
കീവ് : യുക്രെയിനിൽ റഷ്യ നടത്തിയ അധിനിവേശത്തിന്റെ ആദ്യ ദിനം തന്നെ കീവിലുള്ള ഹോസ്റ്റോമൽ എയർപോർട്ടിന് നേരെ ( ആന്റനോവ് എയർപോർട്ട് ) റഷ്യൻ ഹെലികോപ്ടറുകൾ ആക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ ഏവരും ആശങ്കയോടെ ഉറ്റുനോക്കിയത് വിമാനത്താവളത്തിലുണ്ടായിരുന്ന ' ആന്റനോവ് എഎൻ - 225 " എന്ന ഭീമൻ കാർഗോ വിമാനത്തിന് എന്ത് സംഭവിച്ചു എന്നാണ്. ലോകത്തിലെ ഏറ്റവും വലുതും ഭാരംകൂടിയതുമായ ചരക്കുവിമാനമാണ് ആന്റനോവ് എഎൻ - 225 മ്രിയ.
ആക്രമണത്തിൽ ഈ ഒരേയൊരു ആന്റനോവ് വിമാനം തകർക്കപ്പെട്ടതായുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അതേ സമയം, ആന്റനോവ് സുരക്ഷിതമാണെന്ന ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ആന്റനോവ് ജോർജിയയിലുണ്ടെന്നാണ് ചിലർ പറയുന്നത്. എന്നാൽ, ആന്റനോവ് ജോർജിയയിലേക്ക് പറന്നതിന് രേഖകളില്ല. വിമാനത്താവളം തങ്ങൾ പിടിച്ചെടുത്തെന്ന് റഷ്യ ഇന്നലെ അവകാശപ്പെട്ടിരുന്നു. ആന്റനോവ് തകർന്നിരിക്കുമോ ? ഇനി റഷ്യൻ സേന പിടിച്ചെടുത്തിരിക്കുമോ ? അതോ, സുരക്ഷിത കരങ്ങളിലോ ? അധികം വൈകാതെ തന്നെ ഈ ചോദ്യങ്ങളുടെ ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
 ആന്റനോവ് എഎൻ - 225
1988ൽ ആദ്യമായി പറന്നുയർന്ന ആന്റനോവിന് ആന്റനോവിന് ' മ്രിയ " എന്നൊരു പേര് കൂടിയുണ്ട്. ' സ്വപ്നം " എന്നാണ് മ്രിയ എന്ന വാക്കിനർത്ഥം. 32 വീലുകളും ആറ് എൻജിനുകളുമുള്ള ആന്റനോവ് എഎൻ - 225 മ്രിയ കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ലോകത്തെ ഏറ്റവും ഭാരമേറിയ വിമാനമെന്ന റെക്കോർഡ് വഹിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ചിറകുകളോട് കൂടിയ വിമാനം കൂടിയാണ് ആന്റനോവ്.
ഇന്ന് സർവീസിലുള്ള കാർഗോ വിമാനങ്ങൾക്കിടെ ലോകത്ത് ഏറ്റവും കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷിയും ആന്റനോവിനാണ്. അതേ സമയം, ആന്റനോവിന്റെ ആദ്യ കൊമേഴ്ഷ്യൽ ഫ്ലൈറ്റ് 2002ൽ ജർമ്മനിയിൽ നിന്ന് ഒമാനിലേക്കായിരുന്നു. നിലവിൽ യുക്രെയ്‌നിലെ ആന്റനോവ് എയർലൈൻസിന്റെ ഉടമസ്ഥതയിലാണ് പടുകൂറ്റൻ വിമാനം.
വിൻഡ് ടർബൈൻ ബ്ലേഡുകൾ മുതൽ ഗ്യാസ് പവർ പ്ലാന്റുകൾക്കായുള്ള ജനറേറ്റർ തുടങ്ങി എല്ലാവിധ ചരക്കുകളും ആന്റനോവ് വഹിച്ചിട്ടുണ്ട്. അടിയന്തിരഘട്ടങ്ങളിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും അവശ്യവസ്തുക്കളും മറ്റും വഹിക്കാൻ ആന്റനോവിന്റെ സേവനം ലഭ്യമായിരുന്നു. കൊവിഡ് പോരാട്ടങ്ങളുടെ ഭാഗമായും ആന്റനോവ് പറന്നിരുന്നു. 2020 ഏപ്രിലിൽ ചൈനയിൽ നിന്ന് 70 ലക്ഷം മാസ്കുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളുമായി പോളണ്ടിലേക്ക് പറന്ന ആന്റനോവ് പറന്നിരുന്നു.
