
റഷ്യയുമായുള്ള യുദ്ധത്തിൽ സ്വന്തം ജീവൻ ബലിയർപ്പിച്ച യുക്രെയിൻ സൈനികനെ ആദരിച്ച് ലോകം. മറൈൻ യൂണിറ്റിൽ നിന്നുള്ള വിറ്റാലി ഷകുൻ എന്ന സൈനികനാണ് നാടിന് വേണ്ടി സ്വയം പൊട്ടിത്തെറിച്ചത്. യുക്രെയിനിലെ കെർസണിലെ ഹെനിചെസ്‌ക് പാലത്തിലേക്ക് റഷ്യൻ സൈന്യം എത്തിയതോടെയാണ് ഷകുൻ രണ്ടാമതൊന്ന് ആലോചിക്കാതെ ആ തീരുമാനം കൈക്കൊണ്ടത്.
റഷ്യക്കാരെ എങ്ങനെയും തടയുക എന്നതായിരുന്നു അവന്റെയും അവന്റെ ടീമംഗങ്ങളുടെയും ലക്ഷ്യം. അതിന് ഒറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ, പാലം പൊട്ടിക്കുക. പക്ഷേ അപ്രതീക്ഷിതമായുള്ള റഷ്യൻ സൈന്യത്തിന്റെ നീക്കത്തെ തുടർന്ന് പാലത്തിൽ സുരക്ഷിതമായി സ്‌ഫോടനം നടത്താനുള്ള സമയം കിട്ടാതെ വന്നതോടെയാണ് പാലം തകർക്കാൻ യുക്രെയിൻ സൈന്യം തീരുമാനിച്ചത്.
കൂടെയുണ്ടായിരുന്നവരോട് പാലം പൊട്ടിക്കാൻ പോകുകയാണെന്നും നിങ്ങൾ പൊരുതണമെന്നും സന്ദേശം നൽകിയ ശേഷമായിരുന്നു അദ്ദേഹം സ്‌ഫോടനം നടത്തിയത്. ഷകുന്റെ ത്യാഗത്തിന്റെ കഥ യുക്രെയിനിലെ സായുധ സേനയുടെ ജനറൽ സ്റ്റാഫിന്റെ ഫേസ്ബുക്കിൽ പങ്കിട്ടതോടെയാണ് ലോകമെങ്ങും ഇക്കാര്യം അറിയുന്നത്. സഹപ്രവർത്തകൻ തീഗോളമായെങ്കിലും നാടിന് വേണ്ടി ത്യജിച്ച അവന്റെ ജീവന് മുന്നിൽ തളരാതെ പൊരുതാൻ ഷകുന്റെ ബറ്റാലിയൻ തീരുമാനിക്കുകയായിരുന്നു.
മരണത്തെ അഭിമുഖീകരിക്കമ്പോഴും യുക്രെയിൻ സൈനികർ ശത്രുവിന് മുന്നിൽ സങ്കൽപ്പിക്കാനാവാത്ത ധീരത കാണിക്കുന്നത് ഇത് ആദ്യ സംഭവമല്ല. റഷ്യൻ അധിനിവേശത്തിന്റെ ആദ്യ ദിവസമായ വ്യാഴാഴ്‌ച, കീഴടങ്ങാൻ വിസമ്മതിച്ചതിനെത്തുടർന്ന് കരിങ്കടലിലെ സ്‌നേക്ക് ഐലൻഡിൽ നിലയുറപ്പിച്ച 13 സൈനികരെയാണ് റഷ്യൻ സൈന്യം വധിച്ചത്.
അവരുടെ അവസാന നിമിഷങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് സൂചിപ്പിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് ഇപ്പോൾ വൈറലായിട്ടുണ്ട്. ' ഇതൊരു റഷ്യൻ യുദ്ധക്കപ്പലാണ്. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങാൻ നിർദ്ദേശിക്കുന്നു, അല്ലെങ്കിൽ നിങ്ങളെ ബോംബെറിയും" എന്നാണ് റഷ്യൻ സൈനികൻ പറയുന്നത്.
എന്നാൽ ഇതിന് തിരിച്ച് യുക്രെയിൻ സൈനികൻ നൽകി മറുപടി, ഞങ്ങൾ കീഴടങ്ങില്ല എന്നായിരുന്നു. പക്ഷേ, നിമിഷങ്ങൾക്കം വലിയ സ്‌ഫോടന ശബ്ദമായിരുന്നു കേട്ടത്. അതേസമയം, ജീവൻ വെടിഞ്ഞ യുക്രെയിൻ സൈനികരുടെ സേവനത്തെ അംഗീകരിക്കുന്നതായും പരമോന്നത ബഹുമതിയായ ഹീറോ ഒഫ് യുക്രെയിൻ മെഡൽ നൽകി അവരെ ആദരിക്കുമെന്ന് പ്രസിഡന്റ് വ്ലോഡിമർ സെലെൻസ്‌കി പറഞ്ഞു.