
മലയാളസിനിമയിൽ അരനൂറ്റാണ്ടിലേറെ നിറഞ്ഞുനിന്ന അതുല്യ പ്രതിഭയാണ് കെ.പി.എ.സി ലളിത. അരങ്ങൊഴിഞ്ഞ് കെ.പി.എ.സി ലളിത യാത്രയാകുമ്പോൾ മറ്രൊരാളെ പ്രതിഷ്ഠിക്കാൻ കഴിയാതെ ആ സ്ഥാനം എന്നും നിലനിൽക്കും. അഭിനയിക്കുകയായിരുന്നില്ല ലളിത, ജീവിക്കുകയായിരുന്നു. പ്രേക്ഷകർക്ക് മുന്നിലെത്തിയ ഓരോ കഥാപാത്രവും അത്രയേറെ ആഴത്തിലാണ് ജനമനസുകളിൽ പതിഞ്ഞത്. അഭിനയത്തിലൂടെ അരനൂറ്റാണ്ടുകാലം പകരം വയ്ക്കാനാകാത്ത 550 ൽപ്പരം വേഷങ്ങൾ ചെയ്ത ലളിത ജീവിക്കാൻ വേണ്ടിയായിരുന്നില്ല അഭിനയിച്ചത്, മറിച്ച് അഭിനയിക്കാൻ വേണ്ടിയാണ് ജീവിച്ചത്. അഭിനയത്തോടുള്ളഅടങ്ങാത്ത അഭിനിവേശമാണ് അവസാന നാളുകളിലും അവരെ അഭിനയിക്കാൻ പ്രേരിപ്പിച്ചത്. 
മഹേശ്വരിയിൽ നിന്നും ലളിതയിലേക്ക്
കായംകുളം രാമപുരത്ത് കടയ്ക്കൽ തറയിൽ അനന്തൻ നായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947 മാർച്ച് 10 ന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. മഹേശ്വരി എന്നായിരുന്നു യഥാർത്ഥ പേര്. ചെങ്ങന്നൂർ അമ്പലത്തിൽ മാതാപിതാക്കൾ ഭജനമിരുന്ന് ലഭിച്ച കുട്ടിയായതു കൊണ്ടാണ് മഹേശ്വരിയെന്ന് പേരിട്ടത്. കുട്ടിക്കാലം മുതൽക്കേ കലാപരമായ വാസനയോടെയാണ് കുഞ്ഞു മഹേശ്വരി വളർന്നത്. നൃത്തത്തിലായിരുന്നു കൂടുതൽ താത്പര്യം. രാമപുരത്തെ സ്കൂളിൽവച്ച് 'പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളേ' എന്ന വിപ്ലവഗാനത്തിന് ചുവടുവച്ചായിരുന്നു ആദ്യം നൃത്തം ചെയ്തത്. തന്റെ പത്താംവയസിൽ ചങ്ങനാശേരി ഗീഥ നാടക സമിതിയുടെ 'ബലി' എന്ന നാടകത്തിലൂടെ അരങ്ങിലെത്തി. നാടകങ്ങളിലെത്തിയപ്പോഴാണ് മഹേശ്വരി ലളിതയായത്. അങ്ങനെ മഹേശ്വരി കെ.പി.എ.സി ലളിതയായി. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടകവേദികളിൽ കെ.പി.എ.സി ലളിത ശ്രദ്ധ പിടിച്ചുപറ്റി. ലളിതയെ അഭിനയിപ്പിക്കാൻ വിടുന്നതിൽ ആദ്യം വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നെങ്കിലും നൃത്തം ചെയ്യാൻ മാത്രം ഗീഥയിൽ വന്നാൽ മതിയെന്ന് പറഞ്ഞതോടെയാണ് സമ്മതിച്ചത്. വീട്ടുകാർ കരുതിയിരുന്നില്ല, സമാനതകളില്ലാത്ത പ്രതിഭയാണ് തങ്ങളുടെ മകളുടെയുള്ളിൽ ഒളിഞ്ഞിരിക്കുന്നതെന്ന്.

വേദനകൾ മറക്കാനായി സിനിമ
തോപ്പിൽഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969 ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ, അതിലൂടെയാണ് കെ.പി.എ.സി ലളിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകൽ, വാഴ്‌വേ മായം, ത്രിവേണി, അനുഭവങ്ങൾ പാളിച്ചകൾ, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യൻ മാഷ്, പ്രേം നസീർ തുടങ്ങിയവർക്കൊപ്പം ഒട്ടനവധി ചിത്രങ്ങൾ ചെയ്തു. കൂടുതലും സഹനായിക വേഷങ്ങളിലൂടെയാണ് ലളിത തിളങ്ങിയത്. ഞൊടിയിടയിലുള്ള ഭാവമാറ്റങ്ങളാണ് അവരെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാക്കിയത്. എത്ര അനായാസമായാണ് ലളിതയുടെ മുഖത്ത് ഭാവങ്ങൾ മിന്നിമായുന്നത്. അമരത്തിലെ ഭാർഗവി, വെങ്കലത്തിലെ കുഞ്ഞിപ്പെണ്ണ്, സ്ഫടികത്തിലെ മേരി, കനൽക്കാറ്റിലെ ഒാമന, മുഖമുദ്രയിലെ കൊച്ചു ത്രേസ്യ, വിയ്റ്റ്നാം കോളനിയിലെ പട്ടാളം മാധവി, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മനസിനക്കരയിലെ കൊച്ചുമരിയ, പവിത്രത്തിലെ പുഞ്ചിരി, മണിച്ചിത്രത്താഴിലെ ഭാസുര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലെ കൗസല്യ, മാടമ്പിയിലെ സ്നേഹനിധിയായ അമ്മ, ഇവയെല്ലാം ലളിതയുടെ കൈകളിൽ മാത്രം ഭദ്രമായിരിക്കുന്ന ചുരുക്കം ചില കഥാപാത്രങ്ങൾ. ഈ കഥാപാത്രങ്ങളിൽ ജീവിക്കുകായിരുന്നുവെന്ന് ചോദിച്ചാൽ മറുപടി ഇങ്ങനെയാകും, 'എന്നിലെ വേദനകൾ കഥാപാത്രങ്ങളിലൂടെയാണ് മറക്കുക. അപ്പോൾ ജീവിതമാകും." 
