
ആലുവ: ജാമ്യം നേടി വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെട്ട ഏഴ് പേരുടെ ജാമ്യം റദ്ദാക്കുകയും നിരന്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്ന മറ്റ് 64 പേരുടെ ജാമ്യം റദ്ദാക്കാൻ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്ത് റൂറൽ പൊലീസ്.
മുനമ്പം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ പള്ളിപ്പുറം ലിറ്റിൽ ഫ്ലവർ കോൺവെന്റിന് സമീപം കാവാലംകുഴി വീട്ടിൽ ആന്റണി പീറ്റർ (54), നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനമിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി മാറമ്പിള്ളി എള്ളുവാരം വീട്ടിൽ അൻസാർ (31), നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഹന മോഷണ കേസിൽ പ്രതിയായ വടക്കേക്കര ചിറ്റുട്ടുകര മലയിൽ വീട്ടിൽ ആരോമൽ (21), കോതമംഗലം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിലടക്കം നിരവധി മോഷണ കേസുകളിലെ പ്രതിയായ കോതമംഗലം നെല്ലിക്കുഴി പാറയിൽ വീട്ടിൽ അൻസിൽ (28), കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമ, സ്ഫോടക വസ്തു കേസിലെ പ്രതിയായ കൊമ്പനാട് കാരിയേലി മനംകുഴി വീട്ടിൽ ലാലു (27), ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ വധശ്രമ കേസിൽ പ്രതികളായ കളമശ്ശേരി മൂലേപ്പാടം റോഡിൽ റ്റി.വി.എസ്. ജംഗ്ഷനു സമീപം തിണ്ടിക്കൽ വീട്ടിൽ ഷെഫിൻ (24), പറവൂർ പെരുംപടന്ന ചക്കത്തറ വീട്ടിൽ രാഹുൽ (കണ്ണൻ 24) എന്നിവരുടെ ജാമ്യമാണ് കോടതികൾ റദ്ദ് ചെയ്തത്.