
കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലിൽ നിന്ന് എം.ഡി.എം.എയുമായി അറസ്റ്റിലായ പ്രതികളിൽ മൂന്നുപേരെ എക്സൈസ് കസ്റ്റഡിയിൽ വാങ്ങി. പറവൂർ മുപ്പത്തടം തച്ചവള്ളത്ത് റിച്ചു റഹ്മാൻ, മലപ്പുറം പുതുപ്പറമ്പ് ചീനിപ്പടി പുതുക്കിടി മുഹമ്മദ് അലി, കണ്ണൂർ താനെ പി.എം. ഹൗസിൽ പി.എം. സൽമാൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തൃശൂർ കേച്ചേരി കുന്നത്തുള്ളി കെ.ബി. വിബീഷിന്റെ കസ്റ്റഡി അവസാനിച്ചതിനെത്തുടർന്ന് റിമാൻഡ് ചെയ്തു.
പ്രതികളുമായി എക്സൈസ് സംഘം തൃശൂർ മണ്ണുത്തി, പറവൂർ എന്നിവിടങ്ങളിൽ തെളിവെടുത്തു. കേസിൽ ഒരാൾകൂടി പിടിയിലാകാനുണ്ടെന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ ബി. ടെനിമോൻ പറഞ്ഞു.
മയക്കുമരുന്ന് വില്പനയ്ക്കും വാങ്ങാനും ഹോട്ടലിലെത്തിയ യുവതി ഉൾപ്പെടെ എട്ടുപേരെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേർന്ന് 15ന് അറസ്റ്റു ചെയ്തത്. 56 ഗ്രാം എം.ഡി.എം.എ, മൂന്ന് കാർ, 10 മൊബൈൽ ഫോൺ എന്നിവയും പിടിച്ചെടുത്തിരുന്നു. വാങ്ങാനെത്തിയ കൊല്ലം സ്വദേശികളായ ഷിബു (37), സുബൈർ (29), ആലപ്പുഴ സ്വദേശി ശരത് (33), കൊല്ലം സ്വദേശിനി തൻഷീല (24) എന്നിവരും പിടിയിലായിലായിരുന്നു.