
ചാത്തന്നൂർ: കടയിൽ സാധനം വാങ്ങാനെത്തിയവർ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു, മൂന്ന് പേർക്ക് വെട്ടേറ്റു. ഉളിയനാട് കോളനി സ്വദേശികളായ ചരുവിള വീട്ടിൽ രാജേഷ് (36), ചരുവിള വീട്ടിൽ സുരേഷ് (39), ബന്ധുവായ സിജോൺ(36) എന്നിവർക്കാണ് വെട്ടേറ്റത്. സുരേഷിനെയും രാജേഷിനെയും പാരിപ്പളളി മെഡിക്കൽ കോളജ് ആശുപത്രിയിലും സിജോണിനെ നെടുങ്ങോലം രാമറാവുമെമ്മോറിൽ ഗവ.താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഉളിയനാട് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന സുനിൽകുമാർ (38), കേതേരി ചരുവിളവീട്ടിൽ സജി (36) എന്നിവരെ ചാത്തന്നൂർ പൊലീസ് അറസ്റ്റുചെയ്തു.
ഇന്നലെ രാത്രി 8മണിയോടെ കോളനിയിലെ പഞ്ചായത്ത് കിണറിനു സമീപമുള്ള കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തുകയായിരുന്നു സുനിൽകുമാർ. സുനിൽ കുമാറും സുഹൃത്തുക്കളും സ്ഥിരമായി മദ്യപിച്ച് കോളനിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണന്ന് പൊലീസ് പറയുന്നു. സുരേഷുമായി ഇതിനെ ചൊല്ലി മുമ്പ് തർക്കം ഉണ്ടായിട്ടുണ്ട്. കടയുടെ പരിസരത്ത് നിൽക്കുകയായിരുന്ന സുരേഷുമായി വീണ്ടും വാക്കുതർക്കമുണ്ടായി. ഇരുവരെയും സമീപവാസികൾ സമാധാനപ്പെടുത്തി പറഞ്ഞുവിട്ടു. എന്നാൽ രാത്രി 11.30 ഓടെ സുനിൽകുമാറും കൂട്ടുകാരും ചേർന്ന് മാരകായുധങ്ങളുമായി എത്തി കടയ്ക്ക് സമീപം സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന സുരേഷിനെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ രജേഷിനെയും സിജോണിനെയും പ്രതികൾ ആക്രമിച്ചു. പ്രതികൾക്കെതിരെ പട്ടികജാതി നിയമപ്രകാരം ചാത്തന്നൂർ പൊലീസ് കേസ്സെടുത്തു.