kk

മോസ്കോ: യുക്രെയിനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് വ്യക്തമാക്കി റഷ്യ. ചർച്ചയ്‌ക്കായി പ്രതിനിധിസംഘത്തെ അയക്കാൻ ഒരുക്കമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അറിയിച്ചു. ബെലാറൂസ് തലസ്ഥാനത്ത് വച്ച് ചർച്ചയാകാമെന്നാണ് റഷ്യ നിലപാടെടുത്തിരിക്കുന്നത്. ചർച്ചയ്ക്ക് ഉപാധികളും റഷ്യ യുക്രെയിന് മുന്നിൽ വച്ചിട്ടുണ്ട്.

ചർച്ചയ്ക്ക് വഴി തെളിഞ്ഞതായി ചൈനയും അറിയിച്ചിട്ടുണ്ട്. ഉന്നതതല ചർച്ചയ്ക്ക് തയ്യാറാണെന്ന് പുടിൻ പ്രസിഡൻ്റ ഷീജിൻ പിങിനെ അറിയിച്ചുവെന്നാണ് ചൈന വ്യക്തമാക്കിയത്. സമ്പൂർണ നിരായുധീകരണത്തിന് യുക്രെയിൻ തയ്യാറാകണമെന്നും പ്രതിരോധതലത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നുമുള്ള ഉപാധികളാണ് റഷ്യ മുന്നോട്ട് വച്ചിരിക്കുന്നത്.

അതേസമയം ചേരിചേരാ നയം സ്വീകരിക്കാൻ തയ്യാറാണ് എന്നാണ് യുക്രെയിൻ പ്രസിഡൻ് സെലൻസ്കിയുടെ നിലപാട്. റഷ്യ ചർച്ചകളോട് മുഖം തിരിക്കുകയാണെന്നുംനേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു.

യുക്രെയിൻ ആയുധം വെച്ച് കീഴടങ്ങിയാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ നേരത്തെയും നിലപാടെടുത്തിരുന്നു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുക്രെയിനെ നിരായുധീകരിക്കുകയാണ് ലക്ഷ്യമെന്നും യുക്രെയിനെ പൂർണമായും അധീനതയിലാക്കാൻ പുടിൻ ആഗ്രഹിക്കുന്നില്ലെന്നും ലാവ്‌റോവ് പറഞ്ഞു.

യുക്രെയിനിൽ അതിവേഗം അധിനിവേശം നടത്തിയ റഷ്യ ഏറ്റവും ഒടുവിൽ കീവിലെ അന്താരാഷ്ട്ര വിമാനത്താവളം കൂടി നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. പ്രസിഡൻ്റിൻ്റെ കൊട്ടാരവും പാർലമെൻ്റ മന്ദിരവും അടക്കം നിർണായകമായ ചില കേന്ദ്രങ്ങൾ കൂടി ലക്ഷ്യമിട്ടുള്ള സൈനിക നീക്കമാണ് ഇപ്പോൾ റഷ്യ നടത്തുന്നത്. പടിഞ്ഞാറുമായി ബന്ധപ്പെടാനുള്ള എല്ലാ വഴികളും വിച്ഛേദിച്ചുവെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ പുടിനെതിരെ നിലപാട് കടുപ്പിച്ച് യൂറോപ്യൻ യൂണിയൻ രംഗത്തെത്തി പുടിനെതിരെ ഉപരോധം ഏർപ്പെടുത്തിയതായി യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. യൂറോപ്പിലെ പുടിന്റെ സ്വത്തുക്കൾ മരവിപ്പിക്കാനും യൂണിയൻ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്.