
ഇന്ത്യക്കാർ എല്ലായ്‌പ്പോഴും ജ്യോതിഷം(Astrology), ബോളിവുഡ്(Bollywood), ക്രിക്കറ്റ്(Cricket) എന്നിവയിൽ ആകൃഷ്ടരാണ്. ബോളിവുഡും ക്രിക്കറ്റും ആസ്വദിക്കാൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉണ്ട്. എന്നാൽ ഓൺലൈൻ ജ്യോതിഷത്തിന് പ്ലാറ്റ്‌ഫോമുകൾ ഇല്ലായിരുന്നു. ഇത് നികത്തിയിരിക്കുകയാണ് ആസ്‌ട്രോടോക്ക് എന്ന ജ്യോതിഷ കമ്പനി.
ലോകത്തിലെ ഏറ്റവും വലിയ ജ്യോതിഷ കമ്പനിയാണ് ആസ്‌ട്രോടോക്ക്. നാല് വർഷത്തിനുള്ളിൽ രണ്ട് കോടി ആളുകൾക്ക് സേവനം നൽകി. പ്രതിദിനം 41 ലക്ഷം രൂപയുടെ വരുമാനമാണ് ഈ കമ്പനിക്ക് ലഭിക്കുന്നത്. ഒരു ജ്യോതിഷിയുടെ പ്രവചനത്തിന്റെ ഫലമായിട്ടാണ് പുനീത് ഗുപ്ത എന്ന എഞ്ചിനിയർ ആസ്‌ട്രോടോക്ക് സ്ഥാപിച്ചത്. അതിനുപിന്നിൽ വലിയൊരു കഥയുമുണ്ട്.
മുംബയിലെ ഒരു ഐടി കമ്പനിയിൽ എഞ്ചിനിയർ ആയിരുന്നു പുനീത്. 2015ൽ സ്റ്റാർട്ടപ്പ് തുടങ്ങാൻ വേണ്ടി ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ എല്ലാവരെയും പോലെ ജോലി സുരക്ഷയെക്കുറിച്ച് അദ്ദേഹവും വളരെ ഉത്കണ്ഠാകുലനായിരുന്നു. ഈ പിരിമുറുക്കം ഒരു സഹപ്രവർത്തകയുടെ ശ്രദ്ധിൽപ്പെട്ടതാണ് ജീവിതം മാറ്റിമറിച്ചത്.
പുനിതിന്റെ ആശയക്കുഴപ്പത്തെക്കുറിച്ചറിഞ്ഞപ്പോൾ തനിക്ക് ജ്യോതിഷമറിയാമെന്നും സഹായിക്കാമെന്നും അവർ പറഞ്ഞു. അക്കാലത്ത് ജ്യോതിഷത്തിൽ വിശ്വസിക്കാത്ത പുനീത് തന്റെ സഹപ്രവർത്തകയെ പരിഹസിക്കുകയും അവളെപ്പോലുള്ള ഒരു വിദ്യാസമ്പന്നയ്ക്ക് ജ്യോതിഷത്തിൽ എങ്ങനെ വിശ്വസിക്കാൻ കഴിയുമെന്ന് ചോദിക്കുകയും ചെയ്തു.
എന്നാൽ സഹപ്രവർത്തകയ്ക്ക് തന്റെ ജ്യോതിഷ വൈദഗ്ധ്യത്തെക്കുറിച്ച് വളരെ ആത്മവിശ്വാസമുണ്ടായിരുന്നു. പുനീതിന്റെ ഭൂതകാലത്തെക്കുറിച്ച് എല്ലാം പറയാൻ കഴിയുമെന്ന് അവർ പറഞ്ഞു. അവളുടെ ആത്മവിശ്വാസം കണക്കിലെടുത്ത്, തനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലാത്തതിനാൽ ഒരു ശ്രമം നടത്താൻ അദ്ദേഹം സമ്മതിച്ചു.
സഹപ്രവർത്തക ഭൂതകാലത്തെക്കുറിച്ച് പറഞ്ഞെങ്കിലും, ഇത് മറ്റൊരോ പറഞ്ഞിട്ടായിരിക്കും നിങ്ങൾ അറിഞ്ഞതെന്നായിരുന്നു പുനീതിന്റെ മറുപടി. അവൾ ഭാവി പ്രവചിക്കുകയും ചെയ്തു. പുനീത് ഉടൻ സുഹൃത്തുമായി ചേർന്ന് ഒരു സ്റ്റാർട്ടപ്പ് തുടങ്ങും. എന്നാൽ സുഹൃത്ത് കാലുമാറുന്നതോടെ രണ്ട് വർഷത്തിനുള്ളിൽ അടച്ചുപൂട്ടുമെന്നുമായിരുന്നു പ്രവചനം.
തുടർന്ന് സഹപ്രവർത്തക മറ്റൊരു കാര്യം കൂടി പറഞ്ഞു. രണ്ട് വർഷത്തിനുശേഷം വളരെ വിജയകരമായിത്തീരുന്ന ഒരു സ്റ്റാർട്ടപ്പ് കൂടി തുടങ്ങുമെന്നായിരുന്നു അവർ പറഞ്ഞത്. ഇതൊന്നും പുനീത് വിശ്വസിച്ചില്ല. അയാൾ ജോലി രാജിവച്ച് സുഹൃത്തിനൊപ്പം സ്റ്റാർട്ടപ്പ് തുടങ്ങി.
രണ്ട് വർഷത്തിനിപ്പുറം സഹപ്രവർത്തക പറഞ്ഞതുപോലെ സംഭവിച്ചു. അപ്പോഴാണ് പുനീത് പ്രവചനത്തെക്കുറിച്ച് ഓർത്തത്. നമ്പർ തപ്പിപ്പിടിച്ച് ആ സ്ത്രീയെ ബന്ധപ്പെട്ടു, കാര്യങ്ങളെല്ലാം പറഞ്ഞു. ആത്മീയ മേഖലയുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും ചെയ്യണമെന്നും അത്തരം ഒരു ബിസിനസ് വിജയിക്കുമെന്നും അവർ മുൻസഹപ്രവർത്തകനോട് പറഞ്ഞു. അങ്ങനെയാണ് ആസ്‌ട്രോടോക്ക് ആരംഭിച്ചത്.
യഥാർത്ഥ ജ്യോതിഷികളെ നിയമിക്കുന്നതും, പുർണ്ണ സത്യസന്ധതയോടെ ബിസിനസ് ചെയ്യുന്നതുമാണ് തന്റെ വിജയ രഹസ്യമെന്നാണ് പുനീത് പറയുന്നത്. ആസ്‌ട്രോടോക്കിൽ, ഉപഭോക്താക്കൾക്ക് ജ്യോതിഷികളുമായി സ്വകാര്യമായി ചാറ്റ് ചെയ്യാനും സംസാരിക്കാനും കഴിയും. ഉപഭോക്താക്കളിൽ 90 ശതമാനവും 35 വയസിന് താഴെയുള്ളവരാണ്.