iskandar

മോസ്കോ: റഷ്യ- യുക്രെയിൻ സംഘർഷങ്ങളുടെ തുടക്കം മുതൽ ലോകം ഉറ്റുനോക്കിയിരുന്നത് റഷ്യയുടെ പക്കലുള്ള അതിവിനാശകാരിയായ ഒരു മിസൈലിലേക്കാണ്- ഇസ്കൻഡർ- എം ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈൽ! യുക്രെയിൻ അതിർത്തിക്കു സമീപം റഷ്യ ഇസ്കൻഡർ- എം മിസൈൽ വ്യൂഹവും വിന്യസിച്ചിരുന്നു. എന്താണ് ശരിക്കും ഇസ്കൻഡർ? എന്തുകൊണ്ട് ഇസ്കൻഡറിനെ ഭയക്കണം?

ശത്രുക്കൾക്ക് മുന്നറിയിപ്പു നൽകാതെ ആക്രമിക്കാനായി റഷ്യ വികസിപ്പിച്ചെടുത്ത അത്യാധുനിക മിസൈലാണ് 9K 720 ഇസ്കൻഡർ (നാറ്റോ റിപ്പോർട്ടിംഗ് നാമം SS - 26 സ്റ്റോൺ). മനുഷ്യരാശിയുടെ സംരക്ഷകൻ എന്നാണ് ഇസ്കൻഡർ എന്ന അറബിക് പദത്തിന് അർത്ഥം. മൂലരൂപം ഗ്രീക്ക്.

9K 720 ഇസ്കൻഡറിന്റെ വകഭേദങ്ങളാണ് ഇസ്കൻഡർ- എം, ഇസ്കൻഡർ- കെ, ഇസ്കൻഡർ - ഇ.

ഏറ്റവും അപകടകാരി ഇസ്കൻഡർ- എം ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈൽ. 2006 മുതൽ ഉപയോഗത്തിൽ.

പ്രഹരപരിധി 500 കി. മീ വരെ. ആണവ ശേഷിയുള്ള മിസൈൽ. ഭാരം 4,615 കിലോ. ഭാരവാഹകശേഷി 710 - 800 കി.

ഹൈപ്പർ സോണിക് വേഗത (സെക്കൻഡിൽ 2100- 2600 മീറ്റർ (മണിക്കൂറിൽ 7560- 9360 കി.മീ).

ഒറ്റ പോർമുനയിൽ രണ്ട് ഫുട്ബോൾ മൈതാനങ്ങളുടെ വിസ്തൃതിയിലുള്ള (25,000 സ്ക്വയർ മീറ്റർ ) പ്രദേശത്ത് നാശം വിതയ്ക്കും.

ആണവ പോർമുനകൾ ഘടിപ്പിച്ചാൽ 5 മുതൽ 50 കിലോ ടൺ ടി.എൻ.ടി ശക്തിയുള്ള സ്ഫോടനങ്ങൾ നടത്താം.

ശത്രുപ്രദേശം സ്കാൻ ചെയ്ത്, കവചിത സൈനിക വാഹനങ്ങൾ കണ്ടെത്തി തകർക്കുന്ന സ്മാർട്ട് ബോംബുകൾ ഉപയോഗിച്ച് ആക്രമണം നടത്താൻ ഇസ്കൻഡറിനു കഴിയും. ഇലക്ട്രോമാഗ്നറ്റിക് പൾസ് പോർമുനകൾ വഴിയും ശത്രുവിനെ വിറപ്പിക്കാം. ഇ- ബോംബുകൾ എന്നറിയപ്പെടുന്ന ഇവ ഒരു പ്രദേശത്തെ ഇലക്ട്രോണിക് ഉപകരണങ്ങളെ മുഴുവൻ തകർക്കും. ലോകത്തെവിടെയെങ്കിലും ഇത്തരമൊരു ആക്രമണം നടന്നതായി കേട്ടുകേൾവിയില്ലെങ്കിലും അത്തരം സാദ്ധ്യത തള്ളാനാകില്ല.

യുദ്ധഭൂമിയിലെ കരുത്തുറ്റ ബങ്കറുകൾ പോലും തകർക്കും.

ഉള്ളിൽ ലോഡ് ചെയ്ത ലക്ഷ്യസ്ഥാനത്തിന്റെ ചിത്രം കേന്ദ്രീകരിച്ച് ആക്രമണം.

പ്രത്യേക ഡ്രോണുകളിൽ നിന്നുള്ള ഡേറ്റ ശേഖരിച്ച് ആക്രമണം നടത്തും.

നേരത്തേ ജോർജിയൻ യുദ്ധത്തിലും 2017ൽ സിറിയയിലും റഷ്യ ഇസ്കൻഡർ ഉപയോഗിച്ചു.