ukarine

ഉപാധികളോടെ ചർച്ചയ്ക്ക് തയാറെന്ന് റഷ്യ

കീവ് : റഷ്യൻ അധിനിവേശത്തിന്റെ രണ്ടാം ദിനമായ ഇന്നലെ തലസ്ഥാന നഗരമായ കീവിലേക്ക് റഷ്യൻ സേന ഇരച്ചുകയറിയതിന് പിന്നാലെ തീർത്തും ഒറ്റപ്പെട്ട നിലയിലാണ് യുക്രെയിൻ. പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ സുരക്ഷിത ബങ്കറിലേക്ക് മാറ്റിയിരുന്നു. അതേ സമയം, ഉപരോധങ്ങൾ റഷ്യൻ സേനയെ യുക്രെയിൻ മണ്ണിൽ നിന്നകറ്റില്ലെന്നും റഷ്യ ചർച്ചയ്ക്ക് തയാറാകണമെന്നും താനൊരിക്കലും രാജ്യം വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും സെലെൻസ്കി വ്യക്തമാക്കി.

ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സെലെൻസ്കി ജനങ്ങളെ അഭിസംബോധന ചെയ്തത്. തങ്ങൾ ഒറ്റയ്ക്ക് പ്രതിരോധിക്കുകയാണെന്നും ലോകത്തെ ഏറ്റവും കരുത്തരായ രാജ്യങ്ങൾ യുക്രെയിനെ ദൂരെ നിന്ന് നോക്കുകമാത്രമാണ് ചെയ്യുന്നതെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു. യുക്രെയിനിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് നാറ്റോയും യു.എസും വ്യക്തമാക്കിയതിന് പിന്നാലെയാണ് സെലെൻസ്കിയുടെ പ്രതികരണം. റഷ്യയുടെ ലക്ഷ്യം താനാണെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു.

18നും 60നും ഇടയിൽ പ്രായമുള്ള പുരുഷൻമാർ രാജ്യം വിടരുതെന്ന് സെലെൻസ്കി നേരത്തെ അറിയിച്ചിരുന്നു. റഷ്യൻ സേനയിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ തയ്യാറുള്ള എല്ലാ പൗരന്മാരോടും മുന്നോട്ട് വരാൻ സെലെൻസ്‌കി ആഹ്വാനം ചെയ്‌തു. അതിന്റെ ഭാഗമായി ജനങ്ങൾക്ക് ആയുധങ്ങൾ നൽകി തുടങ്ങി. റഷ്യൻ സൈന്യം യുക്രെയിൻ തലസ്ഥാനമായ കീവ് വളഞ്ഞതോടെയാണ് ജനങ്ങൾക്ക് ആയുധം നൽകാൻ ഭരണകൂടം തീരുമാനിച്ചത്.

അതേ സമയം, യുക്രെയിനിയൻ ഭരണകൂടത്തെ സ്ഥാനഭൃഷ്ടരാക്കണമെന്നും അധികാരം നിങ്ങൾ ഏറ്റെടുക്കണമെന്നും യുക്രെയിൻ സൈനികരോട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. ' തീവ്രവാദികൾ" എന്നാണ് പുട്ടിൻ യുക്രെയിൻ ഭരണകൂടത്തെ വിശേഷിപ്പിച്ചത്. ഭരണകൂടം മയക്കുമരുന്ന് അടിമകളുടെയും നവ നാസികളുടെയും സംഘമാണെന്നും അവരേക്കാളും നിങ്ങളോട് ( സൈനികരോട് ) യോജിക്കുന്നതാണ് തങ്ങൾക്ക് നല്ലതെന്നും പുടിൻ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്തു.

അതേ സമയം, സെലെൻസ്കിയുടെ ആവശ്യത്തിന് പിന്നാലെ ചർച്ചയ്ക്ക് തയാറാണെന്ന് റഷ്യ അറിയിച്ചു. ബെലറൂസിന്റെ തലസ്ഥാനമായ മിൻസ്കിലേക്ക് ചർച്ചയ്ക്കായി തങ്ങളുടെ പ്രതിനിധികളെ അയക്കാമെന്നാണ് ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കോവ് അറിയിച്ചത്. എന്നാൽ, യുക്രെയിൻ നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്ന് റഷ്യ ഉപാധി മുന്നോട്ട് വച്ചിട്ടുണ്ട്. ഉന്നതതല ചർച്ചയ്ക്ക് റഷ്യ തയാറാണെന്ന് ചൈനയും അറിയിച്ചിട്ടുണ്ട്. യുക്രെയിൻ ആയുധം വച്ച് കീഴടങ്ങിയാൽ ചർച്ച നടത്താമെന്നാണ് നേരത്തെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാ‌വ്‌റോവ് പറഞ്ഞത്.