
തിരുവനന്തപുരം: തലസ്ഥാന നഗരമദ്ധ്യത്തിൽ, ഏറെ തിരക്കുള്ള ഓവർ ബ്രിഡ്ജ് ജംഗ്ഷനിൽ എസ്.എം.വി സ്‌കൂളിന് സമീപത്തെ ഹോട്ടലിൽ കയറി പട്ടാപ്പകൽ റിസപ്ഷനിസ്‌റ്റായ യുവാവിനെ വെട്ടിക്കൊന്നു. സിറ്റി ടവർ ഹോട്ടലിലെ റിസപ്ഷനിസ്‌റ്റ് നാഗർകോവിൽ കോട്ടാർ ചെട്ടിയാർതെരുവ് സ്വദേശി നീലൻ എന്ന അയ്യപ്പനാണ് (34) കൊല്ലപ്പെട്ടത്. കൃത്യം നടത്തിയശേഷം ബൈക്കിൽ കയറി രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം നെടുമങ്ങാടിന് സമീപത്തുനിന്ന് അറസ്റ്രുചെയ്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഗുണ്ടയുമായ നെടുമങ്ങാട് കല്ലിയോട് സ്വദേശി അജീഷാണ് (36) പിടിയിലായത്. കൊലയ്‌ക്കുപയോഗിച്ച വെട്ടുകത്തി കണ്ടെടുത്തു. രണ്ടാഴ്ച മുമ്പ് അമ്പലമുക്കിൽ ചെടി വിൽപ്പന കേന്ദ്രത്തിലെ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പാണ് നഗരത്തിൽ വീണ്ടും അരുംകൊല അരങ്ങേറിയത്.
ഇന്നലെ രാവിലെ 8.30നാണ് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് അര കിലോമീറ്ററിലധികം മാത്രം ദൂരമുള്ള ഹോട്ടലിൽ കൊലപാതകം നടന്നത്. പലതവണ അജീഷ് ഇവിടെ റൂമെടുക്കാൻ എത്തിയപ്പോൾ അയ്യപ്പനുമായി വാക്കുതർക്കുണ്ടായിരുന്നു. അതിന്റെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോൾ മറ്റാരും ഹോട്ടലിൽ ഉണ്ടായിരുന്നില്ല. ഹോട്ടലിലെ മാലിന്യം കളയാൻ പോയിരുന്ന റൂം ബോയ് ശ്യാം മടങ്ങിവന്നപ്പോഴാണ് അയ്യപ്പനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻ കുമാർ ഉൾപ്പെടെ സ്ഥലത്തെത്തി.
സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഉച്ചയോടെ പ്രതിയെ നെടുമങ്ങാട് കല്ലിയോടിന് സമീപം ആനായിക്കോണം പാലത്തിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്. കഞ്ചാവിനും ലഹരിക്കും അടിമയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. കൃത്യം നടത്തിയ സമയത്തും ഇയാൾ ലഹരി ഉപയോഗിച്ചിരുന്നു.
മാടസ്വാമിയും വേലമ്മാളുമാണ് അയ്യപ്പന്റെ മാതാപിതാക്കൾ. സിന്ധു, ശിവപ്രിയ എന്നിവർ സഹോദരങ്ങൾ. അവിവാഹിതനാണ്. മുമ്പ് ടെക്നോപാർക്കിൽ എ.സി ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്നു. നാല് വർഷമായി ഇവിടെ റിസപ്‌ഷനിസ്റ്റ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
തുരുതുരെ വെട്ടി
നെടുമങ്ങാടു നിന്ന് ബൈക്കിലെത്തിയ പ്രതി ഹോട്ടലിനു മുന്നിൽ വണ്ടി പാർക്കു ചെയ്തശേഷം വലതുകൈയിൽ വെട്ടുകത്തിയും ഇടതുകൈയിൽ ബാഗുമായി ഹോട്ടലിലേക്ക് കയറി. തുടർന്ന് റിസപ്ഷനിൽ കസേരയിൽ ഇരിക്കുകയായിരുന്ന അയ്യപ്പനെ വെട്ടുകത്തി കൊണ്ട് തുരുതുരാ വെട്ടുകയായിരുന്നു. അയ്യപ്പൻ കൈകൊണ്ട് തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മുടിയിൽ കുത്തിപ്പിടിച്ച് തല പിന്നിലേക്ക് വലിച്ചുവച്ച് ആറോളം തവണ കഴുത്തിലും വെട്ടി. കൈയിലും മുഖത്തും കഴുത്തിലും തലയിലുമായി 15ഓളം വെട്ടുകളാണ് അയ്യപ്പന്റെ ദേഹത്തുള്ളത്. മരണം ഉറപ്പാക്കിയ ശേഷമാണ് അജീഷ് ബൈക്കിൽ കയറി രക്ഷപ്പെട്ടത്.
നാലുമാസത്തെ വൈരാഗ്യം
കഴിഞ്ഞ ഒക്ടോബർ 28ന് ഭാര്യ എന്ന പേരിൽ അജീഷ് ഒരു സ്ത്രീയേയും കൂട്ടി ഹോട്ടലിൽ റൂമെടുക്കാൻ എത്തിയപ്പോൾ അയ്യപ്പനുമായി വക്കുതർക്കമുണ്ടായിരുന്നു. അതിനുശേഷം പലതവണ ഇവിടെ റൂമെടുക്കാനെന്ന പേരിലെത്തി അയ്യപ്പനുമായി വഴക്കിട്ടിരുന്നു. ഒരാഴ്ചമുമ്പ് ഇവിടെ റൂമെടുത്തപ്പോഴും വഴക്കുണ്ടായി. ഇതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയത്. നെടുമങ്ങാട് പൊലീസിന്റെ ഗുണ്ടാ ലിസ്‌റ്റിലുള്ളയാളാണ് അജീഷ്.