air-india

ന്യൂഡൽഹി: യുക്രെയിനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും. പതിനേഴ് മലയാളികളാണ് തിരിച്ചെത്തുന്നവരിലുള്ളത്. വിമാനം ഡൽഹിയിലായിരിക്കും ഇറങ്ങുക. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വിമാനത്താവളത്തിലെത്തി ആദ്യസംഘത്തെ സ്വീകരിക്കും.

ഇന്നും നാളെയുമായി നാല് എയർ ഇന്ത്യ വിമാനങ്ങളിൽ കൂടുതൽ പേരെ ഇന്ത്യയിലെത്തിക്കും. ആളുകളെ യുക്രെയിനിന്റെ അതിർത്തിയിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. റുമാനിയൻ തലസ്ഥാനമായ ബൂക്കാറസ്റ്റിൽ നിന്ന് മൂന്ന് വിമാനങ്ങളിലും, ഹങ്കറിയുടെ തലസ്ഥാനമായ ബൂഡാപെസ്റ്റിൽ നിന്ന് ഒരു വിമാനത്തിലും ആളുകളെ എത്തിക്കും. രക്ഷാദൗത്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭാ യോഗം ചേരും.


യുക്രെയിനിലെ അതിർത്തി രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കാൻ വിമാന കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. 20,000ത്തോളം ഇന്ത്യക്കാർ യുക്രെയിനിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എല്ലാവരെയും നാട്ടിലെത്തിക്കാനായി മൂന്നു ദിവസം വേണ്ടിവരുമെന്നാണ് വിദേശകാര്യ മന്ത്രാലയം കണക്കാക്കുന്നത്.