഏറ്റുമുട്ടുകയും സ്വകാര്യബസ് മാനേജരുടെ കൈ കമ്പിവടി കൊണ്ട് അടിച്ചൊടിച്ച സംഘത്തിലെ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊറ്റങ്കര മാടൻകാവ് വിജയ ഭവനത്തിൽ വിനയകുമാർ (26, കുക്കു) ആണ് ഒളിവിൽ കഴിയുന്നതിനിടെ എറണാകുളത്തുനിന്ന് പിടിയിലായത്. അക്രമസംഘത്തിലുൾപ്പെട്ട ഇമ്മാനുവൽ റോബർട്ട് എന്നയാളെ നെടുമങ്ങാട് നിന്ന് നേരത്തെ പിടികൂടിയിരുന്നു.
ജനുവരി 24ന് ശക്തികുളങ്ങര മരിയാലയം ജംഗ്ഷനിൽ വച്ച് ചവറ ഇളമ്പള്ളൂർ റൂട്ടിൽ സർവീസ് നടത്തുന്ന അമ്പാടി ബസിന്റെ മാനേജർ അനിൽരാജിനെയാണ് ആക്രമിച്ചത്. ചവറ- ഇളമ്പള്ളൂർ റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീശാസ്ത, അമ്പാടി എന്നീ ബസുകൾ തമ്മൽ വാക്കേറ്റവും കൈയ്യാങ്കളിയും നിത്യസംഭവമായിരുന്നു. ഇടയ്ക്ക് ശ്രീശാസ്ത ബസിലെ ജീവനക്കാർക്ക് അമ്പാടി ബസിലെ ജീവനക്കാരിൽ നിന്നും മർദ്ദനം ഏൽക്കേണ്ടിവരികയും തുടർന്ന് ജീവനക്കാർ വിനയകുമാറിനെ അമ്പാടി ബസിലെ ജീവനക്കാരെ ആക്രമിക്കാൻ പതിനായിരം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയത്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിനയകുമാർ എറണാകുളം പാലാരിവട്ടത്ത് ഭാര്യവീട്ടിലുണ്ടെന്ന് കണ്ടെത്തിയാണ് പിടികൂടിയത്. ഇയാൾക്കെതിരെ തൃശൂർ, എറണാകുളം, കൊല്ലം ജില്ലകളിൽ ഏഴോളം കേസുകൾ നിലവിലുണ്ട്. കിളികൊല്ലൂർ, എഴുകോൺ, കൊട്ടിയം, കുണ്ടറ, തൃശൂർ ഈസ്റ്റ്, പാലാരിവട്ടം, കോടനാട് സ്റ്റേഷനുകളിലും കേസുണ്ട്, ഇയാൾ മദ്യത്തിനും മയക്ക് മരുന്നിനും അടിമയാണെന്ന് പൊലീസ് പറഞ്ഞു. ശക്തികുളങ്ങര സി.ഐ യു. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ. ആശ, എ.എസ്.ഐമാരായ ഡാർവിൻ, പ്രദീപ്, സി.പി.ഒ ശ്രീലാൽ എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.