kk

കീവ് : യുക്രെയിനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം നാളെ നാട്ടിലെത്തും. ആദ്യസംഘത്തിൽ 17 മലയാളി വിദ്യാർത്ഥികളുമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് അർധരാത്രിയോടുകൂടി രണ്ട് വിമാനങ്ങൾ ഇന്ത്യയിൽനിന്ന് റൊമാനിയയിലേക്ക് തിരിക്കും. അവിടെയെത്തിയ ശേഷം വിദ്യാർത്ഥികളുടെ കണക്കെടുപ്പ് പൂർത്തിയാക്കിയായിരിക്കും നാട്ടിലേക്ക് തിരിക്കുക. ആദ്യ വിമാനം ഡൽഹിയിലായിരിക്കും ഇറങ്ങുക.

രണ്ടാമത്തെ വിമാനത്തിന്റെ കാര്യത്തിൽ വ്യക്തതയായിട്ടില്ല. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വിമാനത്താവളത്തിലെത്തി ആദ്യസംഘത്തെ സ്വീകരിക്കും. 1,500 പേരെ റൊമേനിയൻ അതിർത്തിയിലെത്തിക്കാനായിട്ടുണ്ടെന്നാണ് സ്ഥിരീകരിച്ച കണക്ക്. ഇതിനുശേഷവും കൂടുതൽ പേർ ഇങ്ങോട്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. നാളെ ഹംഗറിയിലേക്കും വിമാനം അയക്കുന്നതായി വിവരമുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

20,000ത്തോളം ഇന്ത്യക്കാർ യുക്രൈനിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എല്ലാവരെയും നാട്ടിലെത്തിക്കാനായി മൂന്നു ദിവസം വേണ്ടിവരുമെന്നാണ് വിദേശകാര്യ മന്ത്രാലയം കണക്കാക്കുന്നത്. തലസ്ഥാനമായ കിയവിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനക്കുറിച്ചും ആശങ്ക വേണ്ടെന്ന് മന്ത്രാലയം അറിയിച്ചു.