
കൊല്ലം: ഉച്ചഭക്ഷണം കവർന്നെടുക്കുന്നത് തടഞ്ഞ അശരണനായ വയോധികനെ കുത്തി പരിക്കേൽപ്പിച്ച യുവാവ് പിടിയിലായി. തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് സ്റ്റേഷന് സമീപം കരയടിവിള തോട്ടുംകര വീട്ടിൽ ജോസ് (39) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കൊല്ലം പാർവ്വതി മില്ലിന്റെ മുന്നിലാണ് സംഭവം. വയോധികൻ ഉൾപ്പെടെയുള്ള നാലുപേർക്ക് സമീപത്തെ ദേവാലയത്തിലെത്തിയ സ്ത്രീ ഭക്ഷണപ്പൊതി നൽകിയിരുന്നു. അവിടെ എത്തിയ ജോസ് പൊതിച്ചോറ് കവർന്നെടുക്കാൻ ശ്രമിക്കുകയും തടസം നിന്ന വയോധികനെ സമീപത്ത് കിടന്ന കുപ്പി പൊട്ടിച്ച് നെഞ്ചിൽ ആഴത്തിൽ കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ വഴി യാത്രക്കാരും മറ്റും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച ജോസിനെ പൊലീസ് സംഘം സംഭവ സ്ഥലത്തുനിന്ന് പിടികൂടുകയായിരുന്നു. വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വാടിയിൽ കഴിയുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ രതീഷ്കുമാർ, എ.എസ്.ഐ സി. മിനുരാജ്, സി.പി.ഒ സനോജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.