kk

ബെൽജിയം: യുക്രെയിനിലെ സൈനിക നടപടി റഷ്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാറ്റോ. റഷ്യ യൂറോപ്പിന്റെ സമാധാനം തകർത്തുവെന്നും അനിവാര്യമായി വന്നാൽ പ്രതികരിക്കുമെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർ​ഗ് മുന്നറിയിപ്പ് നൽകി. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും സജ്ജമാണെന്നും ജെൻസ് സ്റ്റോൾട്ടൻബെർ​ഗ് പറഞ്ഞു..റഷ്യ യുദ്ധം അവസാനിപ്പിക്കണം. യുക്രെയിനിൽ നിന്ന് മുഴുവൻ സൈന്യത്തെയും പിൻവലിക്കണം. യുദ്ധദുരിതത്തിന് റഷ്യ ലോകത്തോട് മുഴുവൻ സമാധാനം പറയണം. അടിയന്തര ഘട്ടത്തിൽ നാറ്റോ ഇടപെടും. കിഴക്കൻ യൂറോപ്പിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കും. വരും നാളുകളിൽ റഷ്യ വലിയ വില നൽകേണ്ടിവരുമെന്നും നാറ്റോ സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

.അതേ സമയം അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി യുക്രെയിൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി ചര്‍ച്ച നടത്തി. ഇരു നേതാക്കളും 40 മിനിട്ടോളം ഫോണില്‍ സംസാരിച്ചു. അമേരിക്കയോട് യുക്രെയിന്‍ പ്രസിഡന്‍റ് വീണ്ടും സൈനിക സഹായം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കൂടുതല്‍ ഉപരോധം ആവശ്യമാണെന്നും വ്ലാദിമിർ സെലൻസ്കി പറഞ്ഞു.നേരത്തെ റഷ്യ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാവശ്യപ്പെട്ട് യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി രംഗത്തെത്തിയിരുന്നു. ചര്‍ച്ചകള്‍ വേഗം ആരംഭിച്ചാല്‍ നാശനഷ്ടം കുറയുമെന്നും ആക്രമണം അവസാനിക്കുന്നത് വരെ പ്രതിരോധം തുടരുമെന്നും എന്ത് സംഭവിച്ചാലും രാജ്യം വിടില്ലെന്നും സെലൻസ്കി നിലപാട് വ്യക്തമാക്കിയിരുന്നു. യുക്രൈൻ നേരിടുന്ന ഈ യുദ്ധത്തിൽ വന്‍ ശക്തികൾ കാഴ്ച്ചക്കാരായെന്നും യൂറോപ്യൻ രാജ്യങ്ങൾക്ക് റഷ്യയെ ഭയമാണെന്ന് ബോധ്യമായെന്നും യുക്രൈൻ പ്രസിഡന്‍റ് വിമർശിച്ചു.

അതിനിടെ യുക്രെയിനിൽ പട്ടാള അട്ടിമറി നടത്താൻ റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഒരു ടെലിവിഷൻ സന്ദേശത്തിലാണ് പുടിൻ പട്ടാള അട്ടിമറിക്ക് ആഹ്വാനം ചെയ്തത്.