
ഇഷ്ടങ്ങളുടെ പച്ചകുത്ത്. ശരീരം സുന്ദരമാക്കുന്നതിന്റെ കലാരൂപം. ഇത് ടാറ്റൂയിംഗ് കാലം. ഏറെ പ്രിയപ്പെട്ടവരോടുള്ള ഇഷ്ടം ടാറ്റുവായി ശരീരത്തിൽ പതിപ്പിക്കുന്നവരെയും ഏറ്റവും പ്രിയപ്പെട്ട ചില വാക്കുകളും ചിത്രങ്ങളും അടയാളപ്പെടുത്തുന്നുവരെയും എവിടെയും കാണാം. ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ കഴിയുന്നതിനാൽ ബോഡി ആർട്ട് വിഭാഗത്തിൽപ്പെടുത്തുന്ന ചിത്രകലയായും ടാറ്റു ചെയ്യുന്നവരുണ്ട്. ഒന്നിലധികം ടാറ്റു ചെയ്തിട്ടുണ്ടെങ്കിൽ ധൈര്യവും ഉന്മേഷവും പോസിറ്റീവ് ചിന്തയും കൂടുമെന്ന് പച്ചകുത്ത് പ്രണയക്കാർ. തന്റെ ടാറ്റുവിന്റെ കഥ പറഞ്ഞു ലെന.
നിറം പകർന്ന് ഇറ്റാലിയൻ
ആർട്ടിസ്റ്റ് റീക്കോ
ഇരുപത്തിമൂന്നു വർഷം മുൻപ് ഇടതു തോളിന് ഒരു കണ്ണിന്റെ ടാറ്റു ഒൗട്ട് ലൈൻ ആണ് ആദ്യമായി ചെയ്യുന്നത്. പൂർണമായി ചെയ്യാൻ കാശില്ലായിരുന്നു. അന്നു കോളേജിൽ പഠിക്കുന്ന സമയം. ഭാഗ്യത്തിന് അന്നു ഔട്ട്ലൈൻ മാത്രമേ ചെയ്യേണ്ടിവന്നുള്ളൂ. ടാറ്റു ആർട്ടിസ്റ്റിന്റെ മികവ് പ്രധാനമാണെന്നും എല്ലാവർക്കും ടാറ്റു ചെയ്യാൻ കഴിയുന്നില്ലെന്നും പിന്നീടാണ് അറിയുന്നത്.
റീക്കോ എന്ന ഇറ്റാലിയൻ ടാറ്റു ആർട്ടിസ്റ്റാണ് ഒൗട്ട് ലൈൻ പൂർത്തിയാക്കുന്നതും നിറം പകരുന്നതും. ഇപ്പോൾ കണ്ണിനു മഞ്ഞ, പച്ച, ചുവപ്പ് നിറം. ഒരു പ്രാവശ്യം ടാറ്റു ചെയ്താൽ പിന്നെ ഹരമായി മാറും. ഔട്ട്ലൈനു ശേഷം എന്റെ എല്ലാ ടാറ്റുവും വിദേശത്താണ് ചെയ്യുന്നത്.യൂറോപ്പും യു.കെയുമാണ് ടാറ്റുസിന്റെ പ്രിയ ഇടങ്ങൾ.അവിടെ ടാറ്റു ആർട്ടിസ്റ്റുകളിൽ അധികം പേരും പുരസ്കാര ജേതാക്കൾ. മഷിയുടെ നിലവാരം പ്രധാനപ്പെട്ടതാണ് . വലിയ ഒരു കലാരൂപം തന്നെയാണ് ടാറ്റൂയിംഗ്. എന്റെ ഇടതുകൈ ടാറ്റു ആഘോഷത്തിനു മാറ്റി. അഹം ബ്രഹ്മാസ്മി എന്ന് സംസ്കൃതത്തിൽ ആദ്യം പച്ചകുത്തി.ഞാൻ ബ്രഹ്മം ആകുന്നു എന്നു അർത്ഥം.പിന്നെ ബ്രഹ് മൈവ അഹം എന്നും. ബ്രഹ്മം തന്നെയാണ് ഞാൻ എന്നു അർത്ഥം. എന്റെ ജീവിതയാത്രയെ ടാറ്റുവിലൂടെ അടയാളപ്പെടുത്തുന്നു.ചിത്രശലഭമുണ്ട്. എല്ലാം കൂടി കോർത്തിണക്കുമ്പോൾ അർത്ഥം ഉണ്ടാവും.ഇതുവരെ സിനിമ കയറിയിട്ടില്ല.
