war-protest

റഷ്യ യുക്രെയിനെ ആക്രമിച്ചതിനെതിരെ കായിക ലോകത്തും വലിയ പ്രതിഷേധങ്ങൾ

മോസ്കോ: റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിനെതിരെ കായിക ലോകത്തും വലിയ പ്രതിഷേധമാണ് ഉയർന്നത്. യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫൈനൽവേദി ഉൾപ്പെടെ റഷ്യയിൽ നിന്ന് മാറ്റി. റഷ്യൻ ഗ്രാൻ പ്രിയും ഉപേക്ഷിച്ചു. യൂറോപ്പ ലീഗിൽ ബാഴ്സലോണയും നാപ്പൊളിയും തമ്മിലുള്ള മത്സരത്തിന് മുമ്പ് ഇരുടീമിലേയും താരങ്ങൾ ഒന്നിച്ച് സ്റ്റോപ്പ് വാർ എന്ന ബാനറുയർത്തി. രാജ്യത്ത് യുദ്ധം തുടങ്ങിയപ്പോൾ ബാസ്കറ്റ് ബാൾ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി സ്പെയിനിലായിരുന്ന യുക്രെയിൻ ബാസ്കറ്റ്ബാൾ ടീമിന്റെ പ്രതിഷേം ലോകത്തിന്റെ കണ്ണു നനയിച്ചു. യുക്രെയിൻ ടീമിലെ ആർട്ടെം പുസ്തോവിയ നോ വാർ എന്ന് മുഖത്തെഴുതിയാണ് മത്സരത്തിനെത്തിയത്. ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ദിനമാണിതെന്നാണ് പുസ്തോവിയ പറഞ്ഞത്. ഒരു മിനിട്ടിന് മൗനത്തിന് ശേഷമാണ് മത്സരം ആരംഭിച്ചത്. മത്സരത്തിൽ സ്പെയിനോട് തോറ്റെങ്കിലും കാണികൾ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് യുക്രെയിൻ താരങ്ങളോട് പിന്തുണ അറിയിച്ചത്. മത്സര ശേഷം യുക്രെയിൻ താരങ്ങൾ പൊട്ടിക്കരയുകയായിരുന്നു. വിമാനസർവീസില്ലാത്തതിനാൽ സ്പെയിനിൽ തന്നെ തുടരുകയാണ് യുക്രെയിൻ ടീം. വിവിധ ഫുട്ബാൾ ലീഗിൽ കളിക്കുന്ന യുക്രെയിൻ താരങ്ങളും യുദ്ധത്തിനെതിരെ പ്രതിഷേധിച്ചു. സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബായ സ്പോർട്ടിംഗ് ഗിജിയോണിന്റെ യുക്രെയിൻ താരം വാസിൽ ക്രാവെറ്റ്സ് തനിക്ക് റഷ്യയ്ത്ക്കെതിരെ യുദ്ധം ചെയ്യണമെന്ന് പറ‌ഞ്ഞതും പ്രതിഷേധത്തിന്റെ അടയാളമായി. ഒരു തോക്ക് ലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് പോലും എനിക്കറിയില്ല. പക്ഷേ എന്റെ രാജ്യത്തെ ജനങ്ങളെ കൊല്ലുന്ന, ആശുപത്രികൾ തകർക്കുന്ന റഷ്യയോട് എനിക്ക് യുദ്ധം ചെയ്യണം. ഇതെല്ലാം പുട്ടിൻ കാരണമാണ്. ക്രാവെറ്റ്‌സ് പറഞ്ഞു.

റഷ്യയ്ക്ക് എതിരെ

മേയ് 28ന് നടക്കേണ്ട യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദി റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ നിന്ന് പാരീസിലേക്ക് മാറ്റിയതായി യുവേഫ അറിയിച്ചു. യൂവേഫ ടൂർണമെന്റുകളിൽ കളിക്കുന്ന റഷ്യയിലേയും യുക്രെയിനിലേയും ടീമുകൾക്ക് നിഷ്‌പക്ഷവേദിഖളിൽ കളിക്കാം.

റഷ്യയയോടുള്ള പ്രതിഷേധമായി ഇറ്റാലിയൻ ഫുട്ബാൾ അസോസിയേഷന്റെ എല്ലാ മത്സരങ്ങളും അഞ്ച് മിനിട്ട് താമസിച്ചേ ഈ ആഴ്ച നടത്തൂ,.

സോചി വേദിയാകേണ്ട റഷ്യൻ ഗ്രാൻപ്രിക്സ് ഇത്തവണ ഉണ്ടാകില്ലെന്ന് ഫോർമുലവൺ അധികൃതർ അറിയിച്ചു. റഷ്യൻ ഗ്രാൻപ്രിക്സിൽ മത്സരിക്കില്ലെന്ന് ജർമ്മൻ ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റൽ നേരത്തേ തന്നെ അഭിപ്രായപ്പെട്ടിരുന്നു.

റഷ്യയിലും ബെലറൂസിലും നടത്താൻ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ ഉപേക്ഷിക്കാൻ ഇന്റർ നാഷണൽ ഒളിമ്പിക് കമ്മിറ്റി നീക്കം തുടങ്ങി.

റഷ്യൻ എയർലെൻസ് എയ്റോഫ്ലോട്ട്‌സിസിന്റെ സ്പോൺസർ ഷിപ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് റദ്ദാക്കി

യുക്രെയിനോടുള്ള ഐക്യപ്പെടലായി മത്സരത്തിന് മുമ്പ് മുഴക്കാറുള്ള സൈറൺ ഈ ആഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരായ കളിക്ക് മുൻപ് എവർട്ടണിന്റെ മൈതാനമായ ഗുഡിസൺ പാർക്കിൽ മുഴങ്ങില്ല.