
ലക്‌നൗ : യുക്രെയിൻ - റഷ്യ യുദ്ധവും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കി ബി.ജെ.പി. യുക്രെയിനെകതിരെയുള്ള റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും ഇന്ത്യയുടെ സഹായം തേടുകയാണെന്ന് ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ ഹേമമാലിനി പറഞ്ഞു. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണച്ചിനിടെയാണ് ഹേമമാലിനിയുടെ പരാമർശം.
മോദിജി രാജ്യത്തെ ഒരുപാട് ഉയരങ്ങളിലെത്തിച്ചു. ലോകം അമ്പരന്നു നിൽക്കുകയാണ്. അദ്ദേഹത്തിന്റെ പേര്
ലോകശ്രദ്ധയിലെത്തിയിരിക്കുകയാണ്. ലോകം അദ്ദേഹത്തെ ആദരിക്കുന്നു. യുക്രെയിൻ- റഷ്യ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ്. മോദിജി ലോകനേതാവായിരിക്കുകയാണ്'
ബല്ലിയയിലെ പരിപാടിയിൽ ഹേമമാലിനി പറഞ്ഞു. മാർച്ച് മൂന്നിനാണ് ഇവിടെ അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.
Leaders around the world are requesting Modi ji to come forward and stop the #UkraineRussia War because they consider him a world leader. : BJP MP Hema Malini pic.twitter.com/GZSwikrzya
— Mohammed Zubair (@zoo_bear) February 25, 2022
യുക്രെയിനിൽ റഷ്യയുടെ ആക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഇന്നലെ ഫോണിൽ സംസാരിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി പുടിനോട് അഭ്യർഥിച്ചു. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും മോദി വ്യക്തമാക്കി. നയതന്ത്രതലത്തിൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും അദ്ദേഹം പുടിനോട് പറഞ്ഞു.
അതേസമയം ഉപാധികളോടെ യുക്രെയിനുമായി ചർച്ചയ്ക്ക് തയ്യാറാമെന്ന് പുടിൻ ഇന്ന് അറിയിച്ചിരുന്നു. ബെലാറൂസ് തലസ്ഥാനത്ത് നടത്തുന്ന ചർച്ചയിൽ നയതന്ത്രസംഘത്തെ അയയ്ക്കാമെന്നും പുടിൻ വ്യക്തമാക്കിയിരുന്നു.