
മോസ്കോ: സെലൻസ്‌കിയെയും അദ്ദേഹത്തിന്റെ സർക്കാരിനെയും നീക്കി തങ്ങളുടെ വരുതിയിൽ നിൽക്കുന്ന പാവസർക്കാരിനെ യുക്രെയിനിൽ അധികാരസ്ഥാനത്തു പ്രതിഷ്ഠിക്കുകയാണ് പുടിന്റെ പ്രധാനലക്ഷ്യം.
റഷ്യയുടെ അട്ടിമറി സംഘങ്ങൾ തന്നെ നോട്ടമിട്ട് കീവിലെത്തിയിട്ടുണ്ടെന്ന സെലൻസ്‌കിയുടെ തുറന്നുപറച്ചിൽ ഇതറിഞ്ഞുകൊണ്ടുള്ളതാണ്. സെലൻസ്‌കിയുടെ നേതൃത്വത്തിലുള്ള സർക്കാർ അമേരിക്കയുടെ താളത്തിനു തുള്ളുന്ന പാവസർക്കാരാണ്. ഇതിനെതിരെ പലവട്ടം നൽകിയ മുന്നറിയിപ്പുകൾ സെലൻസ്‌കി അവഗണിച്ചത് പുടിനെ രോഷാകുലനാക്കിയിരുന്നു.
ജീവനോടെയോ അല്ലാതെയോ സെലൻസ്കിയെ പിടിക്കുകയെന്ന നിർദ്ദേശം റഷ്യൻസേനയ്‌ക്ക് പുടിൻ നൽകിയിട്ടുണ്ടെന്നാണ് വിവരം. ചർച്ചയ്‌ക്ക് തയ്യാറാകണമെന്ന സെലൻസ്‌കിയുടെ അഭ്യർത്ഥന റഷ്യ കേട്ടതായിപ്പോലും ഭാവിക്കാത്തത് ഇതുകൊണ്ടാണ്. തന്റെ ചോരയ്ക്കാണ് റഷ്യ ശ്രമിക്കുന്നതെന്ന് സെലൻസ്കി വിലപിച്ചതും മറ്റൊന്നും കൊണ്ടല്ല.
ലിറ്റിൽ സിസ്റ്റർ
എല്ലാ മേഖലയിലും കടന്നാക്രമണം നടത്തി, സൈനികമായി അവരെ പൂർണമായും നിരായുധരാക്കി തങ്ങളുടെ പഴയ ലിറ്റിൽ സിസ്റ്റർ ആയി, കുഞ്ഞനുജത്തിയായി യുക്രെയിനെ നിലനിറുത്തുകയെന്നതാണ് ഇപ്പോഴത്തെ റഷ്യൻ നീക്കത്തിനു പിന്നിലുള്ളത്. ആ വിജയത്തിലൂടെ വിശാല റഷ്യ എന്ന പാത തെളിക്കാനും പുടിൻ ആഗ്രഹിക്കുന്നു.
മുൻ കെ.ജി.ബി ഉദ്യോഗസ്ഥനായ പുട്ടിനെ പഴയ സോവിയറ്റ് യൂണിയന്റെ കാര്യങ്ങൾ ആരും പഠിപ്പിക്കേണ്ടതില്ല. ഇപ്പോഴത്തെ ആക്രമണം നീണ്ടുപോകാനിടയില്ല. അമേരിക്കയോ നാറ്റോ സഖ്യകക്ഷികളോ യൂറോപ്യൻ യൂണിയനോ വാചകമടിയല്ലാതെ സൈനികസഹായത്തിന് തയ്യാറാകാത്തതിനാൽ യുക്രെയിൻ ഏതുനിമിഷവും കീഴടങ്ങുമെന്ന് ഉറപ്പാണ്.
സെലൻസ്‌കി ബങ്കറിൽ ഒളിച്ചുവെന്നും സുരക്ഷിതസ്ഥാനത്തേക്ക് മാറിയെന്നുമൊക്കെ അഭ്യൂഹങ്ങളുണ്ട്. അതല്ല പടിഞ്ഞാറൻ അതിർത്തിയിലൂടെ പോളണ്ടിലേക്ക് കടക്കുമെന്നുമുള്ള പ്രചാരണവുമുണ്ട്. എന്നാൽ താൻ ഈ മണ്ണിൽത്തന്നെ മരിക്കുമെന്ന സെലൻസ്‌കിയുടെ തുറന്നുപറച്ചിലും വന്നിട്ടുണ്ട്.
അമേരിക്കയ്ക്ക് പൊലീസ് തൊപ്പി മാറ്റേണ്ടിവരും
സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് അമേരിക്ക സൃഷ്ടിച്ച ലോക പൊലീസിന്റെ തൊപ്പി ഇനി ഊരേണ്ടിവരും. ലോകത്തിന്റെ ഏതുഭാഗത്തും തങ്ങൾക്ക് യഥേഷ്ടം സൈനികനീക്കം നടത്താമെന്ന അവരുടെ ധാർഷ്ട്‌യത്തിന്റെ കൊമ്പും ഒടിയുകയാണ്.
പുതിയൊരു ലോകക്രമത്തിന്റെ ആവിർഭാവത്തിന് ഇത് വഴിതെളിച്ചേക്കും. മുമ്പത്തെ ശീതസമരത്തിനുശേഷം അമേരിക്ക അജയ്യനാണെന്നഭാവം അവർ ബോധപൂർവ്വം നിലനിറുത്തിയിരുന്നു. ഇനി റഷ്യയെ മാറ്റിനിറുത്തിയുള്ള യൂറോപ്പിന്റെ സുരക്ഷയോ ലോകസുരക്ഷയോ ചിന്തിക്കേണ്ടതില്ല. റഷ്യയും സഖ്യകക്ഷികളും അമേരിക്കയും സഖ്യകക്ഷികളും ചേർന്നുള്ള രണ്ടാം ശീതസമരത്തിനും ഇത് വഴിതെളിക്കാനിടയുണ്ട്.