 സോവിയറ്റ് യുഗത്തിന്റെ സംഭാവന
1980കളിൽ സോവിയറ്റ് കാലഘട്ടത്തിലാണ് ആന്റനോവിന്റെ നിർമ്മാണം ആരംഭിച്ചത്. സോവിയറ്റ് യൂണിയന്റെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി ബുറാൻ ക്ലാസ് ഓർബിറ്ററുകളെയും റോക്കറ്റുകളെയും വഹിക്കാൻ വേണ്ടിയാണ് ആന്റനോവിനെ രൂപകല്പന ചെയ്തത്. ബുറാൻ ക്ലാസ് ഓർബിറ്ററുകളെ വഹിക്കാൻ ആന്റനോവ് 124 എന്ന വിമാനമായിരുന്നു സോവിയറ്റ് യൂണിയൻ ഉപയോഗിച്ചിരുന്നത്. ഈ വിമാനത്തിന്റെ വലിയ പതിപ്പായിട്ടാണ് 1988ൽ ആന്റനോവ് 225നെ സോവിയറ്റ് അവതരിപ്പിച്ചത്.
റോക്കറ്റുകളെയും ബഹിരാകാശ പദ്ധതിയുടെ ഭാഗമായ മറ്റ് ഭാരമേറിയ വസ്തുക്കളെയും ചുമക്കേണ്ടതിനാൽ എത്രത്തോളം കരുത്തുറ്റ രൂപകല്പനയോടെയാണ് ആന്റനോവിനെ സോവിയറ്റ് യൂണിയൻ അവതരിപ്പിച്ചതെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
 മങ്ങിയ പ്രതാപം
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് പിന്നാലെ 90കളിൽ ആന്റനോവിന്റെ പ്രവർത്തനം നിറുത്തിവച്ചു. പിന്നീട് ഭീമൻ കാർഗോകളെ വഹിക്കാൻ മറ്റ് പകരക്കാരില്ലെന്ന് തിരിച്ചറിഞ്ഞതോടെ ആന്റനോവിനെ പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തിച്ചു.
 യുക്രെയിന്റെ കൈകളിൽ
ആന്റനോവിന്റെ നിർമ്മാണം നടന്നത് യുക്രെയ്‌നിന്റെ അധീനതയിലുള്ള പ്രദേശത്തായിരുന്നു. അതുകൊണ്ട് തന്നെ സോവിയറ്റ് യൂണിയൻ വിഭജിക്കപ്പെട്ടതോടെ ആന്റനോവ് യുക്രെയിനിന്റെ കൈകളിലെത്തി. ആദ്യമൊക്കെ ആന്റനോവിന്റെ കരുത്ത് പ്രയോജനപ്പെടുത്തുന്നതിന് പകരം അതിനെ എയർ ഷോകളിലും എക്സിബിഷനുകളിലും പ്രദർശിപ്പിക്കുകയായിരുന്നു യുക്രെയിൻ ചെയ്തതിരുന്നത്.
 തിരിച്ചുവരവ് ...
2001ലാണ് ആന്റനോവ് 225 പഴയ പ്രതാപത്തിലേക്ക് മടങ്ങിയത്. ആന്റനോവ് വിമാന കമ്പനി അറ്റക്കുറ്റപ്പണികൾ നടത്തി മിനുക്കിയെടുത്ത് ചരക്കു വിമാനമായി ആന്റനോവിനെ മടക്കിയെത്തിച്ചു. 2001 സെപ്റ്റംബർ 11ന് .253.82 ടൺ ഭാരമുള്ള നാല് ബാറ്റിൽ ടാങ്കുകളുമായി ആന്റനോവ് ആകാശത്തേക്ക് പറന്നു. ലോകത്ത് ഇത്രയും ഭാരം ചുമക്കുന്ന ആദ്യ ചരക്കുവിമാനമെന്ന നേട്ടവുമായിട്ടാണ് ആന്റനോവ് പറന്നത്.
640 ടൺ ഭാരം വരെ വഹിക്കാൻ 84 മീറ്റർ നീളമുള്ള ആന്റനോവിന് കഴിയും. മറ്റൊരു രസകരമായ കാര്യമെന്തെന്നാൽ ഒരു ഇടവേള എടുത്തെങ്കിലും 2001ൽ മടങ്ങിയെത്തുന്നത് വരെയുള്ള കാലത്ത് ആന്റനോവിനെ വെല്ലാൻ ശേഷിയുള്ള ഒരു വിമാനം ലോകത്ത് പിറവിയെടുത്തിരുന്നില്ല എന്നതാണ്. !