
കോയമ്പത്തൂർ: ഇഷ ഫൗണ്ടേഷൻ കോയമ്പത്തൂർ ആസ്ഥാനം മഹാശിവരാത്രിക്കൊരുങ്ങുന്നു. ഒരു രാത്രി നീളുന്ന ആഘോഷപരിപാടികൾ, ശിവരാത്രി ദിനം വൈകിട്ട് ആറു മണിക്ക് ആരംഭിച്ച് പിറ്റേന്ന് രാവിലെ ആറിന് സമാപിക്കും. സദ്ഗുരുവിന്റെ സാന്നിദ്ധ്യത്തിൽ നടക്കുന്ന പരിപാടികൾ ഇഷ ഫൗണ്ടേഷന്റെ യൂട്യൂബ് ചാനലിലും ഇംഗ്ളീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി ഭാഷകളിലെ പ്രമുഖ ടെലിവിഷൻ ചാനലുകളിലും പ്രാദേശികഭാഷകളിലും തത്സമയം ഉണ്ടായിരിക്കും. ഇഷ ആസ്ഥാനത്ത് നടക്കുന്ന മഹാശിവരാത്രി ആഘോഷങ്ങൾ കൗമുദി ടിവി മാർച്ച് ഒന്നിന് രാത്രി 9.30 മുതൽ പുലർച്ചെ ആറ് വരെ തത്സമയം സംപ്രേഷണം ചെയ്യും.
കൊവിഡ് പശ്ചാത്തലത്തിൽ പരിപാടി നടക്കുന്നിടത്തേക്കുള്ള പ്രവേശനം പാസ് മുഖേനയായിരിക്കും. ഇഷ ഫൗണ്ടേഷന്റെ യൂട്യൂബ് ചാനലിലൂടെ 16 ഭാഷകളിലും തത്സമയ സംപ്രേഷണം ലഭ്യമാണ്. ഉത്സവത്തിൽ നേരിട്ട് പങ്കെടുക്കുന്നവർ, സർക്കാർ മാർഗനിർദ്ദേശങ്ങൾക്ക് പുറമേ വൈദ്യപരിശോധന, സാമൂഹികാകലം, മാസ്ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗം എന്നിവയും പാലിക്കേണ്ടതുണ്ട്. ധ്യാനലിംഗത്തിൽ നടക്കുന്ന പഞ്ചഭൂതാരാധനയോടെ പരിപാടികൾക്ക് തുടക്കമാവും. തുടർന്ന് ലിംഗഭൈരവി മഹായാത്ര, സദ്ഗുരുവിന്റെ സത്സംഗം, അർദ്ധരാത്രി ധ്യാനങ്ങൾ, ആദിയോഗി ദിവ്യദർശനം എന്നിവയുമുണ്ടായിരിക്കും.
പാപോൺ, മാസ്റ്റർ സലീം,ഹൻസ് രാജ് രഘുവംശി, സീൻ റോൾഡൻ, മംഗ്ലീ തുടങ്ങി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള മഹാകലാകാരന്മാർ സംഗീതവിരുന്നൊരുക്കും. ഇഷയുടെ സംഗീത വിഭാഗമായ സൗണ്ട്സ് ഒഫ് ഇഷയുടെ സംഗീതവും ഇഷ സംസ്കൃതിയുടെ നൃത്തങ്ങളും ഉണ്ടായിരിക്കും.
വർഷത്തിലെ ഏറ്റവും ആത്മീയ പ്രാധാന്യമുള്ള ദിവസങ്ങളിലൊന്നിൽ ഗുരുവിന്റെ കൃപയുടെ സമൃദ്ധിയിൽ മുഴുകാൻ അവസരം നൽകുന്ന പരിപാടിയാണ് മഹാശിവരാത്രിയിലെ 'ഇൻ ദ ഗ്രേസ് ഒഫ് യോഗ'(യോഗയുടെ അനുഗ്രഹവലയത്തിൽ). യോഗയുടെ അന്തഃസത്ത അനാവരണം ചെയ്യുന്ന പരിപാടിയിൽ സദ്ഗുരുവിനോടൊപ്പം പങ്കുചേരാം. പരിപാടി അഞ്ച് വ്യത്യസ്ത സമയ മേഖലകളിലായി ഒമ്പത് ഭാഷകളിൽ ഓൺലൈനിലൂടെ സമർപ്പിക്കും.
മഹാശിവരാത്രി പരിപാടികളിൽ നേരിട്ടോ ഓൺലൈനായോ പങ്കെടുക്കുന്ന എല്ലാവർക്കും മഹാശിവരാത്രിക്ക് സദ്ഗുരു പവിത്രീകരിച്ച രുദ്രാക്ഷം ലഭിക്കാൻ അവസരമുണ്ട്. ആദിയോഗിയുടെ കൃപ നേടാനുള്ള ശക്തമായ ഉപകരണമായ അമ്പത് ലക്ഷത്തിലേറെ പവിത്രീകരിച്ച രുദ്രാക്ഷമണികൾ ഭാരതത്തിലെമ്പാടും സൗജന്യമായി വിതരണം ചെയ്യും.
മഹാശിവരാത്രി ആഘോഷത്തിന് ശേഷം മാർച്ച് എട്ട് വരെ ആത്മീയ - സാംസ്കാരിക പരിപാടികളുണ്ടായിരിക്കും. ഇഷയുടെ യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യപ്പെടുന്ന ശിവഭക്തി മന്ത്രജപം, ലളിതവും ശക്തവുമായ ഉപ യോഗ, മാർച്ച്
2, 3, 4 തീയതികളായി നടക്കുന്ന യക്ഷ എന്ന നൃത്ത, സംഗീതപരിപാടികൾ തുടങ്ങിയവ പ്രത്യേക ആകർഷണങ്ങളായിരിക്കും. ശിവരാത്രിക്കും തുടർന്നുള്ള ഏഴ് രാത്രികളിലും സന്ദർശകർക്കുള്ള ഭക്ഷണം സന്നദ്ധസേവകർ പാകം ചെയ്ത് വിതരണം ചെയ്യും.