1978 കെ.പി.എ.സി ലളിത സംവിധായകൻ ഭരതനെ തന്റെ ജീവിത പങ്കാളിയാക്കുന്നത്. സിനിമയിൽ കലാസംവിധാനരംഗത്തായിരുന്നു ഭരതന്‍ ആദ്യം അരങ്ങേറ്റം കുറിച്ചത്. മാധവിക്കുട്ടി, ചക്രവാകം, നീലകണ്ണുകൾ തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോഴുണ്ടായ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹശേഷം ഭരതന്റെ മിക്ക ചിത്രങ്ങളിലും ലളിത പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഭരതന്റെ സിനിമയുടെ അരങ്ങത്തില്ലെങ്കിൽ അണിയറയിൽ ലളിതയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ലളിതയ്ക്ക് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ച അമരം, ആരവം, വെങ്കലം തുടങ്ങിയ ചിത്രങ്ങളെല്ലാം ഭരതന്റെ സൃഷ്ടിയാണ്. 1998 ലായിരുന്നു ഭരതന്റെ വിയോഗം. അതിനുശേഷം കുറച്ചുനാൾ സിനിമയിൽ നിന്നും ഇടവേളയെടുത്ത ലളിത, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ വീണ്ടും സജീവമായി. നടനും സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ധാർത്ഥ് ഭരതനും ശ്രീക്കുട്ടി ഭരതനുമാണ് മക്കൾ.

ശബ്ദവിന്യാസത്തിലെ മികവ്
കെ.പി.എ.സി ലളിതയുടെ സംഭാഷണചാതുരിയാണ് മറ്റൊരു സവിശേഷത. ലളിതയുടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമേതാണെന്ന ചോദ്യത്തിന് പലരുടെയും മറുപടി അടൂർ ഗോപാലകൃഷ്ണന്റെ മതിലുകൾ എന്ന ചിത്രത്തിലെ നാരായണി എന്നായിരിക്കും. മുഖം പോലും കാണിക്കാതെ ശബ്ദം കൊണ്ടുമാത്രം എന്നും ഉള്ളിൽ തങ്ങിനിൽക്കുന്ന നാരായണി. വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ എന്ന നോവലിലെ പ്രശസ്ത കഥാപാത്രമായ നാരായണിയെ ശബ്ദത്തിന്റെ സാന്നിദ്ധ്യം കൊണ്ടുമാത്രം ഇത്രയും മികച്ച രീതിയിൽ അവതരിപ്പിക്കാൻ മറ്രാർക്കാണ് സാധിക്കുക? മമ്മൂട്ടി അവതരിപ്പിച്ച ബഷീർ എന്ന കഥാപാത്രത്തോട് കിടപിടിക്കാൻ ലളിതയുടെ ശബ്ദം കൊണ്ടുമാത്രം സാദ്ധ്യമായി. നാരായണിയുടെ പ്രണയത്തോടെയുള്ള സല്ലാപവും ഇടയ്ക്കിടെയുള്ള സങ്കടവും ചിരിയും പരിഭവവും ആ ശബ്ദത്തിലൂടെ പ്രേക്ഷകരുടെ വികാരങ്ങളെ ഉണർത്തുന്നതിൽ അവർ വിജയിച്ചിരുന്നു. ആ ശബ്ദത്തിലൂടെ വനിത ജയിലിനുള്ളിൽ ആസ്വാദകരെത്തി. പരസ്പരം ഒരുനോക്ക് കാണാനാകാതെ ഇരുവരും പിരിയുമ്പോൾ എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയത് അദൃശ്യയായി നിൽക്കുന്ന നാരായണി അനുഭവിക്കാൻ പോകുന്ന നോവായിരിക്കാം. അത്രത്തോളം വൈകാരികമായ അടുപ്പം നാരായണിയോട് എല്ലാവർക്കുമുണ്ടായി.
ഇനി ഭീഷ്മപർവ്വവും ഒരുത്തീയും
അഞ്ഞൂറ്റിയമ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ച കെ.പി.എ.സി ലളിത മമ്മൂട്ടിയുടെ ഭീഷ്മപർവ്വം, നവ്യ നായരുടെ ഒരുത്തീ എന്നീ ചിത്രങ്ങളിലാണ് അവസാനം അഭിനയിച്ചത്. ഇരുചിത്രങ്ങളും റിലീസിന് ഒരുങ്ങുകയാണ്. ഭീഷ്മപർവത്തിൽ കാർത്യായനിയമ്മ എന്ന കഥാപാത്രത്തെയാണ്  ലളിത അവതരിപ്പിക്കുന്നത്. ഒരുത്തീയിൽ നവ്യനായരുടെ അമ്മയുടെ വേഷവും.
ദേശീയ പുരസ്കാരം
(മികച്ച സഹനടി)
അമരം (1990)
ശാന്തം (2000)
സംസ്ഥാന പുരസ്കാരം
(മികച്ച രണ്ടാമത്തെ നടി)
നീല പൊൻമാൻ (1975)
ആരവം (1978)
അമരം (1990)
കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം (1991)