
കീവ് : യുക്രെയിനിൽ റഷ്യൻ അധിനിവേശം അരങ്ങു തകർക്കുന്നതിനിടെ യുക്രെയിനിൽ ഡോക്യുമെന്ററി ചിത്രീകരിച്ച് ഹോളിവുഡ് നടൻ ഷോൺ പെൻ. യുക്രെയിൻ ഉപപ്രധാനമന്ത്രി ഇർയാന വെരേഷ്ചുകിനൊപ്പം സംവിധായകനും നിർമ്മാതാവും കൂടിയായ ഷോൺ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായും സൈനികരടക്കമുള്ള ഉദ്യോഗസ്ഥരുമായും ഷോൺ ചർച്ചകൾ നടത്തി. പാശ്ചാത്യ രാജ്യങ്ങളിലുള്ള രാഷ്ട്രീയക്കാർക്കില്ലാത്ത ധൈര്യമാണ് ഷോണിനുള്ളതെന്നും മരണ ഭയമില്ലാതെയാണ് യുക്രെയിനിൽ നടക്കുന്ന സംഭവങ്ങൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടാൻ സധൈര്യത്തോടെ അദ്ദേഹമെത്തിയതെന്നും യുക്രെയിൻ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം നവംബറിലാണ് ഷോൺ പെൻ ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചത്. രണ്ട് തവണ ഓസ്കാർ നേടിയ ഷോൺ പെൻ യുദ്ധവിരുദ്ധ പ്രവർത്തനങ്ങളിലും സന്നദ്ധ പ്രവർത്തനങ്ങളിലും സജീവമാണ്.