ഇവാൻസിന് മുന്നിൽ
എട്ടര മണിക്കൂർ
മൂന്നു വർഷം മുൻപ് ഡിസംബറിൽ യു.കെയിലാണ് അവസാനം ടാറ്റു ചെയ്തത്.പ്രശസ്ത ടാറ്റു കലാകാരനും പുരസ്കാര ജേതാവുമായ ടോണി ഇവാൻസ് എട്ടര മണിക്കൂർ സമയം കൊണ്ടാണ് പൂർത്തീകരിച്ചത്. ഫൂട് പ്രിന്റ്സ് ഒാൺ വാട്ടർ സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴാണ് ടാറ്റൂയിംഗ് മാസങ്ങൾക്കു മുൻപ് ടോണി ഇവാൻസിന്റെ അപ്പോയ്മെന്റ് വാങ്ങിയിരുന്നു. ലോക്ഡൗൺ സമയമായതിനാൽ കുറെപ്പേർ അപ്പോയിൻമെന്റ് ഒഴിവാക്കിയപ്പോൾ എനിക്കു ലഭിച്ചു. ഇന്ത്യൻ റുപ്പി എൺപത്തി അയ്യായിരം രൂപ വേണ്ടിവന്നു.
എട്ടു ടാറ്റു, ലക്ഷങ്ങൾ
ശരീരത്തിൽ എട്ടു ടാറ്റുണ്ട്. കൈയിൽ മാത്രം അഞ്ച് . അഹം ബ്രഹ്മാസ്മി ചെയ്തത് സ്കോട്ലൻഡിൽ. അതിനു അൻപതിനായിരം രൂപ .
എനിക്ക് ഡയറി എഴുത്തുപോലെയാണ് ടാറ്റൂയിംഗ്. ചിത്രങ്ങളുടെ ഡയറി. ജീവിതത്തിന്റെ കഥ വർഷങ്ങളോളം വരച്ചു പൂർത്തിയാക്കുന്നു. ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ കഴിയുന്നു എന്നതാണ് ടാറ്റൂയിംഗിന്റെ പ്രത്യേകത. ജീവിതകാലം മുഴുവൻ ശരീരത്തു ഉണ്ടാവുമെന്ന ചിന്തയോടെ വേണം ടാറ്റു ചെയ്യാൻ. ലോകത്തു ഓർമ്മയുള്ള കാലം മുതൽ ആളുകൾ പച്ചകുത്തുണ്ട്. എന്നാണ് ടാറ്റൂയിംഗ് ആരംഭിച്ചതു എന്നു കണ്ടെത്താൻ കഴിയില്ല. എന്നാൽ ഇപ്പോൾ കൂടുതൽ പ്രചാരം ലഭിച്ചു. എല്ലാം ജീവനുള്ള ചിത്രങ്ങൾ.
അടുത്തത്
എംബ്രോഡറി
ന്യൂയോർക്കിലെ പ്രശസ്ത ടാറ്റു ആർട്ടിസ്റ്റ് കോസോവോയുടെ മുന്നിലായിരിക്കും എന്റെ അടുത്ത സിറ്റിംഗ്. ചെറിയ ടാറ്റുവിന്റെ ആള്. എന്നാൽ വ്യക്തമായതും ആഴമുള്ളതുമായ ചിത്രകലയാണ് കോസോവോയുടെ പ്രത്യേകത. അടുത്ത ന്യൂയോർക്ക് യാത്രയിൽ ഒൻപതാം ടാറ്റു പിറക്കും.
പുതിയ തരം മഷി എത്തുന്നു. ടാറ്റു എന്ന കലാരൂപം വളരുകയാണ്. സ്പെയിനിലെ ഡൂഡ ലൊസാനോ എന്ന ടാറ്റു ആർട്ടിസ്റ്റിന്റെ കരവിരുത് എംബ്രോഡറി വർക്കുപോലെയാണ്. കൈയിൽ എംബ്രോയിഡറിയുടെ കരവിരുത് തുന്നിച്ചേർത്തതുപോലെ തോന്നും. അതും ഒരു ആഗ്രഹമാണ്. പരമ്പരാഗതമായ ജാപ്പനീസ് ടാറ്റു ചെയ്യാൻ ആഗ്രഹമുണ്ട്. കൈ കൊണ്ടാണ് അവരുടെ പച്ചകുത്ത്. എന്റെ കൈയിൽ എപ്പോൾ അതു കയറുമെന്ന് അറിയില്ല.
ടാറ്റു' ഡോക്ടർ"
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ടാറ്റു ചെയ്തത് ഞാനായിരിക്കും.എനിക്ക് ടാറ്റൂസ് ഉണ്ടെന്ന് പലർക്കും അറിയില്ല. ടാറ്റു ചെയ്തത് അഭിനയിക്കുമ്പോൾ എങ്ങനെ മറയ്ക്കണമെന്നറിയാതെ മേക്കപ്പ് ഇട്ട് കഷ്ടപ്പെടുന്നവർക്ക് 'പരിഹാരം" പറഞ്ഞുകൊടുക്കും. മേക്കപ്പ് ടെക്നിക്കിൽ മറയ്ക്കാൻ കഴിയും. വർഷങ്ങളായി ടാറ്റൂയിംഗ് ചെയ്യുന്നതിനാൽ പഠിച്ച പാഠം. ജീവിതത്തിന്റെ കഥയുടെ ഏടുകൾ പൂർത്തിയാകുന്നതുവരെ ടാറ്റൂയിംഗ് തുടരും.