
കീവ്: ചരിത്രത്തിലെ ഏറ്റവും വലിയ ആണവോർജ ദുരന്തത്തിന് വേദിയായ യുക്രെയിനിലെ ചെർണാബിൽ റഷ്യ പിടിച്ചെടുത്തതിന് പിന്നാലെ വീണ്ടുമൊരു ആണവ ദുരന്തത്തിന് വഴിവയ്ക്കുമോ എന്ന ഭയം ഏവരെയും അലട്ടുന്നുണ്ട്. എന്തുകൊണ്ടാണ് 36 വർഷങ്ങൾക്ക് മുമ്പ് ആണവ ദുരന്തം നടന്ന പ്രദേശത്തെ ഇപ്പോഴും ഏവരും ഭയക്കുന്നത്. ? അന്നുണ്ടായ ദുരന്തത്തിന്റെ അംശങ്ങൾ റേഡിയേഷൻ രൂപത്തിൽ ഇന്നും ചെർണോബിലിലെ ആണവ നിലയത്തിന് ചുറ്റും ഉണ്ട് എന്നതാണ് കാരണം.
1986ലാണ് ചെർണോബിൽ ആണവോർജ്ജ പ്ലാന്റിൽ ഭീകരമായ പൊട്ടിത്തെറി അരങ്ങേറിയത്. യുക്രെയിൻ അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. ഇപ്പോൾ പവർപ്ലാന്റിന്റെ 30 കിലോമീറ്റർ ചുറ്റളവിൽ ജനവാസമില്ല. കീവിൽ നിന്ന് 80 മൈൽ അകലെ വടക്കാണ് ചെർണോബിൽ. റേഡിയേഷൻ തടയുന്നതിനായി പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെ ചെർണോബിൽ ആണവനിലയം അടച്ചിട്ടിരിക്കുകയാണ്.
ഇവിടെ ഏതെങ്കിലും തരത്തിലെ സ്ഫോടനം നടന്നാൽ അത് വൻ വിനാശത്തിലേക്കായിരിക്കും ചെന്നെത്തിക്കുക. ആണവ മാലിന്യങ്ങളും മറ്റ് അപകടകരമായ വസ്തുക്കളും നിലയത്തിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. ചെർണോബിലിന് കാവലൊരുക്കൊൻ പാരാട്രൂപ്പുകളെ അയക്കുമെന്ന് റഷ്യ ഇന്നലെ അറിയിച്ചിരുന്നു.
ഡസൻ കണക്കിന് പേർ മരിച്ച ദുരന്തത്തിന് പിന്നാലെ പ്രദേശത്ത് വ്യാപിച്ച ആണവവികിരണങ്ങളുടെ ഭവിഷത്തുകൾ മനുഷ്യരെയും പ്രകൃതിയേയും ഇന്നും വേട്ടയാടുന്നുണ്ട്. കരുത്തുറ്റ കവചത്തിനുള്ളിലാണ് ചെർണോബിലിലെ ആണവ റിയാക്ടറെ സംരക്ഷിക്കുന്നത്. പക്ഷേ, റഷ്യയുടെ കൈയ്യിലെ മാരക ആയുധങ്ങൾ സൃഷ്ടിക്കുന്ന സ്ഫോടനങ്ങളെ അതിജീവിക്കാൻ ഈ കവചത്തിന് കഴിയില്ല. ഇങ്ങനെ സംഭവിച്ചാൽ ആണവ മാലിന്യം പുറത്തെത്തുകയും യൂറോപ്പിനെ ഒട്ടാകെ അത് ബാധിക്കുകയും ചെയ്യും.
നിലയത്തിലെ ആണവ ഇന്ധന റോഡുകൾ സൂക്ഷിച്ചിരിക്കുന്ന ടാങ്കുകൾക്ക് നേരെയും ഏതെങ്കിലും തരത്തിലെ അനിഷ്ട സംഭവങ്ങൾ ഉണ്ടായാലും ദോഷമാണ്. ഇത്തരത്തിൽ പുറത്തുവരുന്ന ആണവ വികിരണങ്ങൾ റഷ്യ ഉൾപ്പെടെ യൂറോപ്പിനെ മുഴുവൻ ബാധിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ, റിയാക്ടറിന് ദോഷം വരുത്താൻ റഷ്യ ശ്രമിച്ചേക്കില്ല. ബെലറൂസ് ഭാഗത്ത് നിന്ന് അതിർത്തി കടന്നെത്തിയാണ് റഷ്യൻ സേന ചെർണോബിലിനെ ചുറ്റിവളഞ്ഞത്.