sreejith-panickar

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരള സർക്കാരും തമ്മിൽ വിവിധ വിഷയങ്ങളിൽ സ്വരച്ചേർച്ച പതിവാണ്. സംസ്ഥാനത്തിന്റെ പൊതുതാത്പര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായം പങ്കുവയ്ക്കുന്നതിൽ വിമുഖത തീരെയില്ലാത്ത വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് രാഷ്ട്രീയ നിരൂപകനായ ശ്രീജിത്ത് പണിക്കർ പറയുന്നു. ഏറ്റവും ഒടുവിലായി സംസ്ഥാന സർക്കാരിന്റെ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് രൂക്ഷവിമർശനവുമായി ഗവർണർ രംഗത്തെത്തിയത്.

ബില്ലുകൾ, നയങ്ങൾ, അഭിപ്രായങ്ങൾ എന്നിവ സംബന്ധിച്ച നിരവധി വാക്‌പോരുകൾക്കും സന്ധികൾക്കും ശേഷം രംഗമൊന്ന് ശാന്തമായപ്പോഴാണ് പുതിയ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുന്നത്. ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ പുതിയ അംഗത്തെ നിയമിക്കുന്നതിലെ രാഷ്ട്രീയപരമായ ആശങ്ക രേഖപ്പെടുത്താൻ പിണറായി സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറിയെ നിയോഗിച്ചു. എന്നാലിത് ഗവർണറെ കൂടുതൽ ചൊടിപ്പിക്കുകയാണ് ചെയ്തത്. നിയമനത്തിലെ അനുചിതത്തെക്കുറിച്ച് ഒരു സെക്രട്ടറി ഗവർണർക്ക് കത്തെഴുതുന്നത് അതിരുകടന്ന പ്രവർത്തി തന്നെയായിരുന്നു. സർക്കാരിന്റെ നടപടിയിൽ ആരിഫ് മുഹമ്മദ് ഖാൻ വിമർശനം ഉന്നയിച്ചതിന് പിന്നാലെ സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് നീക്കി സർക്കാർ അനുനയശ്രമം നടത്തി. എന്നാൽ ഗവർണർ ശ്രമങ്ങളിൽ വീണില്ല. അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കാനായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം. പിണറായി സർക്കാർ മന്ത്രിമാരുടെ പേഴ്‌‌സണൽ സ്റ്റാഫുകൾക്ക് നൽകിവരുന്ന പെൻഷൻ ആനുകൂല്യങ്ങളെക്കുറിച്ച് ഗവർണർ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു.

1994ലെ പേഴ്‌സണൽ സ്റ്റാഫ് സർവീസ് വേതന ചട്ടങ്ങളിൽ ഭേദഗതി വരുത്തി പുതുക്കിയ പെൻഷൻ പദ്ധതിയാണ് സംസ്ഥാന സർക്കാർ നടപ്പാനൊരുങ്ങുന്നത്. അടുത്ത മാസം മുതൽ മന്ത്രിമാരുടെ പേഴ്‌‌സണൽ സ്റ്റാഫുകൾക്ക് ഏറ്റവും കുറഞ്ഞ സർക്കാർ പെൻഷൻ തുക 3550 രൂപയാകും. പെൻഷൻ ലഭിക്കാൻ അർഹത നേടുന്നതിന് രണ്ട് വർഷത്തെ സേവനം പൂർത്തിയാക്കിയാൽ മതിയാകും. സർവീസിന് അനുസൃതമായി പെൻഷൻ തുക വർദ്ധിക്കുകയും ചെയ്യും. സർവീസ് മുപ്പത് വർഷം പിന്നിടുകയാണെങ്കിൽ ചട്ടപ്രകാരം പെൻഷൻ തുക മുഴുവനായും ലഭിക്കുകയും ചെയ്യും. കേന്ദ്രമന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണത്തേക്കാൾ ഇരട്ടിയാണ് കേരളത്തിലെ മന്ത്രിമാരുടെ സ്റ്റാഫുകളുടെ എണ്ണം. മന്ത്രിമാർക്ക് തങ്ങളുടെ പേഴ്‌‌സണൽ സ്റ്റാഫുകളെ പുനർനിയമനം നടത്താനുള്ള അധികാരമുണ്ട്. ഇതിന്റെ ഫലമായി അഞ്ച് വർഷത്തെ കാലയളവിൽ രണ്ട് നിയമനങ്ങൾ നടത്താൻ സാധിക്കും. രണ്ട് പേർക്കും പെൻഷൻ നേടാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു. മാത്രമല്ല ശമ്പള പരിഷ്കരണം നടപ്പാക്കുമ്പോൾ പെൻഷനിലും വ‌ർദ്ധനവുണ്ടാകുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടെ മുഖ്യമന്ത്രിയുടെ പേഴ്‌‌സണൽ സ്റ്റാഫിന്റെ ശമ്പളത്തിൽ 200 ശതമാനം വർദ്ധനവാണുണ്ടായത്. പെൻഷൻ അർഹത നേടാനുള്ള കുറഞ്ഞ സർവീസ് കാലയളവ് ഉയർത്തണമെന്ന ശമ്പളപരിഷ്കരണ കമ്മീഷൻ്റെ ശുപാർശ സർക്കാർ വകവച്ചതുമില്ല.

