
ജയ്‌പൂർ: സർക്കാരിന്റെ ബഡ്‌ജറ്റ് അവതരണത്തിന് ശേഷം എല്ലാ എംഎൽഎമാർക്കും അപ്രതീക്ഷിത സമ്മാനമായി ഐഫോൺ സമ്മാനമായി നൽകി. എന്നാൽ ഇത് സംസ്ഥാനത്തിന് സാമ്പത്തികഭാരം കൂട്ടുമെന്ന് കാട്ടി വേണ്ടെന്ന് വച്ചിരിക്കുകയാണ് പ്രതിപക്ഷ എംഎൽഎമാർ. രാജസ്ഥാനിലാണ് സംഭവം. ബഡ്‌ജറ്റ് അവതരണത്തിന് ശേഷം 200 എംഎൽഎമാർക്കും ഒരുലക്ഷത്തിനടുത്ത് വിലവരുന്ന ആപ്പിൾ ഐഫോൺ13 സമ്മാനമായി നൽകാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തീരുമാനിച്ചു.
കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ച സമ്മാനം പക്ഷെ പ്രതിപക്ഷമായ ബിജെപി നിരാകരിച്ചു. ഈ ഫോണുകൾ സാമ്പത്തിക ഞെരുക്കത്തിലായ സംസ്ഥാനത്തിന്റെ സാമ്പത്തികഭാരം വർദ്ധിപ്പിക്കുമെന്ന് കാട്ടി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സതീഷ് പൂനിയ നിരാകരിച്ചു. വിവരം ട്വിറ്ററിലൂടെ അദ്ദേഹം അറിയിക്കുകയും ചെയ്‌തു.
കഴിഞ്ഞവർഷം ബഡ്‌ജറ്റ് അവതരണത്തിന് ശേഷം അശോക് ഗെഹ്‌ലോട്ട് സർക്കാർ എല്ലാ എംഎൽഎമാർക്കും നൽകിയത് ഐപാഡ് ആയിരുന്നു. അതേസമയം സംസ്ഥാന നിയമസഭ പേപ്പർരഹിതമാക്കുന്നതിന്റെ ഭാഗമായാണ് ഐപാഡും സ്‌മാർട്‌ഫോണുമെല്ലാം നൽകിയതെന്ന് രാജസ്ഥാനിലെ മന്ത്രിയായ മഹേഷ് ജോഷി പറഞ്ഞു. സഭാ നടപടികൾ പേപ്പർരഹിതമാക്കാനാണ് വിലയേറിയ ഐപാഡും ഐഫോണും തന്നെ തന്നതെന്നും മന്ത്രി സർക്കാർ നടപടിയെ ന്യായീകരിച്ചു.
ഹൈടെക് ആകാൻ സർക്കാർ തീരുമാനിച്ചതിനെ അഭിനന്ദിച്ചെങ്കിലും സാമ്പത്തിക പ്രയാസം നേരിടുമ്പോൾ ഇത്തരത്തിൽ തുക ചിലവഴിക്കുന്നതിനെ ബിജെപി എംഎൽഎ വാസുദേവ് ദേവ്‌നാനി വിമർശിച്ചു. 200 അംഗ നിയമസഭയിൽ 71 അംഗങ്ങളാണ് ബിജെപിക്കുളളത്.