മന്ത്രിമാരുടെ പേഴ്‌‌സണൽ സ്റ്റാഫുകളുടെ പെൻഷൻ ആനുകൂല്യങ്ങളും സാധാരണ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ആനുകൂല്യങ്ങളുമായി താരതമ്യപ്പെടുത്തിയാൽ വലിയ വ്യത്യാസം തിരിച്ചറിയാൻ സാധിക്കും. കുറഞ്ഞത് പത്ത് വർഷത്തെ സർവീസ് പൂർത്തിയാക്കിയാൽ മാത്രമാണ് സാധാരണയായി സർക്കാർ ഉദ്യോഗസ്ഥർ പെൻഷന് അർഹത നേടുന്നത്. അതേസമയം മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലെ അംഗങ്ങളുടെ യോഗ്യത സംബന്ധിച്ച് സി എ ജി ഒഴികെ മറ്റാരും ഇതുവരെ ചർച്ച നടത്തിയിട്ടുമില്ല. മാത്രമല്ല സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പോലും വിരമിച്ച ശേഷം പെൻഷൻ ആനുകൂല്യങ്ങൾ കൃത്യസമയത്ത് ലഭിക്കാൻ ഏറെ ബുദ്ധിമുട്ടുന്ന സ്ഥിതിവിശേഷം നിലനിൽക്കെയാണ് പേഴ്സണൽ സ്റ്റാഫുകൾക്ക് ഇത്തരം ആനുകൂല്യങ്ങൾ സുഗമമായി ലഭിക്കുന്നത്.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ വളരെക്കാലമായി തകർച്ചയിലാണ്. സാമ്പത്തിക നിയന്ത്രണം അപകടത്തിലും. വലിയ നിക്ഷേപങ്ങളൊന്നും കേരളത്തിന് ലഭിക്കുന്നില്ല. വ്യവസായികൾ സംസ്ഥാനം വിടുന്നു. ചെറുകിട സംരംഭകർ പോലും ട്രേഡ് യൂണിയനുകളുടെ ഭീഷണിയിലാണ് ജീവിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിന്റെ നീതികരമല്ലാത്ത പെൻഷൻ പദ്ധതിയെക്കുറിച്ച് വിശകലനം ചെയ്യേണ്ടതുണ്ട്. പൊതുപണം കൊണ്ട് രാഷ്ട്രീയക്കാരെ തീറ്റിപോറ്റുന്നു. നിയമങ്ങൾ വളച്ചൊടിച്ച് നികുതിദായകരുടെ പണം കൊണ്ട് ജീവിക്കാൻ ഇത്തരക്കാർക്ക് അവരമൊരുക്കുന്നു. ഇത്തരം പെൻഷൻ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളും രാഷ്ട്രീയക്കാർ തന്നെയായതിനാൽ സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഗവർണർക്കെതിരെ തിരിഞ്ഞിരിക്കുന്നു. ജനങ്ങൾ എപ്പോഴും അവരെ സേവിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. പദ്ധതി വർഷങ്ങളായി പിന്തുടർന്ന് പോകുന്നതിനാൽ ഭേദഗതി വരുത്തേണ്ടതില്ലെന്നാണ് ഇരുപക്ഷങ്ങളുടെയും നിലപാട്. ഇത് കേരളത്തിലെ ജനങ്ങൾക്ക് ഒരു ബാധ്യതയാകുമെന്നതിൽ സംശയമില്ലെന്നും ശ്രീജിത്ത് പണിക്കർ വ്യക്തമാക്കുന്നു.